ഓരോ സെക്കന്റിലും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം നിരവധി മനുഷ്യരാണ് മരിച്ചുകൊണ്ടിരിക്കുന്നത്,നിശബ്ദരായി ഇരിക്കാന്‍ കഴിയുന്നത് എങ്ങനെ: പാലസ്തീന്‍ ജനതയ്ക്ക് പിന്തുണയുമായി ഗായിക മഞ്ജരി

പാലസ്തീന്‍ ജനതയ്ക്ക് പിന്തുണയുമായി രംഗത്തുവന്നിരിക്കുകയാണ് ഗായിക മഞ്ജരി. ഓരോ സെക്കന്റിലും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം നിരവധി മനുഷ്യരാണ് മരിച്ചുകൊണ്ടിരിക്കുന്നത്, എങ്ങനെയാണ് ഇത്തരം സാഹചര്യത്തില്‍ നിശബ്ദരായി ഇരിക്കാന്‍ കഴിയുന്നതെന്നും മഞ്ജരി ചോദിക്കുന്നു.

‘ഏത് തരത്തിലുള്ള യുദ്ധത്തെയും കൊലപാതകത്തെയും ഞാന്‍ അപലപിക്കുന്നു. കുഞ്ഞുങ്ങളും പുരുഷന്മാരും സ്ത്രീകളും മരിക്കുന്ന വീഡിയോകളാണ് ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും ഓരോ മിനിറ്റും ഓരോ സെക്കന്റിലും. കണ്ണുതുറന്ന് വെടിനിര്‍ത്തലിന് മുറവിളി കൂട്ടുന്നതിന് മുമ്പ് ഇനിയും എത്രയെത്ര ജീവനുകളാണ് നമുക്ക് നഷ്ടപ്പെടുത്തേണ്ടത്? നമ്മുടെ പ്രദേശത്ത് ഇത് സംഭവിക്കുകയാണെങ്കില്‍ നമ്മള്‍ മിണ്ടാതിരിക്കുമോ?’ ഇന്‍സ്റ്റഗ്രാമിലൂടെയാണ് മഞ്ജരി യുദ്ധത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പ്രതികരിച്ചത്.

നിരവധി ആരാധകരുള്ള ഗായികയാണ് മഞ്ജരി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിൽ ഇളയാരാജ ഈണമിട്ട താമരക്കുരുവിക്കു തട്ടമിട് എന്ന ഗാനം ആലപിച്ചാണ് മഞ്ജരി മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. വ്യത്യസ്തമായ ആലാപന ശൈലിയും ശാസ്ത്രീയ സംഗീതത്തിലെ അവഗാഹവും കൊണ്ട് ചലച്ചിത്ര ഗാനശാഖയിൽ വേറിട്ട പാതയൊരുക്കി. ഒരു ചിരി കണ്ടാൽ , പിണക്കമാണോ , ആറ്റിൻ കരയോരത്തെ തുടങ്ങി ശ്രദ്ധേയ ഗാനങ്ങൾ മഞ്ജരി ആലപിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള കേരള സർക്കാറിന്റെ അവാർഡ് നേടി. വേറിട്ട ആലാപന ശൈലി കൊണ്ടും ശബ്ദം കൊണ്ടുമാണ് മലയാളി പ്രേക്ഷകരുടെ മനം മഞ്ജരി കവർന്നത്.

Articles You May Like

x