വിസ്മയ നേരിട്ട അതേ അനുഭവം തന്നെയായിരുന്നു എനിക്കും ; എന്നാൽ ഞാൻ എടുത്ത ആ തീരുമാനമാണ് എനിക്കെന്റെ ജീവിതം തിരിച്ചു തന്നത്.

വിസ്മയക്ക് വേണ്ടി ഇന്ന് എല്ലാവരും സംസാരിക്കുന്നു. അതുകേൾക്കാൻ ഇന്നീ ലോകത്ത് ആ പെൺകുട്ടിയില്ല. ഒന്നു ചോദിക്കട്ടെ, ജീവിച്ചിരുന്നപ്പോൾ ആരുണ്ടായിരുന്നു ആ കുട്ടിയെ കേൾക്കാൻ? ഇത്രയും അനുഭവിച്ചപ്പോഴും ആരുണ്ടായിരുന്നു ആ കുട്ടിയുടെ കൂടെ? സ്ത്രീധനം മാത്രം മുന്നിൽ കണ്ട് കല്യാണം ആലോചിക്കുന്ന സ്ഥലമാണ് തിരുവനന്തപുരം, കൊല്ലം എന്നാണ് എല്ലാവരും പറയുന്നത്. ആ നാട്ടിലുള്ള പെൺകുട്ടിയാണ് ഞാനും. ഇതുപോലൊരു അച്ഛൻ ജീവിതം മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം തന്ന് കെട്ടിച്ചുവിട്ടാണ് എന്നെയും. വിസ്മയ എന്താണോ അനുഭവിച്ചത്, ഒരു പക്ഷേ അതിൽക്കൂടുതൽ അനുഭവിച്ചു ആ വീട്ടിൽ. ഹ്യൂണ്ടായ് വെർന കാർ, ഒരു കിലോ സ്വർണം, പോക്കറ്റ് മണി, വീ‌ടും സ്ഥലവും. എന്നിട്ടും കുടുംബമഹിമയുള്ള മകന് ഇതു കുറഞ്ഞുപോയി എന്ന് എല്ലാ ദിവസവും പഴി കേൾക്കേണ്ടി വന്നിരുന്നു.

എന്റെ വീട്ടുകാർ തന്നതെല്ലാം അവരുടെ പേരിൽ ബാങ്ക് ലോക്കറിൽ വച്ചിട്ട് അതെല്ലാം മുക്കുപണ്ടങ്ങളാണ് എന്ന് മുഖത്തുനോക്കി പറഞ്ഞവർ. സ്ത്രീധനം തന്നത് കുറഞ്ഞുപോയതിന്റെ പേരിൽ വീട്ടുകാരെ കാണാനോ, വീട്ടുകാരെ വിളിക്കാനോ മൊബൈൽ ഉപയോഗിക്കാനോ പാടില്ലെന്ന് വിലക്കപ്പെട്ടവർ. ഒരു വട്ടമെങ്കിലും ഞങ്ങളുടെ കുഞ്ഞിനെ കണ്ടോട്ടെ എന്ന് ഭർത്താവിന്റെ വീട്ടിൽ വന്ന് അപേക്ഷിച്ച എന്റെ വീട്ടുകാരുടെ മുന്നിൽ എന്നെ മുറിയിലിട്ട് പൂട്ടിയവർ. കഷ്ടപ്പെട്ട് പഠിച്ചതിനാൽ ഒരു ജോലിക്ക് പോയ്ക്കോട്ടെ എന്ന് ചോദിച്ചപ്പോൾ കാശായാൽ നിനക്ക് അഹങ്കാരമാകും, ‍ഞങ്ങളെ അനുസരിക്കില്ല എന്ന് പറഞ്ഞവർ. ഇനി കാശ് തന്നിട്ട് മതി നിങ്ങളുടെ മകളെയും കുഞ്ഞിനെയും എന്ന് പറഞ്ഞ് എന്നെ വീട്ടിൽ കൊണ്ടാക്കിപ്പോയവർ.

