
മൂത്ത മകന് മസ്തിഷ്കത്തിലെ അണുബാധ, ഇളയ മകൻ അർബുദ ചികിത്സയിൽ എന്നിട്ടും സ്മിജ തന്റെ വാക്ക് പാലിച്ചു
വിദ്യാഭ്യാസവും സമ്പത്തും ഉള്ളവർ പലരും ധാർമ്മികതയും സത്യസന്ധതയും മറക്കുന്ന കാലമാണ്. ഇവരിൽ നിന്ന് വ്യത്യസ്തമാകുകയാണ് ജീവിക്കാനായി ലോട്ടറി വിൽക്കുന്ന സ്മിജ എന്ന ചെറുപ്പക്കാരി. പണം പിന്നെ നൽകാമെന്ന് പറഞ്ഞാണ് ലോട്ടറി ടിക്കറ്റ് മാറ്റി വയ്ക്കാൻ സ്മിജയോട് ചന്ദ്രൻ ആവശ്യപ്പെട്ടത്. അങ്ങനെ ചന്ദ്രനായി മാറ്റി വെച്ച സ്മിജയുടെ കൈയിലിരുന്ന ടിക്കറ്റിന് ആറ് കോടി രൂപ അടിക്കുന്നു. പണം നൽകാത്തത് കൊണ്ട് നിയമപരമായി ടിക്കറ്റ് ചന്ദ്രൻ്റേതല്ല. അതു കൊണ്ട് തന്നെ അവകാശവാദമുന്നയിച്ചിട്ടും ഫലമില്ല.

ഞായറാഴ്ച 12-ന് ബംബർ ടിക്കറ്റുകൾ ബാക്കി വന്നതോടെ സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രൻ ഉൾപ്പെടെയുള്ളവരെ ഫോണിൽ വിളിച്ച് ടിക്കറ്റെടുക്കാൻ അഭ്യർഥിച്ചു. 6142 എന്ന നമ്പർ മാറ്റി വെക്കാൻ പറഞ്ഞ ചന്ദ്രൻ പണം ഇനി കാണുമ്പോൾ തരാമെന്നും പറഞ്ഞു. ഞായറാഴ്ച വൈകീട്ടോടെ താൻ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചെന്ന് ഏജൻസിയിൽ നിന്ന് അറിയിപ്പ് ലഭിച്ചു. ടിക്കറ്റ് നമ്പർ പറഞ്ഞതോടെ പൈസ പിന്ന തരാമെന്നു പറഞ്ഞ് മാറ്റി വെച്ച ടിക്കറ്റിനാണ് സമ്മാനമെന്ന് സ്മിജ തിരിച്ചറിഞ്ഞു.

സാധാരണക്കാരായ മനുഷ്യരിൽ ഇന്നും ധാർമ്മികതയ്ക്കും സത്യസന്ധതയ്ക്കും വലിയ സ്ഥാനമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു സ്മിജയുടെ പ്രവർത്തി. ഭർത്താവിനെയും കൂട്ടി ചന്ദ്രൻ്റെ വീട്ടിലെത്തി ടിക്കറ്റ് കൈമാറി കാര്യം ബോധിപ്പിക്കുകയായിരുന്നു. എന്നിട്ട് ടിക്കറ്റിന്റെ വിലയായ 200 രൂപ മാത്രം വാങ്ങി മടങ്ങി. കൈയ്യിൽ വന്ന അവസരം തട്ടിക്കളഞ്ഞെന്ന് പറയുന്നവരുണ്ടാകാം. പക്ഷേ സത്യ, ധർമ്മാദികൾക്ക് ജീവിതത്തിൽ വലിയ സ്ഥാനം നൽകുന്നവർ തീർത്തും ഇല്ലാതായിട്ടില്ലെന്ന് ഈ സംഭവം തെളിയിക്കുന്നു. പണം ഉണ്ടാക്കാൻ പരക്കം പായുന്നവരുടെ ഈ കാലഘട്ടത്തിലും സ്മിതയെ പോലെ ഉള്ളവർ ഒരു മാതൃകയാണ്.

സ്മിതയുടെ വാർത്ത സോഷ്യൽ മീഡിയ വലിയ സംഭവമായി കൊണ്ടാടുമ്പോഴും താൻ ചെയ്തത് ഒരു വല്യ കാര്യമായി സ്മിത കരുതുന്നില്ല. ഇതിന് മുൻപും കടം പറഞ്ഞു വെച്ച ടിക്കെട്ടിനു സമ്മാനം അടിച്ചിട്ടുണ്ട്. ഇത്രയും വലിയ തുക അല്ലെങ്കിലും ഒരു ലക്ഷവും അറുപത്തിനായിരവും ഒക്കെ പലർക്കും അടിച്ചിട്ടുണ്ട്. അന്നും ടിക്കെറ്റിന്റെ കാശ് മാത്രം വാങ്ങി സ്മിജ ആ ടിക്കറ്റുകളും കൊടുത്തു. ഇത്തവണ ഇത്രയും വലിയ തുക ആയതുകൊണ്ട് ഇത് ഇത്രയും വലിയ വാർത്ത ആയതെന്നും സ്മിത പറയുന്നു.

സ്മിജയുടെ ഭർത്താവ് രാജേഷിനും ലോട്ടറി വിൽപ്പനയാണ്. സർക്കാരിൽ നിന്നും കിട്ടിയ വീട്ടിലാണ് താമസം. രണ്ട് മക്കളാണ് സ്മിജക്ക്. പതിമൂന്ന് വയസുകാരനായ മൂത്ത മകൻ ജഗൻ മസ്തിഷ്കത്തിലെ അണുബാധയ്ക്ക് ചികിത്സയിലാണ്. ഇളയ കുട്ടി രണ്ട് വയസുള്ള ലുകൈദ് അർബുദത്തിന് ചികിത്സയിലാണ്. കാശിന് ഒരുപാട് ആവശ്യങ്ങൾ ഉണ്ടെങ്കിലും തങ്ങൾക്ക് ജീവിക്കാനുള്ളത് ലോട്ടറി വിറ്റ് കിട്ടുന്നുണ്ട് എന്നാണ് സ്മിതയും രാജേഷും പറയുന്നത്. കയറിക്കിടക്കാൻ ഒരു വീടും ഉണ്ട്. തങ്ങൾക്ക് എന്തിനാണ് ഇത്രയും കാശ് എന്നും സ്മിത ചോദിക്കുന്നു.