എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്

സോഷ്യൽ ലോകത്തു നന്ദു മഹാദേവ എന്ന ചെറുപ്പക്കാരനെ അറിയാത്തവരായി ആരുമില്ല. കാലിലും ശ്വാസകോശത്തിലും ബാധിച്ച ക്യാൻസർ ഏറ്റവും ഒടുവിൽ കരളിനെയും കവർന്നെടുത്തെങ്കിലും തന്റെ പോരാട്ടവീര്യം ഒരു തരി പോലും കുറയാതെ ഈ മഹാമാരിയോട് ചിരിച്ചുകൊണ്ട് പോരാടിയവനാണ് നന്ദു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ നന്ദു ക്യാൻസർ രോഗികൾക്ക് നൽകിവന്ന ആത്മവിശ്വാസവും പ്രതീക്ഷയും വളരെ വലുതാണ്. നന്ദു മഹാദേവ വിടവാങ്ങിയ വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്.

ഇന്ന് പുലർച്ചെ മൂന്നരക്കായിരുന്നു നന്ദു ഈ ലോകത്തോട് വിടപറയുന്നത്. കോഴിക്കോട് എംവിആർ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു നന്ദു. സോഷ്യൽ മീഡിയ കൂട്ടായ്മയായ അതിജീവനം എന്ന സംഘടനയുടെ മുഖ്യ സംഘാടകൻ കൂടിയായിരുന്നു നന്ദു. അത്യപൂർവമായ തന്റെ രോഗത്തിന് മരുന്നുകൾ ഒന്നുമില്ലെന്ന്‌ ഡോക്റ്റർമാർ പറഞ്ഞപ്പോഴും ചിരിച്ചു കൊണ്ട് അത് സാരമില്ല ഡോക്റ്ററെ നമുക്ക് ഒന്ന് ശ്രമിച്ചു നോക്കാം എന്ന് പറഞ്ഞ ആ ചെറുപ്പക്കാരൻ മറ്റുള്ളവർക്ക് നല്കുന്ന ആത്മവിശ്വാസവും പ്രചോദനവും കുറച്ചൊന്നുമല്ല.

ഇപ്പോഴിതാ നന്ദുവിന്റെ വിയോഗ വാർത്ത അറിഞ്ഞ നടി സീമ ജി നായർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയുടെ കണ്ണ് നനയിക്കുന്നത്. നന്ദു മഹാദേവയും സീമയും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. നന്ദുവിനെ പോലെ തന്നെ ക്യാന്സറിനോട് പോരാടുന്ന ഒരാളാണ് നടി ശരണ്യ ശശി. ശരണ്യയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് സീമയാണ്. അങ്ങനെയാണ് നന്ദു മഹാദേവയുമായി പരിചയപ്പെടുന്നത്. നന്ദു ശരണ്യയുടെ ജന്മദിനത്തിൽ ശരണ്യയുടെ വീട്ടിൽ പോയതിന്റെ ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു.

അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി

🙏
🙏
😰
 
ഇന്ന് കറുത്ത ശനി… വേദനകൾ ഇല്ലാത്ത ലോകതേക്കു എന്റെ നന്ദുട്ടൻ പോയി (നന്ദു മഹാദേവ ). എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു.. ഈശ്വരന്റെ കാലു പിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നൽകണേയെന്നു. പക്ഷെ.. പുകയരുത്.. ജ്വലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു.. നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ.. നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്.. എനിക്ക് വയ്യ.. എന്റെ അക്ഷരങ്ങൾ കണ്ണുനീരിൽ കുതിരുന്നു… എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്…

x