
ബൂമറയുമായി അനുപമയുടെ വിവാഹം എന്നത് വ്യാജവാർത്തയോ? സ്ഥിരീകരണവുമായി അനുപമയുടെ അമ്മ
പ്രേമത്തിലൂടെ തെന്നിന്ത്യന്‍ സിനിമയുടെ ഹരമായി മാറിയ നായികമാരിൽ ഒരാളാണ് അനുപമ പരമേശ്വരന്‍. ചുരുണ്ട മുടിയിഴകളും വിടര്‍ന്ന കണ്ണുകളുമായെത്തിയ താര സുന്ദരിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പ്രേമത്തിലെ മേരി ആയെത്തി ചെറുപ്പക്കാരെയെല്ലാം ആലുവപ്പുഴയുടെ തീരത്തെത്തിച്ച കണ്ണഴകിയാണ് അനുപമ പരമശ്വരൻ. പ്രേമത്തിന് പിന്നാലെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി തിളങ്ങിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലൂടെയാണ് നടി വീണ്ടും മലയാളത്തില്‍ സജീവമായത്.

സിനിമാതിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരം തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെക്കാറുണ്ട്. ഈയിടെ താരം അഭിനയിച്ച ഒരു മലയാള ഷോർട് ഫിലിം വിവിധ വിവാദങ്ങൾക്ക് വഴി ഒരുക്കിയിരുന്നു. ഇതിനു പിറകെ അനുപമയെ പറ്റിയുള്ള മറ്റൊരു അഭ്യൂഹവും സോഷ്യൽ മീഡിയയിൽ അരങ്ങു വാഴുകയാണ്. ക്രിക്കറ്റ് താരമായ ബുമ്രയുമായി അനുപമ പ്രണയത്തിലാണെന്നും, വിവാഹിതയാവാന്‍ പോവുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വൈറലായി മാറിയത്.

എന്നാൽ ഇപ്പോൾ ഇതിൽ പ്രതികരണവുമായി നടിയുടെ അമ്മ സുനിത പരമശ്വരൻ. അനുപമയും ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയും പ്രണയത്തിലാണോയെന്ന ചര്‍ച്ചകള്‍ നേരത്തെയും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയിരുന്നു. ബുമ്ര ഫോളോ ചെയ്യുന്ന ഒരേയൊരു തെന്നിന്ത്യന്‍ താരമെന്നായിരുന്നു അനുപമയെ വിശേഷിപ്പിച്ചത്. ഇതിന് ശേഷമായാണ് ഇരുവരും സുഹൃത്തുക്കളാണെന്നും ആ ബന്ധം പ്രണയത്തിലേക്ക് വഴിമാറിയെന്ന കഥകളുമൊക്കെ പ്രചരിച്ചത്. അദ്ദേഹത്തോട് ആരാധനയുണ്ട്. അങ്ങനെയാണ് ഫോളോ ചെയ്തതെന്നായിരുന്നു അനുപമ പറഞ്ഞിരുന്നത് .

ഇരുവരും വിവാഹിതരാവുകയാണെന്ന പ്രചാരണം ശക്തമായതോടെയാണ് അമ്മ സുനിത പരമേശ്വരന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. അമ്മയുടെ വാക്കുകൾ ഇങ്ങനെ, ബുമ്രയുമായി മറ്റൊരു തരത്തിലുള്ള ബന്ധവുമില്ല. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ട്. അത് ഇഷ്ടപ്പെടാത്തവരാണ് ഇത്തരത്തിലുള്ള കഥകള്‍ക്ക് പിന്നില്‍. ഇങ്ങനെയുള്ള പ്രചാരണങ്ങള്‍ വന്നതോടെ ഇരുവരും അണ്‍ഫോളോ ചെയ്‌തെന്നാണ് തോന്നുന്നത്. ഇപ്പോഴത്തെ വ്യാജ പ്രചാരണവും തമാശയായാണ് കാണുന്നത്. അനുപമയുടെ വിവാഹം നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞതല്ലേയെന്നും സുനിത ചോദിക്കുന്നു.

മകളെക്കുറിച്ച് എല്ലാവരും മറന്നുവെന്ന് തോന്നുമ്പോഴാണ് ഇത്തരത്തിലുള്ള കഥകള്‍ വരുന്നത്. അനുപമയും ബുമ്രയും പരിചയക്കാരാണ്. അനുപമയുടെ അച്ഛനും ക്രിക്കറ്റ് പ്രേമിയാണ്. ഒരിക്കല്‍ ഷൂട്ടിങ്ങിനായി പോയപ്പോഴാണ് അവര്‍ ബുമ്രയെ പരിചയപ്പെട്ടത്. അതേ ഹോട്ടലിലായിരുന്നു ബുമ്രയും താമസിച്ചിരുന്നത്.ആളുകള്‍ ഇപ്പോള്‍ ഇങ്ങനെയൊരു കഥ ഇറക്കുന്നതിന് പിന്നിലെ കാരണം മനസ്സിലാവുന്നില്ല. തമാശയായി മാത്രമേ ഈ സംഭവത്തെ കാണുന്നുള്ളൂവെന്നുമായിരുന്നു അനുപമയുടെ അമ്മയുടെ പ്രതികരണം.

ഇത്തരമൊരു വിവാദത്തിന് വഴിവെച്ചത് കഴിഞ്ഞ ദിവസം വന്ന അനുപമയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. രാജ്കോട്ടിലേക്ക് പോവുകയാണെന്നാണ് മാസ്ക് വെച്ചിരിക്കുന്ന ചിത്രത്തോടൊപ്പം താരം കുറിച്ചിരിക്കുന്നത്. ബുംറയുടെ നാട് രാജ്കോട്ടാണ്. ഈ ആഴ്ച ഇവരുടെ വിവാഹം നടക്കുമെന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ സോഷ്യൽ മീഡിയയിലുള്‍പ്പെടെ പ്രചരിച്ചത്. കാര്‍ത്തികേയ 2 എന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ തിരക്കുകളിലാണ് അനുപമ. ഈ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിന് വേണ്ടിയാണ് രാജ്‌കോട്ടിലേക്ക് പോയത്. രാവിലെ താരത്തിന്റെ അമ്മ വിളിച്ചപ്പോള്‍ മേക്കപ്പ് ചെയ്യുകയാണെന്നായിരുന്നു പറഞ്ഞത്.

തെലുങ്കിൽ സജീവമാണ് താരം ഇപ്പോൾ . ‘പ്രേമ’ത്തിന്‍റെ തെലുങ്ക് പതിപ്പും തുടര്‍ന്നിറങ്ങിയ ‘അ ആ’യും ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായ ‘ശതമാനം ഭവതി’, കൃഷ്ണാർജ്ജുന യുദ്ധം, തേജ് ഐ ലവ് യു, രാക്ഷസുഡുവുമൊക്കെ തെലുങ്കിൽ അനുപമയെ ശ്രദ്ധേയയാക്കി. തമിഴിൽ ധനുഷിനൊപ്പം ‘കൊടി’യിലും അഭിനയിച്ചു. കന്നഡയിലും സജീവമാണ്. മലയാളത്തിൽ ജോമോന്‍റെ സുവിശേഷങ്ങളിലും മണിയറയിലെ അശോകനിലും ഹ്രസ്വ ചിത്രം ഫ്രീഡം അറ്റ് മിഡ്നൈറ്റിലും അനുപമയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. കുറിപ്പ് എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്.