കംമ്പ്യൂട്ടർ ലിപികൾ തോൽക്കും ‘ആൻമരിയ’യുടെ നല്ല വടിവൊത്ത കൈയ്യക്ഷരത്തിന് മുൻപിൽ ; ലോക ഹാൻഡ് റൈറ്റിങ്ങ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഈ മലയാളി പെൺകുട്ടി അത്ര നിസാരക്കാരിയല്ല

നമ്മുക്ക് ചുറ്റും നിരവധി മനുഷ്യരുണ്ട്. ഓരോ മനുഷ്യരിലും വ്യത്യസ്തതരം കഴിവുകളാണുള്ളത്. പലപ്പോഴും സ്വന്തം കഴിവ് എന്തെന്ന് മനസിലാക്കാതെ, അതിനെ തിരിച്ചറിയാൻ സാധിക്കാതെ ജീവിക്കുന്നവരാണ് കൂടുതൽ പേരും. തങ്ങൾക്ക് മാത്രം കഴിവൊന്നും കിട്ടിയില്ലെന്ന് പറഞ്ഞ് സ്വയം പഴി ചാരുന്നവരെയും ഈ കൂട്ടത്തിൽ കാണാം. അനുയോജ്യമായ അവസരങ്ങളും, സാഹചര്യങ്ങളും ഉണ്ടാകുമ്പോഴാണ് ഒരോരുത്തർക്കും കഴിവുകൾ പുറത്തെടുക്കുവാനും, അവ നല്ല രീതിയിൽ വിനിയോഗിക്കുവാനും അവസരം ലഭിക്കുന്നത്. നൃത്തം, സംഗീതം, അഭിനയം, ചിത്രകല എന്നിങ്ങനെ നീളുന്നു ഓരോരുത്തരുടെയും കഴിവ്.

ചില സന്ദർഭങ്ങളിൽ മറ്റുള്ളവരെ അതിശയിപ്പിക്കുന്ന തരത്തിലാണ് പല മനുഷ്യരുടെയും കഴിവ്. നിരന്തരമുള്ള പരിശ്രമത്താലും, കഠിനപ്രയത്നത്താലുമാണ് അത്തരം ആളുകൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരായി നിലനിൽക്കുന്നത്. അങ്ങനെയൊരാളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.  ആളൊരു കൊച്ചു മിടുക്കിയാണ്. തൻ്റെ ചെറിയ പ്രായത്തിൽ തന്നെ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് വേറിട്ടൊരു കഴിവിലൂടെ മുന്നേറുകയാണ് ഈ പെൺകുട്ടി.

കണ്ണൂർ ജില്ലയിലെ കുടിയൻ മലയിലെ ബിജുവിൻ്റെയും സ്വപ്നയുടെയും മകളായ ‘ആൻ മരിയ’ സ്വന്തമാക്കിയത് ലോക ഹാൻഡ് റൈറ്റിങ്ങ് മത്സരത്തിൽ ഒന്നാം സ്ഥാനമാണ്. കൗമാരകാർക്കായി ന്യൂയോർക്കിലെ ‘ഹാൻഡ് റൈറ്റിങ് ഓഫ് ഹ്യൂമനിറ്റി’ – യാണ് ഇത്തരത്തിലൊരു മത്സരം സംഘടിപ്പിച്ചത്. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു മത്സരാർത്ഥികൾ. നിരവധി കുട്ടികളെ പിന്തള്ളിയാണ് ആൻ മരിയ  ഇത്തരത്തിലൊരു നേട്ടം കരസ്ഥമാക്കിയത്. കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ ഒന്നാകെ അഭിമാനമായി മാറാൻ ഇതുവഴി ആൻ മരിയ്ക്ക് സാധിച്ചു. ചേമ്പേരി നിർമ്മൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആൻമരിയ. എല്ലാവരിലും കൗതുകം തോന്നിപ്പിക്കും വിധത്തിലുള്ള കൈയ്യക്ഷരമാണ് ആണ് ആൻ മരിയയുടേത്. കുട്ടികാലം മുതലേ കാലിഗ്രാഫിയിൽ പരിശീലനം നേടിയ ആൻ മരിയ പിന്നീട് ഏറെ കഠിനാധ്വാനം ചെയ്ത് നേടിയതാണ് ഈ കഴിവ്.

മാഗസിനുകളിലും, പത്രങ്ങളിലും അച്ചടിക്കാൻ ഉപയോഗിക്കുന്ന സ്റ്റെലിഷ് ഫോണ്ടുകളേക്കാൾ മികവേറിയതാണ് ആൻ മരിയയുടെ കൈയക്ഷരം. അസാധാരണമായ ഈ കഴിവിലൂടെ ഇതിനോടകം തന്നെ പല അവാർഡുകകളും ആൻമരിയയെ തേടിയെത്തിയിട്ടുണ്ട്. കണ്ണൂരിനെ ലോകത്തിന് മുൻപിൽ പരിചയപ്പെടുത്തിയ ആൻ മരിയയ്ക്ക് സമൂഹമാധ്യമങ്ങളിൽ ഒന്നാകെ വലിയ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. തൻ്റെ കഴിവ് മനസിലാക്കിയ ആൻ മരിയ പിന്നീട് അതിനെ മെച്ചപ്പെടുത്തിയെടുക്കുന്നതിനുള്ള നിരന്തര പരിശ്രമത്തിലായിരുന്നു.

ചെറിയ ക്ലാസുകളിൽ കൈയ്യക്ഷരം മെച്ചപ്പെടുത്തിയെടുക്കുന്നതിനായായി നിരന്തരം കോപ്പി എഴുതിപ്പിക്കുകയും, പേന പ്രത്യക രീതിയിൽ പിടിച്ച് എഴുതുവാനെല്ലാം അധ്യാപകർ പഠിപ്പിച്ചതെല്ലാം നമ്മളിൽ ചിലർക്കെങ്കിലും ഓർമയിലുണ്ടാകും. കൈയ്യക്ഷരം കണ്ടാൽ ഒരാളുടെ സ്വഭാവം ഉൾപ്പടെ മനസിലാക്കിയെടുക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ചെരിച്ച് എഴുതുന്നവർ ആത്മവിശ്വാസം കുറവുള്ളവരും, നേരേ എഴുതുന്നവർ ധൈര്യശാലികകളാണെന്നാണ് പറയുന്നത്. ഓരോരുത്തരും അവരുടെ സ്വന്തം കഴിവുകൾ കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിച്ച് എടുക്കുമ്പോഴാണ് ഒരു വ്യക്തി എന്ന നിലയിൽ പൂർണ്ണതയിലെത്തുന്നത്.

Articles You May Like

x