
ആർത്തവം പുരുഷന്മാർക്കാണെങ്കിലോ? ഒരു രസകരമായ ഫേസ്ബുക്ക് പോസ്റ്റ് കാണാം

പിരീഡ്‌സ് ഉണ്ടാവുന്നത് സ്ത്രീകൾക്കല്ല പുരുഷൻമാർക്കാണ് എങ്കിലോ ?? ആർത്തവം പുരുഷൻമാർക്കാണ് ഉണ്ടാകുന്നതെങ്കിൽ ഇവിടെ എന്തൊക്കെ മാറ്റങ്ങളാകും സംഭവിക്കുക ?? യുവാവിന്റെ രസകരമായ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ.
“പിരീഡ്‌സ് ഉണ്ടാവുന്നത് സ്ത്രീകൾക്കല്ല പുരുഷൻമാർക്കാണ് എങ്കിലോ ??
– ഓരോ കവലയിലും ഓരോ പെട്ടിക്കടയിലും പാഡുകളുടെ സമ്പൂർണ്ണ അവെയിലബിലിറ്റി ഉറപ്പ് വരുത്തിയേനെ. അതിന്റെ വിൽപനയും വാങ്ങലും ഒളിച്ചൊളിച്ചല്ലാതെ, തുറസ്സായി, അന്തസ്സായി നടന്നേനെ.
– മമ്മൂട്ടിയും മോഹൻലാലും സിനിമയിൽ പാഡുമിട്ട് തല്ലുന്നതും പാഡ് ഊരി എറിയുന്നതും മാസ് ആയി സിനിമകളിൽ വന്നേനെ. ജനം കൈയ്യടിച്ചു മരിച്ചേനെ.
– ആർത്തവം എപ്പോഴും മറച്ചു വെയ്ക്കപ്പെടേണ്ട സംഗതിയിൽ നിന്ന് തുറന്നു ചർച്ച ചെയ്യുന്ന, വളരെ നോർമലും കാഷ്വലും ആയ സംഗതി ആയേനെ.
-വീടിന്റെ പിന്നാമ്പുറത്തു നിന്നും, ഒഴിഞ്ഞ കോണിലെ കുശുകുശുക്കലിൽ നിന്നും ഡ്രോയിങ് റൂമിലേയും ഡൈനിങ് റൂമിലേയും ചർച്ചകളിലേക്ക് അതിനു സ്ഥാനക്കയറ്റം കിട്ടിയേനെ.
– ശാസ്ത്ര സാങ്കേതിക വിദ്യ വഴി പെയിൻലെസ് പിരീഡ്‌സ് എന്ന ഏർപ്പാട് കണ്ടുപിടിക്കുന്നതിനോ, പിരീഡ്‌സ് തന്നെ പൂർണ്ണമായും സുഖപ്രദം ആക്കുന്നതിനോ കോടികൾ ചിലവിട്ടേനെ.
– ജോലി സ്ഥലങ്ങളിൽ പിരീഡ്‌സ് സമയത്തു റെസ്റ്റ് എടുക്കാനും, മാസത്തിൽ നാല് അവധിയും, ആനുകൂല്യങ്ങളും അനുവദിക്കപ്പെട്ടേനെ.
– ആർത്തവമില്ലാത്ത സ്ത്രീ ശരീരം എന്ത് വൃത്തികേടാണ് എന്ന് വാട്സ്ആപ് ഫോർവേഡുകൾ ഉണ്ടായേനെ.
– അതിന്റെ പുറകിലെ “ശാസ്ത്രം” പഠിപ്പിക്കാൻ അമേരിക്കയിലെ ഏതോ ഒരു മുടുക്കിലെ ഏതോ ഒരു ഒറ്റമുറി സർവകലാശാലയിലെ പ്രൊഫസർ ഫേസ്ബുക് / ഇൻസ്റ്റ ലൈവ് ഇട്ടേനെ.
– പിരീഡ്‌സിന്റെ പെയിൻ അനുഭവിക്കുന്ന പുരുഷ ശരീരത്തിന്റെ അപാര ശക്തിയെക്കുറിച്ചു പ്രബന്ധങ്ങൾ എഴുതപ്പെട്ടേനെ. എന്ത്കൊണ്ടും പുരുഷനാണ് വലിയവൻ എന്നതിന്റെ തെളിവായി അത് നിരത്തപ്പെട്ടേനെ.
– വീട്ടമ്മമാർക്ക് ഗൃഹനാഥന്റെ പാഡ് മാറ്റിക്കൊടുക്കൽ എന്ന അധിക പണി കൂടി കിട്ടിയേനെ.
– ബസ് സ്റ്റാണ്ടുകളിലും മുക്കിലും മൂലയിലും കംഫർട്ട് സ്റ്റേഷനുകൾ നിർമ്മിക്കപ്പെട്ടേനെ. പാർക്കുകളിലും മാളുകളിലും ബെഞ്ചുകളുടെ എണ്ണം കൂടിയേനെ.
– ദീർഘ ദൂര ബസിൽ, ട്രെയിനിൽ, ഫ്‌ളൈറ്റിൽ പാഡിന്റെ വെൻഡിങ് മെഷീൻ സ്ഥാപിക്കപ്പെട്ടേനെ. ചിലപ്പോ പാഡുകൾ ഫ്രീയായി തന്നെ നൽകപ്പെട്ടേനെ. അതിന്റെ പേരിൽ ടാക്സ് തന്നെ ഉണ്ടായേനെ.
– ആണുങ്ങളുടെ ആണത്തത്തിന്റെ അടയാളമായി പിരീഡ്‌സിന് മറ്റൊരു ഇമേജ് തന്നെ പേട്രിയാർക്കി നൽകിയേനെ. ഒരു ജാര സന്തതിയിൽ നിന്ന് സാമൂഹികാംഗീകാരം ലഭിക്കുന്ന നിലയിലേക്ക് പ്രമോഷൻ ലഭിച്ചേനെ.
– പിരീഡ്‌സിന്റെ വേദന, ബുദ്ധിമുട്ട് സമൂഹം കണ്ണടച്ച് അംഗീകരിച്ചു തന്നേനെ. അതിന്റെ പേരിലെ മൂഡ് സ്വിങ്സ് സ്വാഭാവികമായി മാറിയേനെ. അത് തുറന്ന വേദികളിൽ ചർച്ച ചെയ്യപ്പെട്ടേനെ. അത് സ്ത്രീകൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ കോഴ്‌സുകൾ, സെമിനാറുകൾ ഡിസൈൻ ചെയ്യപ്പെട്ടേനെ.
Inspired from Judith Butler and Gloria Steinem
ഒരു ഗൗരവകരമായ വിഷയത്തെ രസകരമായി അവതരിപ്പിച്ച ആ യുവാവിന് നന്ദി!