ചേട്ടാ ഇങ്ങ് വരുമ്പോൾ കാണാം എന്ന് എനിക്ക് വാക്ക് തന്നതല്ലേ? ; കണ്ണ് നനയിച്ചു സാന്ത്വനത്തിലെ കണ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

മികച്ച പ്രേക്ഷക പിന്തുണയോടെ വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സീരിയൽ റേറ്റിങ്ങിൽ ഒന്നാമതെത്തിയ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. മലയാളികളുടെ പ്രിയ നടി ചിപ്പി പ്രധാന വേഷത്തിലെത്തിയ പരമ്പര ഒരുപിടി പുതുമുഖ താരങ്ങളെ കൂടി മലയാളികൾക്ക് പരിചയപ്പെടുത്തി തന്നു. അങ്ങനെ സാന്ത്വനം വഴി മലയാളികൾക്ക് പരിചിതനായ നടനാണ് അച്ചു സുഗന്ത്. പരമ്പരയിൽ . നാല് സഹോദരങ്ങളുടെ കഥ പറയുന്ന സാന്ത്വനത്തിൽ ഏറ്റവും ഇളയ സഹോദരനായി ആണ് അച്ചു സുഗന്ത് വേഷമിടുന്നത്.
സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് അച്ചു സുഗന്ത്. എപ്പോഴും ചിരിക്കുന്ന മുഖവുമായി കാണാനാകുന്ന അച്ചുവിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും തമാശ നിറഞ്ഞതാണ്. സീരിയലിലും ലൊക്കേഷനിലും കുസൃതികൾ കാണിക്കുന്ന താരം അതൊക്കെ സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കു വെക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം അച്ചു തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പ് ആരാധകരുടെ കണ്ണ് നനയിക്കുന്നതായിരുന്നു. കഴിഞ്ഞ ദിവസം മരണപ്പെട്ട തന്റെ സുഹൃത്തായ നന്ദു മഹാദേവയെ കുറിച്ചുള്ള അച്ചുവിന്റെ കുറിപ്പാണ് ആരുടേയും കണ്ണ് നനയ്ക്കുന്നത്.
ക്യാന്സറിനോട് പുഞ്ചിരിച്ചു കൊണ്ട് പോരാടിയ നന്ദു മഹാദേവ എന്ന സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ ചെറുപ്പക്കാരൻ വീരമൃത്യു വരിച്ചത്. ആദ്യം കാലിലും ശ്വാസകോശത്തിലും ബാധിച്ച അർബുദം ഒടുവിൽ അവന്റെ കരളിനെയും കവർന്നെടുത്തെങ്കിലും തന്റെ പോരാട്ടവീര്യം ഒരു തരി പോലും കുറയാതെ ഈ മഹാമാരിയോട് പോരാടിയവനാണ് നന്ദു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ നന്ദു ക്യാൻസർ രോഗികൾക്ക് നൽകിവന്ന ആത്മവിശ്വാസവും പ്രതീക്ഷയും വളരെ വലുതായിരുന്നു.
നന്ദുവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് അച്ചു സുഗന്ത്. മുൻപ് തങ്ങളുടെ ഫേസ്ബുക്ക് വഴി തന്നെ അച്ചുവും നന്ദുവും തങ്ങൾ കണ്ടു മുട്ടിയപ്പോഴുള്ള ചിത്രങ്ങൾ പങ്കു വെച്ചിരുന്നു. നന്ദുവിന്റെ വിയോഗത്തിൽ തങ്ങളുടെ വാട്ട്സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചു കൊണ്ട് കണ്ണൻ ഫേസ്ബുക്കിൽ കുറിച്ച വരികളാണ് ഇപ്പോൾ ഏവരുടെയും കണ്ണ് നനയിക്കുന്നത്. നന്ദുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ..
നന്ദു ചേട്ടാ…
എനിക്ക് സ്വന്തമായി ഒരു ചേട്ടനില്ലാത്തതു കൊണ്ട് കുട്ടിക്കാലത്ത് ഞാൻ ഒരുപാട് വിഷമിച്ചിട്ടുണ്ട്.. നിനക്കെന്തിനാ ചേട്ടൻ അനിയത്തി ഇല്ലേ എന്ന് ചോദിക്കുമ്പോൾ ഞാനന്ന് തമാശയ്ക്ക് പറയുമായിരുന്നു.. ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ജോലിക്കൊന്നും പോണ്ടല്ലോ എന്റെ കാര്യങ്ങളൊക്കെ ചേട്ടൻ നോക്കിക്കോളും എന്ന്…പക്ഷേ..പിന്നീട് ദൈവം എനിക്ക് ഒരുപാട് ചേട്ടന്മാരെ തന്നു.. ചില നല്ല സൗഹൃദങ്ങളിൽ ഞാൻ എന്റെ ചേട്ടന്മാരെ കണ്ടു… കൂടെ പിറന്നില്ലെങ്കിലും പൊന്നേ നീയെന്റെ സ്വന്തം ചേട്ടനാ.. ഒരിക്കൽ നിരാശയുടെ പടുകുഴിയിൽ കിടന്നിരുന്ന എന്നെ പിടിച്ചെഴുന്നേൽപ്പിച്ചത് നീയടാ ചേട്ടാ… ആ വാക്കുകളും പുഞ്ചിരിയും അനിയൻകുട്ടാ എന്നുള്ള വിളിയും ഇന്നും എന്റെ ചങ്കിൽ നിറഞ്ഞു നിൽക്കുന്നു.. ചേട്ടനന്ന് എന്നോട് പറഞ്ഞില്ലേ : നമുക്ക് ജീവിതത്തിൽ ഒരുപാട് അവസരങ്ങൾ വരും.. പക്ഷേ ഓരോ അവസരവും അവസാനത്തെ അവസരം ആണെന്ന് കരുതി ആഞ്ഞൊരു ഒന്നൊന്നര ഗോൾ അടിക്കണമെന്ന്.. നെഗറ്റീവ് മാത്രമുണ്ടായിരുന്ന എന്റെ മനസ്സിൽ പോസിറ്റീവ് നിറച്ചത് നിങ്ങളാണ്.. ചേട്ടൻ ഈ ലോകത്തു നിന്നും പോയെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല.. എന്നും ഞങ്ങളുടെ ചങ്കിൽ ജ്വലിച്ചു കൊണ്ടിരിക്കും… ഇന്നലെ വിഷ്ണു @vishnujs.kallara വിളിച്ചപ്പോൾ ഈ കോവിടൊക്കെ കഴിഞ്ഞിട്ട്  നന്ദുചേട്ടനെ പോയൊന്ന് കാണണമെന്ന് പറഞ്ഞതേയുള്ളൂ… ഇങ്ങ് വരുമ്പോൾ കാണാം എന്ന് എനിക്ക് വാക്ക് തന്നതാണ്… കാണാം… കാണണം.. ഞങ്ങൾ കാത്തിരിക്കുന്നു. എന്ന് നന്ദൂട്ടന്റെ അനിയൻകുട്ടൻ
x