പൊന്നും പുടവയുമായി കല്യാണം ഇപ്പോള്‍ ഫ്‌ളാറ്റ് വരെ; ആക്ഷേപിച്ച ബന്ധുക്കള്‍ക്കുള്ള ഇവളുടെ ചുട്ട മറുപടി

ഇത് മിഥില മുകുന്ദ്. സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന മിടുക്കി പെണ്ണ്. താങ്ങാകാനും തണലാകാനും ആരും ഇല്ലാതിരുന്ന അവൾ ഒറ്റക്ക് സ്വന്തം കല്യാണം നടത്തിയ കഥ കേട്ടാൽ ആരും ഒന്ന് എഴുന്നേറ്റ് നിന്ന് കയ്യടിച്ചു പോകും. പതിമൂന്നാമത്തെ വയസ്സിൽ ആണ് മിഥിലയുടെ അച്ഛൻ മരിക്കുന്നതു. ഇന്നത്തേത് പോലെ ആയിരുന്നില്ല അച്ഛൻ ഉണ്ടായിരുന്നപ്പോൾ. മിഥിലയുടെ അച്ഛൻ ഒരു കോൺട്രാക്റ്റർ ആയിരുന്നു അത്യാവശ്യം കാശൊക്കെ കയ്യിൽ ഉണ്ടായിരുന്നു. ഉണ്ണാനും ഉടുക്കാനും ഒക്കെ ആവോളം ഉണ്ടായിരുന്ന കാലം.

അച്ഛനും അമ്മ സൂരജയും പ്രണയിച്ചു വിവാഹം കഴിച്ചവർ ആയിരുന്നു. ആദ്യം ബന്ധുക്കൾക്ക് ഒക്കെ പിണക്കം ആയിരുന്നെങ്കിലും പിന്നീട് എല്ലാവരുമായി നല്ല അടുപ്പമായി. അങ്ങനെ ആ കുടുംബം സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടിട്ട് ദൈവത്തിനു പോലും അസൂയ തോന്നിയിട്ടുണ്ടാകും. ആറാട്ടുപുഴയിലെ വീടിനടുത്തുള്ള ഒരു അമ്പലത്തിലെ ഉത്സവം ആയിരുന്നു അന്ന്. അച്ഛൻ അനിയത്തിയേയും കൂട്ടി ഉത്സവം കാണാൻ പോയിട്ട് തിരികെ വരുന്ന വഴി പണി നടന്നു കൊണ്ട് ഇരിക്കുകയായിരുന്ന കിണറ്റിലേക്ക് വീണു.

കിണറിലെ റിങ്ങിൽ തല ഇടിച്ച അച്ഛനെയും കൊണ്ട് ആശുപത്രിയിലേക്ക് ഓടുമ്പോഴും അച്ഛൻ തിരിച്ചു വരും എന്ന് ആ കുടുമ്പത്തിന് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷെ അതുണ്ടായില്ല അച്ഛൻ അവരെ തനിച്ചാക്കി എന്നന്നേക്കുമായി അവരെ വിട്ടു പോയി. അച്ഛൻ മരണത്തോട് മല്ലിടുന്ന ആ സമയത്താണ് നമുക്ക് നമ്മളേ ഉണ്ടാകൂ എന്ന് ഞാൻ തിരിച്ചറിയുന്നത് എന്ന് മിഥില പറയുന്നു. ആശുപത്രിയിൽ ബില്ല് ആര് അടക്കും എന്ന ഘട്ടത്തിൽ മുഖത്തോട് മുഖം നോക്കി നിന്ന ബന്ധുക്കളെ അവൾ ഇപ്പോഴും ഓർക്കുന്നു.

അത് അവൾക്കൊരു തിരിച്ചറിവായിരുന്നു. നമുക്ക് നമ്മളേ കാണൂ എന്ന വലിയ തിരിച്ചറിവ്. സ്‌നേഹം നടിച്ചവരേയും ജീവിതത്തില്‍ അഭിനയിക്കുന്നവരേയും അന്ന് ആ പതിമൂന്നുകാരി കണ്ടു. അച്ഛൻ പോയി നാല്പത്തിയൊന്നു ദിവസം വരെ ആ കുടുംബത്തിന് എല്ലാരും ഉണ്ടായിരുന്നു. പതിമൂന്ന് വയസുള്ള മിഥിലയെയും അഞ്ചു വയസുള്ള അനിയത്തിയേയും ബന്ധുക്കൾ മാറിമാറി സ്നേഹിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. എന്നാൽ പതിയെ പതിയെ എല്ലാരും പോയി. ആ വലിയ വീട്ടിൽ ആ അമ്മയും രണ്ടു മക്കളും ഒറ്റക്കായി.

