നാട്ടിൽ എന്ത് പണിയും നടത്തിയിട്ട് രക്ഷപ്പെടാം എന്നൊരു വിചാരമുണ്ട്.. പുറകെ ഓടും സാറേ.. ഓടിച്ചിട്ട് പിടിക്കും കേരള പൊലീസ്.. ഓടിയ വഴിയിലൂടെ തിരിച്ചുകൊണ്ടുവരികയും ചെയ്യും..: കേരള പോലീസിനെ അഭിനന്ദിച്ച് നടി കൃഷ്ണ പ്രഭ

കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പത്ത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ മൂന്ന് പേരെ അന്വേഷണ സംഘം പിടികൂടിയിരുന്നു. ചാത്തന്നൂർ സ്വദേശി പത്മകുമാറും ഇയാളുടെ കുടുംബവുമാണ് തെങ്കാശിയിൽ നിന്ന് കസ്റ്റഡിയിലായത്. ഇവരെ അടൂർ കെഎപി ക്യാമ്പിലെത്തിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തിരുന്നു.

സംഭവം നടന്ന് അഞ്ച് ദിവസങ്ങൾക്കകം പ്രതികളെന്ന് സംശയിക്കുന്നവരെ പിടികൂടിയ കേരള പോലീസിനെ അഭിനന്ദിച്ചുള്ള പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ എങ്ങും. നടിയും നർത്തകിയുമായ കൃഷ്ണപ്രഭയും പോലീസിനെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. നേരത്തെ കുട്ടിയെ കണ്ടെത്തിയപ്പോൾ പോലീസിനെ അഭിനന്ദിച്ച് താരം പങ്കുവെച്ച പോസ്റ്റിന് നേരെ ഉണ്ടായ വിമർശനങ്ങൾക്ക് മറുപടിയെന്നോണമാണ് കൃഷ്ണപ്രഭയുടെ പോസ്റ്റ്.

അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡിലെ ഡയലോഗിലൂടെയാണ് നടി കേരള പോലീസിന് ആശംസകൾ നേർന്നത്. “നാട്ടിൽ എന്ത് പണിയും നടത്തിയിട്ട് രക്ഷപ്പെടാം എന്നൊരു വിചാരമുണ്ട്.. പുറകെ ഓടും സാറേ.. ഓടിച്ചിട്ട് പിടിക്കും കേരള പൊലീസ്.. ഓടിയ വഴിയിലൂടെ തിരിച്ചുകൊണ്ടുവരികയും ചെയ്യും..”

കഴിഞ്ഞ ദിവസം ഓയൂരിൽ കാണാതായ പെൺകുട്ടിയെ കണ്ടുകിട്ടിയപ്പോൾ കേരള പൊലീസിനെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടപ്പോൾ പലരും എതിർത്ത് മറുപടി ഇട്ടിരുന്നു. കേരള പൊലീസ് പ്രതികളെ പിടിക്കുമെന്നും അന്ന് പറഞ്ഞിരുന്നു. പ്രതികളെ പിടിച്ചിട്ടുണ്ട്.. കണ്ണൂർ സ്‌ക്വാഡിന്റെ ക്ലൈമാക്സിൽ മമ്മൂക്ക പറഞ്ഞ ഡയലോഗ് ഒന്നൂടെ ഓർമ്മിപ്പിക്കുന്നു..

x