
കുഞ്ഞിന് അനക്കം ഇല്ല ..ഓപ്പറേഷൻ ചെയ്യാൻ പോകുവാണ്..പുറത്തെടുക്കുമ്പോൾ അറിയാം ജീവൻ ഉണ്ടോന്ന് , പെൺകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
സോഷ്യൽ മീഡിയകളിൽ നിരവധി വെത്യസ്തമായ പോസ്റ്റുകൾ ദിനംപ്രതി നമ്മൾ കാണാറുള്ളതാണ് .. അത്തരത്തിൽ എത്തുന്ന പോസ്റ്റുകളിൽ ചില ജീവിതകഥകളും അനുഭവ കഥകളും ഒക്കെ ഉണ്ടാവാറുണ്ട് , അതിൽ ചിലതൊക്കെ ഏറെ ശ്രെധ നേടുകയും ചെയ്യാറുണ്ട് .. ഇപ്പോഴിതാ അത്തരത്തിൽ , “കൃഷ്ണവേണി ” എന്ന പെൺകുട്ടി ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ..
കൃഷ്ണവേണിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ :
അന്ന് ഒരു മഴ ദിനം ആയിരുന്നു. കോരിച്ചൊരിയുന്ന മഴ. അപ്പ അന്ന് പാളയം മാർക്കറ്റിൽ ചുമട്ടു തൊഴിലാളി…പേട്ടയിലെ ഒരു ഒറ്റമുറി വാടക വീട്ടിലാണ് താമസം.. മഴ പെയ്താൽ നേരത്തെ ചോറുണ്ണും.. ചോറുകലം ഉൾപ്പെടെ ഒഴിച്ചെടുത്തു വേണം മഴ വെള്ളം വീഴുന്നിടത്ത് വെയ്ക്കാൻ… അതായിരുന്നു അവസ്ഥ.. രാത്രി ഏതാണ്ട് രണ്ട് മണി ആയപ്പോൾ അമ്മയ്ക്ക് വയ്യ… കടുത്ത വയറുവേദന…
ഡോക്ടർ പറഞ്ഞത് പ്രകാരം പിന്നെയും രണ്ടാഴ്ച കഴിഞ്ഞു ചെന്നാൽ മതി.. അമ്മ കണ്ണടച്ചു കിടന്നുറങ്ങാൻ നോക്കി .. പറ്റുന്നില്ല… അമ്മ എണീറ്റു മണ്ണെണ്ണ വിളക്ക് കത്തിച്ചു… അപ്പയെ വിളിച്ചുണർത്തി…വയ്യ ന്ന് പറഞ്ഞു…അമ്മയുടെ വെപ്രാളവും വേദനയും കണ്ട് പേടിച്ച അപ്പ ആ പെരുമഴയത് വണ്ടി വിളിക്കാൻ ഇറങ്ങി ഓടി. നട്ടപ്പാതിരക്ക് എവിടന്ന് വണ്ടി കിട്ടാൻ.. പേട്ടയിൽ നിന്നും കൈതക്കുഴി വരെ മഴ നനഞ്ഞോടി അപ്പ ഒരു ഓട്ടോ പിടിച്ചു..രാത്രി ഓട്ടം വരണം എങ്കിൽ ഇരട്ടി ചാർജ് ആകുമെന്ന് ഓട്ടോക്കാരൻ ആദ്യം പറഞ്ഞെങ്കിലും അപ്പയുടെ കണ്ണീരും മുഖവും കണ്ട് മനസലിഞ്ഞു കൂടെ വന്നു…
ആയാളും അപ്പയും കൂടി അമ്മയെ S A T ആശുപത്രിയിൽ എത്തിച്ചു.. ” ചോര മൊത്തം പോയി.. കുഞ്ഞിന് അനക്കം ഇല്ല .. ഓപ്പറേഷൻ ചെയ്യാൻ പോകുവാണ്.പുറത്തെടുക്കുമ്പോൾ അറിയാം ജീവൻ ഉണ്ടോ ന്ന്… ഇവിടെ ഒപ്പിടണം… ” നഴ്സ് കൊണ്ട് വന്ന പേപ്പറിൽ അപ്പ ഒപ്പിട്ട് കൊടുത്തു… പക്ഷേ,പുലർച്ചെ അഞ്ചര മണിയോടെ,ആ പെരുമഴയത്ത് ആശുപത്രി വരാന്തയിൽ അണ്ണനെയും കെട്ടിപ്പിടിച്ചിരുന്ന അപ്പയുടെ മെലിഞ്ഞ കൈകളിലേയ്ക്ക് നഴ്‌സ് ചെറിയൊരു തുണിപ്പൊതി കൊടുത്തു… അതിൽ ഒരെലിക്കുഞ്ഞിന്റെ അത്രയും മാത്രമുള്ള പെൺകുഞ്ഞ് ഉണ്ടായിരുന്നു….അവൾക്ക് ജീവനുണ്ടായിരുന്നു… ചെന്നെത്തിയ കരങ്ങൾ തന്റെ ജീവൻ തന്നവന്റെയാണെന്നു തിരിച്ചറിഞ്ഞാവും ആ കുഞ്ഞ് ഒരു ഞെരുങ്ങി ചെറുതായൊന്നു കരഞ്ഞു…ആ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് അദ്ദേഹം ഒരുമ്മ നൽകി….