അമ്മ നഴ്‌സ് ആയിരുന്നെങ്കിലും അച്ഛൻ ജോലിക്ക് വിട്ടിരുന്നില്ല. കുടുംബക്കാർ എല്ലാവരും കൂടി ആലോചിച്ചു ഞങ്ങളുടെ സംരക്ഷണ ചുമതല വല്യച്ഛന്റെ മകനെ ഏല്പിച്ചു. എന്നാൽ അത് ഉപകാരത്തെക്കാൾ ഏറെ ഉപദ്രവം ആയിരുന്നു എന്ന് മിഥില പറയുന്നു. ഒരിക്കൽ അയാൾ അമ്മയുടെ നേരെ കയ്യോങ്ങിയ അവസ്ഥ വന്നപ്പോൾ അയാളെ വീട്ടിൽ നിന്നും പുറത്താക്കി. ഇനി ഞങ്ങളുടെ കാര്യം ഞങ്ങൾ നോക്കാം എന്ന് ആ കുടുംബം അന്നത്തെ ദിവസം ഒരു തീരുമാനം എടുത്തു.

പിന്നെ അങ്ങോട്ട് ജീവിക്കാനുള്ള ഒരു പോരാട്ടം ആയിരുന്നു. സ്വർണ്ണ പണി എന്തെന്ന് പോലും അറിയാത്ത ‘അമ്മ ഞങ്ങളുടെ വിശപ്പ് മാറ്റാൻ അടുത്ത ഒരു വീട്ടിൽ സ്വർണ്ണപ്പണിക്ക് പോയി തുടങ്ങി. അവിടുന്ന് കിട്ടിയ ശമ്പളവും കയ്യിൽ ഉണ്ടായിരുന്ന കുറച്ചു കാശും വെച്ചാണ് ‘അമ്മ ഞങ്ങളെ പഠിപ്പിച്ചത്. ടിടിസി കഴിഞ്ഞു ബിഎ’ക്ക് ചേർന്നപ്പോൾ ട്യൂഷൻ എടുക്കാൻ തുടങ്ങി. അങ്ങനെ പോകുമ്പോഴാണ് ബന്ധുക്കൾ കല്യാണം നടത്താൻ തിടുക്കം കൂട്ടുന്നത്. അവിടെയൊക്കെ പഠിക്കണം എന്ന് പറഞ്ഞു ഒഴിഞ്ഞു.

ഒരു സുഹൃത്ത് വഴിയാണ് ഹൈദ്രാബാദിൽ ജോലിക്കു പോകുന്നത്. ആ സമയത്തു ലഭിച്ച സുഹൃത്താണ് ആത്മാരാജ്. പിന്നീട് ആ സൗഹൃദം പ്രണയമായി. വീട്ടുകാർ തമ്മിൽ ആലോചിച്ചു ഉറപ്പിച്ചു. രണ്ടു വര്ഷം കൊണ്ട് ഉണ്ടാക്കിയ സമ്പാദ്യവും കയ്യിൽ ഉണ്ടായിരുന്ന ആഭരണങ്ങളും ഒക്കെ വെച്ച് കല്യാണത്തിനുള്ള തുക കണ്ടെത്തി. എല്ലാ കാര്യങ്ങളും ആരുടേയും സഹായമില്ലാതെ അവൾ ഒറ്റയ്ക്ക് ഓടിനടന്നു നടത്തി. അങ്ങനെ ആരുടെയും തുണയില്ലാതെ ആണുങ്ങളുടെ ചുണയില്ലാതെ ആരുടേയും മുന്നിൽ കൈ നീട്ടാതെ അവൾ അവളുടെ കല്യാണം നടത്തി. അവളാണ് പെണ്ണ് .. തീയിൽ കുരുത്ത പെണ്ണ്..

 

x