
ഒറ്റ നിമിഷം കൊണ്ടു എല്ലാം നഷ്ട്ടമാകും എന്ന് തോന്നി പോകുമ്പോൾ ഈ നശിച്ചജീവിതം എന്തിനെന്ന് നമ്മൾ നമ്മളോടുത്തന്നെ ചോദിക്കുന്ന സമയമുണ്ട്
സച്ചിനെയും ഭവ്യയേയും അറിയാത്തവർ കുറവായിരിക്കും. രണ്ട് വർഷങ്ങൾക്ക് മുന്നേ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു കല്യാണ വാർത്ത ആയിരുന്നു പ്രേമിച്ച പെണ്ണിന് ക്യാൻസർ ആണെന്ന് അറിഞ്ഞിട്ടും അവളെ കൈവിടാതെ നെഞ്ചോട് ചേർത്ത സച്ചിൻ എന്ന യുവാവിന്റെ വാർത്ത. ആദ്യം പുറം വേദനയിൽ തുടങ്ങി പിന്നീടത് അഹസ്യമായ വേദനയോടു കൂടിയ മുഴയായി മാറി. പിന്നെയങ്ങോട്ട് കെട്ടുകേൾവി പോലും ഇല്ലാത്ത ജീവിത സാഹചര്യം ആയിരുന്നു ഇരുവരെയും കാത്തിരുന്നത്. രണ്ട് വർഷങ്ങൾക്കിപ്പുറം അവരുടെ വാർത്ത വീണ്ടും വൈറൽ ആകുകയാണ്. തങ്ങളുടെ ജീവിതാനുഭവം വിവരിച്ചു ഒരു പ്രമുഖ ഫേസ് ബുക്ക് ഗ്രൂപ്പിൽ സച്ചിൻ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറൽ ആകുന്നത്.

ജീവിതം ഇത്ര മനോഹരമാണെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്. സങ്കടങ്ങൾ നമ്മളെ തേടി വരുബോൾ, ഒറ്റ നിമിഷം കൊണ്ടു എല്ലാം നഷ്ട്ടമാകും എന്ന് തോന്നി പോകുമ്പോൾ ചിലപ്പോൾ നമ്മളുടെയൊക്കെ മനസ് കൈവിട്ടു പോകുന്ന സമയമുണ്ട്, ഈ നശിച്ച ജീവിതം എന്തിനെന്ന് നമ്മൾ നമ്മളോടുത്തന്നെ ചോദിക്കാറുമുണ്ട്. എന്നാൽ ആ നശിച്ച കാലം കഴിഞ്ഞാൽ സന്തോഷം നമ്മളെത്തേടിവരും, ഇരുട്ടു നിറഞ്ഞ നമ്മുടെ ജീവിതത്തിലേക്ക് വെളിച്ചം വരും, തീർച്ച. കഴിഞ്ഞ കാലങ്ങളിൽ അവൾ അനുഭവിച്ച സങ്കടങ്ങളും,പ്രതിസന്ധികളും പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമാണ്, വേദനകൾ കടിച്ചമർത്തി പരസ്പ്പരം സന്തോഷങ്ങൾ കണ്ടെത്തി.

പിന്നെ സങ്കടങ്ങൾ എല്ലാം മറക്കാൻ വേണ്ടി പൊള്ളയായിട്ടുള്ള കുറെ സ്വപ്നങ്ങൾ കണ്ടു, അതിൽ ആനന്ദം കണ്ടു. എന്തൊക്കെയോ, ആരിൽ നിന്നും മറക്കാൻ വേണ്ടി യാത്രകളേ അഭയം തേടി. എന്നിട്ടും തീരാത്ത പല പല ചോദ്യങ്ങൾ അവളെ അലട്ടി കൊണ്ടിരുന്നു. ചിലപ്പോൾ എന്തെങ്കിലും ആവട്ടെ വരുന്നിടത്തു വെച്ചു കാണാം എന്നുപറഞ്ഞു ഒരു ദീർഘശ്വാസം എടുത്തു പിരിയും. എന്നാൽ ദിവസങ്ങൾ കഴിയുംതോറും ജീവിക്കാനുള്ള ധൈര്യം അവളിൽ കൂടി കൊണ്ടേയിരിക്കുന്നു. വേദനകൾ ഇപ്പോൾ ശരീരത്തിൽ മാത്രമായി ഒതുങ്ങുന്നു, അല്ലങ്കിൽ ഒതുക്കുന്നു; ചുറ്റിനും നിറഞ്ഞു നിന്നിരുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ പഠിച്ചിരിക്കുന്നു, കുറ്റപ്പെടുത്തിയവരുടെയും ഒറ്റപ്പെടുത്തിയവരുടെയും മുന്നിലൂടെ ചെറുപുഞ്ചിരിയാൽ നടന്ന് നീങ്ങാൻ കഴിയുന്നു.

വേദനകളുടെ ലോകം മറന്ന് ജീവിതം ആസ്വദിച്ചു തുടങ്ങുന്ന അവളുടെ കൂടെ ഒരു തെരാളിയെ പോലെ ഈ യുദ്ധഭൂമിയിൽ കൂടി ഞാനും നടന്നും, ഓടിയും, ചാടിയും നീങ്ങുന്നു , ഇതിൽപ്പരം ആനന്ദം എനിക്ക് ഇനി എന്താണ്. ജീവിതം ഇനിയും ഒരുപാട് തരണം ചെയ്യാൻ ഉണ്ടെങ്കിലും ഇപ്പോൾ എത്തി നിൽക്കുന്ന ഈ അവസ്ഥയിൽ ഞങ്ങൾക്ക് അത്രമാത്രം സന്തുഷ്ട്ടാരാണ്. ഇതുപോലെ തന്നെ തളർന്നിരിക്കുന്ന, ഒറ്റപ്പെട്ടു നിൽക്കുന്ന ഒരുപാട് ആളുകൾ നമുക്കു ചുറ്റും ഉണ്ട് നിങ്ങളെ ജീവിതത്തിലും ഒരുനാൾ ഇരുട്ടു മാറി വെളിച്ചം വരും. അതിനായി കാത്തിരിക്കുക…
– സച്ചിൻഭവ്യ!