അതിജീവനത്തിന്റെ രാജകുമാരൻ ഒടുവിൽ വിടവാങ്ങി ; തന്റെ പോരാട്ടങ്ങൾ അവസാനിപ്പിച്ച് നന്ദു മഹാദേവ യാത്രയായി.

കരൾ നുറുങ്ങുന്ന വേദനയിലും ക്യാൻസർ എന്ന മഹാമാരിയോട് പോരാടിയ നന്ദു മഹാദേവ വിടവാങ്ങി. കാലിനും ശ്വാസകോശത്തിലും ബാധിച്ച ക്യാൻസർ ഒടുവിൽ നന്ദുവിന്റെ കരളിനേയും കവർന്നെടുത്തു കഴിഞ്ഞിരുന്നു. ഇനിയൊരു മരുന്നോ ചികിത്സയോ ഇല്ല എന്ന് വൈദ്യ ശാസ്ത്രം എഴുതി തള്ളിയെങ്കിലും ഒരു നിമിഷമെങ്കിലും ഒരു നിമിഷം പുകയാതെ ജ്വലിക്കണം എന്നായിരുന്നു നന്ദുവിന്റെ പക്ഷം. ഇരുപത്തി നാലാമത്തെ വയസിൽ ആയിരുന്നു കാൻസർ നന്ദുവിനെ പിടികൂടുന്നത്. മുട്ട് വേദനയിൽ ആയിരുന്നു തുടക്കം , ആദ്യം ഉളുക്കിയതാണെന്ന് കരുതി അധികം ശ്രദ്ധ കൊടുത്തിരുന്നില്ല.

എന്നാൽ വേദന അസഹനീയം ആയതോടെയാണ് പരിശോധിക്കുന്നതും കാൻസർ ആണെന്ന് കണ്ടെത്തുന്നതും. എന്നാൽ വൈകിപ്പോയിരുന്നു, കാൽ മുട്ടിനു മുകളിൽ വെച്ച് മുറിച്ചു മാറ്റുക അല്ലാതെ വേറെ വഴി ഇല്ലായിരുന്നു. അവിടം കൊണ്ട് അവസാനിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. കാൻസർ ശ്വാസകോശത്തിലേക്ക് കയറി , അവിടേയും നന്ദു പോരാടി വിജയിച്ചു എന്നാൽ ക്യാൻസർ പിന്മാറാൻ തയ്യാറല്ലായിരുന്നു. ഏറ്റവും ഒടുവിൽ കരളിനെ കൂടി ക്യാൻസർ കയ്യടക്കി. വൈദ്യ ശാസ്ത്രം കൈവിട്ടു എങ്കിലും അവനെ പുഞ്ചിരിച്ചു കൊണ്ട് നേരിടാൻ ആയിരുന്നു നന്ദുവിന്റെ തീരുമാനം.

തിരുവനന്തപുരം ഭരതന്നൂർ സ്വദേശി ആണ് ഇരുപത്തേഴ് കാരനായ നന്ദു മഹാദേവ. കോഴിക്കോട് MVR ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു നന്ദു. ഇന്ന് പുലർച്ചെ മൂന്നരക്കായിരുന്നു നന്ദു ഈ ലോകത്തോട് വിടപറയുന്നത്. സോഷ്യൽ മീഡിയയിലെ അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സങ്കാടകൻ ആയി പ്രവർത്തിച്ചു വരികയായിരുന്നു നന്ദു മഹാദേവ. ക്യാന്സറുമായുള്ള തന്റെ പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് പേർക്ക് പ്രചോദനമാകാൻ നന്ദുവിന്‌ കഴിഞ്ഞു. ജീവിതത്തിൽ എന്ത് വന്നാലും കത്തി ജ്വലിക്കണം എന്നതായിരുന്നു നന്ദു എപ്പോഴും പറയുന്നത്.

നന്ദുവിന്റെ ഈ പോരാട്ടത്തിൽ തളരാതെ താങ്ങും തണലുമായി നിന്ന ആളാണ് നന്ദുവിന്റെ അമ്മ. അമ്മയെ കുറിച്ച് നന്ദു ഈയിടെ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച വരികൾ ആരുടേയും കണ്ണ് നനയിക്കുന്നതായിരുന്നു. താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ധീരയായ വനിത തന്റെ അമ്മയാണ് എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്ന കുറിപ്പ് തങ്ങൾ എങ്ങനെയാണു ഇത്രയും നാൾ തളരാതെ പിടിച്ചു നിന്നതു എന്നതിനെ കുറിച്ചാണ് പറഞ്ഞു വെക്കുന്നത്. പ്രതിസന്ധികളിൽ തളർന്നു പോകുന്ന ആർക്കും ഒരു പ്രചോദനം ആണ് നന്ദുവിന്റെ ഈ കുറിപ്പ്.

 

 

x