ഉയരങ്ങളിലേക്ക് പൊക്കിയവര്‍ തന്നെ വലിച്ചുതാഴെയിട്ടു: പ്രിയാ വാര്യര്‍

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലൂടെ പ്രശസ്തിയുടെ കൊടുമുടി കയറിയ നടിയാണ് പ്രിയാ വാര്യര്‍. ചിത്രത്തിലെ ഗാനരംഗത്തിലെ കണ്ണിറുക്കലാണ് പ്രിയാ വാര്യരെ താരമാക്കിയത്. തുടര്‍ന്ന് വിവിധ ഭാഷാ ചിത്രങ്ങളിലേക്ക് പ്രിയയ്ക്ക് അഭിനയിക്കാന്‍ ക്ഷണം ലഭിച്ചു. കഴിഞ്ഞയാഴ്ച പ്രിയാ വാര്യര്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ഫോര്‍ ഇയേഴ്‌സ് എന്ന മലയാള ചിത്രം റിലീസ് ചെയ്തിരുന്നു. രഞ്ജിത് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍. ക്യാംപസ് പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. പ്രിയാ വാര്യരും സര്‍ജാനോയുമാണ് പ്രധാന വേഷത്തിലുള്ളത്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കവേ പ്രിയ ‘ ദി ക്യുവിന് ‘ നല്‍കിയ അഭിമുഖത്തില്‍ മുന്‍കാല അനുഭവങ്ങളും സിനിമയെ കുറിച്ചുള്ള കാഴ്ചപ്പാടുകളുമൊക്കെ വിശദമാക്കുന്നുണ്ട്. അഡാര്‍ ലവ് എന്ന ചിത്രത്തിലെ പാട്ടിലെ കണ്ണിറുക്കല്‍ തന്നെ താരമാക്കിയെങ്കിലും പിന്നീട് അഭിമുഖീകരിച്ചത് വലിയ ബുദ്ധിമുട്ടുകളായിരുന്നെന്നു പ്രിയ പറഞ്ഞു. തന്നെ ഉയരങ്ങളിലേക്ക് എടുത്ത് പൊക്കിയവര്‍ തന്നെ വലിച്ചു താഴെയിട്ടു ചവിട്ടുകയായിരുന്നെന്നും പ്രിയ പറഞ്ഞു. വളരെ ചെറുപ്രായത്തില്‍ ലഭിച്ച പ്രശസ്തി ദോഷമാണോ ഗുണമാണോ ചെയ്യുക എന്നു വേര്‍തിരിച്ചറിയാനുള്ള ബോധം തനിക്കുണ്ടായിരുന്നില്ല. എങ്കിലും പെട്ടെന്നുണ്ടായ പ്രശസ്തി ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും പ്രിയാ വാര്യര്‍ പറഞ്ഞു.

പ്രശസ്തി ചില കാര്യങ്ങള്‍ എനിക്ക് എളുപ്പമാക്കി. ഉദാഹരണമായി പറഞ്ഞാല്‍ അത്രയും കാലം ഓഡീഷന്‍ വഴിയൊക്കെയായിരുന്നു ആളുകളിലേക്ക് എത്തിയിരുന്നത്. എന്നാല്‍ പ്രശസ്തയായതോടെ ആളുകളെ സമീപിക്കാന്‍ കൂടുതല്‍ എളുപ്പമായി-പ്രിയ പറഞ്ഞു.
‘ ആദ്യത്തെ സിനിമയ്ക്ക് ശേഷമുള്ള ഇമേജ് മാറ്റിയെടുക്കാന്‍ സാധിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. ഞാന്‍ ചെയ്യുന്ന ഓരോ സിനിമയിലൂടെയും എന്റെ വ്യക്തിത്വ വളര്‍ച്ച പ്രതിഫലിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഓരോ സിനിമ കമ്മിറ്റ് ചെയ്യുമ്പോഴും എന്റെ ആദ്യ സിനിമ എന്ന രീതിയിലാണ് അതിനെ സമീപിക്കാറുള്ളത്. ഇനിയും ഒരുപാട് മുന്നേറാനുണ്ട്. വിമര്‍ശകര്‍ക്ക് സിനിമയിലൂടെ മറുപടി കൊടുക്കാനാണ് ആഗ്രഹം. നായികയായി മാത്രം അഭിനയിക്കണമെന്നില്ല. നല്ല റോളുകള്‍ വന്നാലും സ്വീകരിക്കും. ഞാന്‍ അഭിനയിക്കാനിരിക്കുന്ന മലയാള സിനിമയില്‍ ഞാന്‍ ക്യാരക്ടര്‍ റോളാണ് ചെയ്യാന്‍ പോകുന്നത്.മലയാളം വിട്ട് വിവിധ ഭാഷകളിലുള്ള ചിത്രങ്ങളില്‍ അഭിനയിച്ചപ്പോള്‍ തിരിച്ചറിഞ്ഞ ഒരു കാര്യം തെലുഗ് സിനിമയില്‍ സ്ത്രീകള്‍ക്ക് വലിയ ബഹുമാനം കൊടുക്കുന്നുണ്ട് എന്നാണ്. അതുപോലെ തെലുഗ് പഠിച്ചെടുക്കാന്‍ വലിയ പ്രയാസം നേരിടുകയും ചെയ്തു ‘ -പ്രിയ പറഞ്ഞു.

x