എന്നെയും കുഞ്ഞിനെയും ഉപേക്ഷിക്കരുതെന്ന് കാല് പിടിച്ച് കരഞ്ഞ് ഭർത്താവിന്റെ വീട്ടിന്റെ ഗെയ്റ്റിന് മുന്നിൽ കുഞ്ഞുമായി നിന്ന് കരഞ്ഞ ദിവസങ്ങൾ.. എവിടെയായിരുന്നു ഇൗ ആളുകളെല്ലാം? ഞാനിതൊക്കെ അനുഭവിച്ചപ്പോഴെല്ലാം ആരെയും ഞാൻ കണ്ടില്ല. ആരും എനിക്ക് വേണ്ടി സംസാരിച്ചില്ല. എനിക്ക് വേണ്ടിയുള്ള ഒരു നിയമവും അവി‌ടെ കണ്ടില്ല. പക്ഷേ, ഇന്നും ഞാൻ ജീവനോടെ ഇരിക്കുന്നു. എന്റെ മോൾ തിരിച്ചുവന്നാൽ ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു ചേർത്തുപിടിക്കാൻ എനിക്ക് ജന്മം തന്നവരുണ്ടായിരുന്നു. എല്ലാവരും മകൾ ബന്ധം ഒഴിഞ്ഞു നിൽക്കുകയാണ് അല്ലേ എന്ന് ചോദിക്കുമ്പോൾ, അവൾക്ക് ഞങ്ങളുണ്ട് എന്ന് പറഞ്ഞ് കൂടെ നിന്ന എന്റെ വീട്ടുകാർ. ജോലിക്ക് പോകണം, ജീവിച്ച് കാണിക്കണം എന്ന് പറഞ്ഞ് ചേർത്തുനിർത്തി നാട്ടുകാരുടെയും ബന്ധുക്കളുടെയും കുത്തുവാക്കുകളെല്ലാം കേട്ടിട്ടും എന്റെ മാതാപിതാക്കൾ എന്റെ കൂടെ തന്നെയുണ്ടായിരുന്നു.

അതെ, ഇന്ന് ഞാൻ ജീവിക്കുന്നു, ജോലിക്ക് പോകുന്നു. എന്റെ മോനെ പഠിപ്പിച്ച് വളർത്തുന്നു. എല്ലാം ഒറ്റയ്ക്ക് ചെയ്യുന്നു. തിരിഞ്ഞു നടക്കാൻ എനിക്ക് തോന്നിയ ആ ഒരു നിമിഷം, അതൊരു പക്ഷേ, വിസ്മയക്ക് തോന്നിയില്ല. അവിടെയാണ് ‍‍ഞങ്ങൾ രണ്ടു വഴികളിലായത്. അതുവരെ അനുഭവം കൊണ്ട് ഒരേ വഴിയിലൂടെ വന്നവരായിരുന്നു ഞങ്ങൾ. ഇനി പറയാനുള്ളത് നിയമം. വർഷങ്ങളായി കുടുംബ കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ ഒരെണ്ണം മാത്രം. മാനസാന്തരം വന്നാൽ പുള്ളി നന്നാകും, ജീവിക്കുമെന്നൊക്കെ കരുതി മൂന്ന് വർഷം കാത്തിരുന്നു. കൊടുത്ത സ്വർണം, പണം, കാറ് ഇതെല്ലാം തിരിച്ചുകിട്ടാൻ കേസുകൊടുത്തിട്ട് ഇപ്പോൾ പിന്നെയും മൂന്ന് വർഷമായി. ഇതുവരെ ഒരു വിചാരണ പോലും ആ കേസിൽ വിളിച്ചിട്ടില്ല. അവരുടെ രാഷ്ട്രീയ സ്വാധീനം കൊണ്ട് നിയമം എല്ലാം അവർക്കുള്ളതാണ്.

എല്ലാ വർഷവും ഇൻഷുറൻസ് ഒക്കെ പുതുക്കി എൻ്റെ പേരിലുള്ള കാർ അവർ ഉപയോഗിക്കുന്നു. കൊടുത്ത സ്വർണവും പണവുമെല്ലാം ഉപയോഗിച്ച് സുഖമായി ജീവിക്കന്നുണ്ട്. നിയമവും നീതിയും കിട്ടാൻ കോടതിയും വക്കീലാപ്പീസും കയറിയിറങ്ങി എന്റെ ആറ് വർഷങ്ങൾ. പറയാനുള്ളത് ഒന്നു മാത്രം. ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരിക്കുമ്പോൾ കിട്ടിയിട്ടെന്തിനാണ്? പറയുമ്പോൾ, സ്ത്രീയുടെ കൂടെയാണ് എല്ലാ നിയമവും. പക്ഷേ, ഞാനൊന്നും കണ്ടില്ല. ഒന്നും എവിടെയും! ഒന്നും ആർക്കും വരരുതെന്ന് പ്രാർഥിക്കാം. എന്നാൽ എന്തേലും വന്നാൽ, പിടിച്ചുനിൽക്കാൻ നമ്മുടെ പെൺമക്കളെ പ്രാപ്തരാക്കുക–Educate them. ഇന്ന് ഞാൻ എന്റെ സ്വപ്‍നങ്ങളുടെ മുന്നിൽ തലയുയർത്തി നിൽക്കുമ്പോൾ അതിന്റെ പിന്നിൽ, ജീവിക്കാൻ കരുത്ത് തന്ന് എന്തിനും കൂടെ നിന്ന എന്റെ വീട്ടുകാർ മാത്രമാണ്. TEACH UR DAUGHTERS THAT MARRIAGE IS A BEAUTIFUL THING, TEACH THEM IF TO WALK AWAY FROM IT WHEN ITS TOXIC. TEACH THEM THERE IS NOTHING ATTRACTIVE ABOUT ENDURING PAIN AND ABUSE.TEACH THEM THEY ARE NOT DUMPING GROUNDS FOR DYSFUNCTIONAL MEN”.

x