ക്യാൻസറാണെന്ന് അറിഞ്ഞപ്പോൾ അമ്മ പിടിച്ചു നിന്നു. പക്ഷേ കാൽ മുറിച്ചുമാറ്റണം എന്നറിഞ്ഞപ്പോൾ ആ പെറ്റ മനസ്സിന് താങ്ങാൻ കഴിഞ്ഞില്ല

കരൾ നുറുങ്ങുന്ന വേദനയിലും ക്യാൻസർ എന്ന മഹാമാരിയോട് പോരടിക്കുകയാണ് നന്ദു മഹാദേവ. കാലിനും ശ്വാസകോശത്തിലും ബാധിച്ച ക്യാൻസർ ഒടുവിൽ കരളിനേയും കവർന്നെടുത്തു കഴിഞ്ഞു. ഇനിയൊരു മരുന്നോ ചികിത്സയോ ഇല്ല എന്ന് വൈദ്യ ശാസ്ത്രം എഴുതി തള്ളിയെങ്കിലും ഒരു നിമിഷമെങ്കിലും ഒരു നിമിഷം പുകയാതെ ജ്വലിക്കണം എന്നാണ് നന്ദുവിന്റെ പക്ഷം.ഇരുപത്തി നാലാമത്തെ വയസിൽ ആയിരുന്നു കാൻസർ നന്ദുവിനെ പിടികൂടുന്നത്. മുട്ട് വേദനയിൽ ആയിരുന്നു തുടക്കം , ആദ്യം ഉളുക്കിയതാണെന്ന് കരുതി അധികം ശ്രദ്ധ കൊടുത്തില്ല.
എന്നാൽ വേദന അസഹനീയം ആയതോടെയാണ് പരിശോധിക്കുന്നതും കണ്ടെത്തുന്നതും. പക്ഷേ കാല് മുട്ടിനു മുകളിൽ വെച്ച് മുറിച്ചു മാറ്റുക അല്ലാതെ വേറെ വഴി ഇല്ലായിരുന്നു. അവിടം കൊണ്ട് അവസാനിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. കാൻസർ ശ്വാസകോശത്തിലേക്ക് കയറി , അവിടേയും നന്ദു പോരാടി വിജയിച്ചു എന്നാൽ ക്യാൻസർ പിന്മാറാൻ തയ്യാറല്ലായിരുന്നു. ഏറ്റവും ഒടുവിൽ കരളിനെ കയ്യടിക്കിയിരിക്കുകയാണ് അവൻ. വൈദ്യ ശാസ്ത്രം കൈവിട്ടു എങ്കിലും അവനെ പുഞ്ചിരിച്ചു കൊണ്ട് നേരിടാൻ ആണ് നന്ദുവിന്റെ തീരുമാനം.
നന്ദുവിന്റെ ഈ പോരാട്ടത്തിൽ തളരാതെ താങ്ങും തണലുമായി നിന്ന ആളാണ് നന്ദുവിന്റെ അമ്മ. അമ്മയെ കുറിച്ച് നന്ദു തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച വരികൾ ആരുടേയും കണ്ണ് നനയിക്കുന്നതാണ്. താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ധീരയായ വനിത തന്റെ അമ്മയാണ് എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്ന കുറിപ്പ് തങ്ങൾ എങ്ങനെയാണു ഇത്രയും നാൾ തളരാതെ പിടിച്ചു നിന്നതു എന്നതൊക്കെയാണ്. പ്രതിസന്ധികളിൽ തളർന്നു പോകുന്ന ആർക്കും ഒരു പ്രചോദനം ആണ് നന്ദുവിന്റെ ഈ കുറിപ്പ്
എന്റെ ലോകത്തിൽ ഏറ്റവും ധീരയായ വനിത എന്റെ അമ്മയാണ് !!
എനിക്കൊരു മകനുണ്ടായിരുന്നെങ്കിൽ, അവന്റെ കാലിൽ ഒരു തൊട്ടാവാടി മുള്ള് കൊള്ളുന്നത് പോലും എന്നെ എന്തു മാത്രം വിഷമിപ്പിക്കും എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. അപ്പോൾ എന്റെ അമ്മ എന്നെ ഓർത്ത് എത്രത്തോളം കരഞ്ഞിട്ടുണ്ടാകും. സങ്കടപ്പെട്ടിട്ടുണ്ടാകും. എന്നിട്ട് മുന്നിൽ വന്ന് ‘അമ്മ ചിരിച്ചു നിൽക്കുമ്പോൾ ഞാൻ അമ്മയുടെ മുന്നിൽ പലപ്പോഴും അലിഞ്ഞില്ലാതായിട്ടുണ്ട് !
എനിക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ അമ്മ പിടിച്ചു നിന്നു. പക്ഷേ കാൽ നഷ്ടപ്പെടും എന്നറിഞ്ഞപ്പോൾ അത് താങ്ങാൻ ആ പെറ്റ മനസ്സിന് കഴിഞ്ഞില്ല! ആ കാര്യം അമ്മയെ പറഞ്ഞു മനസ്സിലാക്കി സമ്മതിപ്പിച്ചത് എത്ര കഷ്ടപ്പെട്ടാണ് എന്നെനിക്കറിയില്ല. പലപ്പോഴും സങ്കടം സഹിക്കാൻ വയ്യാതെ ‘അമ്മ വിതുമ്പി കരയുമായിരുന്നു. അപ്പോഴൊക്കെ ഞാൻ മനസ്സിൽ ഓർക്കാറുണ്ടയിരുന്നു. ഒരു പക്ഷേ ഞാൻ ഒറ്റയപകടത്തിൽ മരിച്ചിരുന്നുവെങ്കിൽ അമ്മയ്ക്ക് ഇത്രേം സങ്കടം കൊടുക്കേണ്ടി വരില്ലായിരുന്നു.
ദുരന്തങ്ങളുടെ പെരുമഴ പെയ്തിട്ടും എന്റെ അമ്മ തളർന്നില്ല! എന്റെ ഊർജ്ജം എന്റെ അമ്മയാണ്! ഇന്ന് അമ്മയ്ക്ക് സന്തോഷങ്ങൾ നൽകാൻ കഴിയുന്നതിൽ ഞാൻ
പൂർണ്ണമായും സന്തുഷ്ടനാണ്. ലോകത്തിലെ എല്ലാ സ്ത്രീകളും അങ്ങനെയാണ്.
തങ്ങൾ സ്നേഹിക്കുന്നവരുടെ സന്തോഷമാണ് അവളുടെ സന്തോഷം!
നന്ദു മഹാദേവൻ
🌹
🌹
🌹
x