കാൻസർ വാർഡിൽ ചികിത്സക്കിടെ പഠിച്ച് MBBS ന് അഡ്മിഷൻ നേടിയ അനുവെന്ന കണ്ണൻ.

അനുവിന്റെ ക്യാൻസറിനെ തോൽപ്പിച്ച് വിജയം വരിച്ച കഥ ആരിലും പ്രചോദനം ഉളവാക്കുന്നതാണ്. പതിനൊന്നാം വയസ്സിലാണ് കണ്ണനെന്ന അനുവിന്റെ ശരീരത്തിലെ രക്തകോശങ്ങളെ തേടി അവനെത്തിയത്. അന്ന് ആ ഏഴാം ക്ലാസുകാരനെ കരുവാറ്റയിലെ അനുപമ എന്ന വീട്ടിൽ നിന്നും അമൃതയിലെ ക്യാൻസർ വാർഡിലേയ്ക്ക് പറിച്ചു നട്ടു. എട്ടാം ക്ലാസു മുറി അവൻ പരീക്ഷ എഴുതാൻ മാത്രമെ കണ്ടിട്ടുള്ളു. മരുന്നുകളുടെ പ്രതി ഫലനം ശരീരത്തിന്റെ വെളിയിലാണ് പ്രകടമായത്.

കൈവെള്ള പോലും കറുത്ത് പോയെന്ന് അവൻ വിങ്ങലോടെ ഓർക്കുന്നു. അന്ന് കേട്ട കളിയാക്കലും ആ മനസ്സിലിപ്പോഴുമുണ്ട്. പിന്നെ അങ്ങോട്ട് യുദ്ധമായിരുന്നു. തോൽവിയും ജയവുമുള്ള നല്ല ഒന്നാന്തരം യുദ്ധം. രണ്ടായിരത്തി പതിനെട്ട് ജനുവരിയിൽ ബോൺ മാരോ എന്ന മാരക അർബുദം അവനെ കിടത്തി കളഞ്ഞു. മരണക്കിടക്കയിലായിരുന്നു താനെന്നാണ് ഓർക്കാൻ ഇഷ്ടമില്ലാത്ത ആ നാളുകളെ പറ്റി അനു ഇപ്പോൾ തേങ്ങലോടെ പറയുന്നത്.

രക്ത കോശങ്ങളെ സൃഷ്ടിക്കുന്ന മാതൃ കോശങ്ങളെയാണ് ക്യാൻസർ ബാധിച്ചത്.അങ്ങനെ ജീവിതത്തിലേയ്ക്ക് അവനെ തിരിച്ചുപിടിക്കാൻ മജ്ജ മാററി വെക്കൽ ശസ്ത്രക്രിയക്ക് അനു വിധേയനായി. പത്തിൽ പത്ത് ഗുണങ്ങളുമായി ചേച്ചിയുടെ ശരീരത്തിൽ നിന്നാണ് അവൻ മജ്ജ സ്വീകരിച്ചത്. സ്വന്തം കണ്ണുകളെപ്പോലും നിയന്ത്രിക്കാനാകാത്ത ആ കറുത്ത ദിവസങ്ങളെ അവന് ഇപ്പോഴും പേടിയാണ്.

പന്ത്രണ്ടാം ക്ലാസിന്റെ പരീക്ഷാ കാലത്താണ് അവനീ വേദനയൊക്കെ ഏറ്റെടുക്കേണ്ടി വന്നത്. അന്ന് അമൃതയിലെ കാൻസർ ജനറൽ വാർഡിലെ കർട്ടനുകൾ ചേർത്തണച്ച് അതിനുള്ളിലിരുന്ന് അവൻ പഠനം തുടർന്നു. ഐസിയുവിലെ കിടക്കയിൽ പോലും അവന്റെ കയ്യിൽ എഴുതിക്കൂട്ടിയ ഉത്തരങ്ങളുടെ നോട്ട് ബുക്കുണ്ടായിരുന്നു. പ്ലസ് ടുവിന് ശേഷം ആലപ്പുഴയിലെ ആൽഫാ എൻട്രൻസ് അക്കാദമിയും അതിന്റെ സാരഥിയായ റോജസ് ജോസായിരുന്നു എംബിബിഎസ് എന്ന സ്വപ്നത്തിലേയ്ക്കുള്ള അനുവിന്റെ വഴികാട്ടി.

അവരുടെ വാക്കുകളും മാതാപിതാക്കളുടെ പ്രാർത്ഥനയും, കീമോയുടെയും ശസ്ത്രക്രിയയടുടെ കൊടിയ വേദനകൾക്കിടയിലും അവനിലെ പഠിതാവിന് ശക്തി പകർന്നു. ആശുപത്രി വാസവും തന്നെ കവരാനെത്തിയ അർബുദ രോഗവുമാണ് കമ്പ്യൂട്ടർ പ്രോഗ്രാമറാകണമെന്ന കുഞ്ഞുന്നാളിലെ ആഗ്രഹം മാറ്റി ഡോക്ടറാകാൻ, അതും അർബുദരോഗത്തിനറെ ഡോക്ടറാകാൻ തീരുമാനിച്ചത്.

പത്ത് വർഷം താൻ കഴിഞ്ഞ വീടും നാടും വീട്ട് താൻ കമ്പ്യൂട്ടറിലൂടെയും മൊബൈലിലൂടെയും കണ്ട വിശാലമായ ലോകത്തേയ്ക്ക് വേദനകൾ മറന്ന് സഞ്ചരിക്കാനൊരുങ്ങുകയാണ് അനു പണിക്കറെന്ന കണ്ണൻ. മകന്റെ പേരിനൊപ്പം ഡോക്ടറെന്ന പട്ടം കൂടി അണിഞ്ഞ് കാണാൻ ഉള്ളതൊക്കെ വിറ്റു പെറുക്കി അച്ഛൻ വാമദേവനും അമ്മ ലൈലയും അവനെ ചേർത്തണക്കുകയാണ്, നമുക്കും അവരോടൊപ്പം പറ്റാവുന്ന വിധത്തിൽ കൈകോർക്കാം കാരണം നമുക്ക് വേണ്ടത് സേവനമാണ്.
ഐപ്പ് വള്ളിക്കാടൻ എന്ന മാധ്യമ പ്രവർത്തകൻ ആണ് അനുവിന്റെ കഥ പുറം ലോകത്തെ അറിയിച്ചത്. അദ്ദേഹം തയ്യാറാക്കിയ വീഡിയോ കാണാം.

https://www.facebook.com/100044521514417/videos/206455217716881/

 

x