ആ കുഞ്ഞ് പിന്നെ എത്ര മഴ കണ്ടു.. മഴ നനഞ്ഞു… നാലാം വയസ്സിൽ ന്യുമോണിയ.. 10…23…25 വയസുകളിലായി മൂന്ന് ആക്സിഡന്റുകൾ..രണ്ട് കൊറോണ… അങ്ങനെ ആയുസ്സ് നീട്ടിക്കിട്ടി നീട്ടിക്കിട്ടി ഇന്നേക്ക് 29 വർഷങ്ങൾ.. “Happy Birthday to Me “ഞാൻ കൃഷ്ണവേണി..അധ്യാപികയാണ് ( ഇപ്പോൾ PhD ചെയ്യാൻ വേണ്ടി ലീവിൽ ). മലയാളിയായ അപ്പയും തമിഴത്തിയായ അമ്മയും പ്രേമിച്ചു കെട്ടിയതു കൊണ്ട് വേറെ ബന്ധുക്കൾ ആരുമില്ലാതെ വളർന്ന രണ്ട് മക്കളിൽ ഇളയ ആൾ.. രണ്ട് വട്ടം വിവാഹം മുടങ്ങിയതിന്റെ യാതൊരുവിധ ജാടകളും ഇല്ലാതെ ഇപ്പോഴും സിംഗിൾ ആയി തുടരുന്നു ( ഒന്ന് 20 വയസ്സിൽ.. എനിക്ക് ലുക്ക് ഇല്ലന്ന് പറഞ്ഞു കല്യാണം വേണ്ടാന്ന് വെച്ചു ദുഷ്ടൻ പിന്നൊന്നു കഴിഞ്ഞ വർഷം .. സ്ത്രീധനം എന്ത് തരും എന്ന് ചോദിച്ചപ്പോൾ ഓടാനായിട്ട് അപ്പുറത്തെ കണ്ടം കാണിച്ച് കൊടുത്ത് എന്റെ ഡാഡി മാതൃക ആയി )
മണ്ടത്തരം ആണ് സാറേ മെയിൻ.. അതുകൊണ്ട് തന്നെ മിക്കവാറും എയറിൽ ആണ്.. അതിപ്പോൾ ഫേസ്ബുക് ലായാലും ശെരി വീട്ടിൽ ആയാലും ശെരി..(കുമ്മോജി കണ്ടുപിടിച്ചത് തന്നെ എന്നെ ലക്ഷ്യം വെച്ചാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് ) സ്വന്തമായി പാചക പരീക്ഷങ്ങൾ നടത്തുക ട്യൂഷൻ പിള്ളേരെ ഭീഷണിപ്പെടുത്തി തീറ്റിയ്ക്കുക അങ്ങനെ ഒക്കെ പല വേലത്തരങ്ങളും കൈയിൽ ഉണ്ട്…. തിന്നു തിന്നു ക്ഷമ കെട്ട ഒരു ഒന്നാം ക്ലാസുകാരൻ കൊച്ചർക്കൻ ” ചേച്ചിയ്ക്ക് ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കാതെ ആരുടെയെങ്കിലും കൂടെ ഒളിച്ചോടിക്കൂടെ എന്ന് ചോദിച്ചതാണ് എന്റെ അധ്യാപക ജീവിതത്തിലെ ഉത്തരം മുട്ടിപ്പോയ ചോദ്യം വെജിറ്റേറിയനാണെങ്കിലും ഏതെങ്കിലും കൂട്ടുകാരുടെ വീട്ടിൽ പോയാൽ ഷോ കാണിക്കാൻ വേണ്ടി നോൺവെജ് ഉണ്ടാക്കി കുളമാക്കി അവരുടെ വായിൽനിന്നും കേൾക്കുന്നത് ഒരു മനസുഖം…
അങ്ങനെ ചിക്കൻ കറി ഉണ്ടാക്കാൻ നോക്കി ഒടുവിൽ ചിക്കൻ സൂപ്പ് ആയതും മീൻകറി ഉണ്ടാക്കാൻ നേരം ഏകദേശം ഒരു മണിക്കൂർ മീൻ സ്പൂണിട്ട് ഇളക്കിപ്പൊടിച്ച് മീനില്ലാത്ത മീൻകറി ഉണ്ടാക്കിയതും അതുവരെ ” പൊന്നേ..”ന്ന് വിളിച്ച ചങ്കത്തി @%##@ വിളിച്ചു താടിയ്ക്കിട്ട് തട്ടിയതും വിധിയുടെ വിളയാട്ടം…. ഞാൻ ഡ്രൈവിങ് പഠിക്കാൻ തുടങ്ങിയ ശേഷം ഞങ്ങളുടെ നാട്ടിൽ റോഡുകളിൽ ആൾതിരക്ക് കുറയുകയും തന്മൂലം കൊറോണ നിയന്ത്രണത്തിൽ പങ്കാളിയാവാനും എനിക്ക് കഴിയുന്നുണ്ട്.. (അതിൽ ഞാൻ അഭിമാനിക്കുന്നു ) പൊരുതി നേടിയതുകൊണ്ടാവാം ജീവിതത്തോട് വല്ലാത്ത ഇഷ്ടമാണ്; പട്ടിണി.. ദാരിദ്ര്യം ഒക്കെ നല്ലത് പോലെ അനുഭവിച്ചിട്ടുണ്ട്.. അതുകൊണ്ടു തന്നെ ഇപ്പോൾ ഉള്ള ജീവിതം ഏറ്റവും സന്തോഷവതിയായി ജീവിക്കുന്നു…സ്വപ്നം കാണൂ.. അതിനായി പരിശ്രമിക്കൂ… വിജയം നമ്മളെ തേടിയെത്തും, സ്നേഹത്തോടെ വേണി