എൻ്റെ കു‍ഞ്ഞിന് ഇന്നലെ എട്ട് വയസ്സ് തികഞ്ഞു, എല്ലാ ദിവസവും അവനിൽ നിന്നും പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്, ഞാൻ എല്ലാം തികഞ്ഞൊരു അമ്മയാകേണ്ട ആവശ്യമില്ല; ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് ജ്യോത്സ്‌ന

മലയാളികളുടെ ഏറെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് ജ്യോത്സ്‌ന. പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനം ആലപിച്ചുകൊണ്ടാണ് താരം മലയാള പിന്നണി ഗാന രംഗത്ത് എത്തുന്നത്. നമ്മൾ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് എന്ന ഗാനമാണ് ജ്യോത്സനയ്ക്ക് വഴിത്തിരിവ് ആയത്. സോഫ്റ്റ് വെയർ എഞ്ചിനിയർ ശ്രീകാന്താണ് ജ്യോത്സ്‌നയുടെ ഭർത്താവ്. ദമ്പതികൾക്ക് ഒരു മകനുണ്ട്. 2010ൽ ആയിരുന്നു ഇവരുടെ വിവാഹം.

ഇപ്പോഴിതാ മകന്റെ ജന്മദിനത്തിൽ ഹൃദ്യമായ ഒരു കുറിപ്പ് പങ്കുവച്ചെത്തിയിരിക്കുകയാണ് ജ്യോത്സ്ന. നീണ്ട നിയന്ത്രണങ്ങൾക്കൊടുവിലുള്ള മനോഹരമായ പിറന്നാളായിരുന്നു ഇതെന്നും മകൻ കുഞ്ഞായിരുന്നപ്പോൾ മുതലുള്ള ഓരോ ഓർമയിലേക്കും തന്റെ മനസ്സ് ഇപ്പോൾ മടങ്ങി ചെല്ലുകയാണെന്നും ജ്യോത്സ്ന കുറിച്ചു.

“പത്തോ പന്ത്രണ്ടോ വയസ്സ് വരെ മാത്രമേ കുട്ടികൾ തങ്ങളുടെ മാതാപിതാക്കളെ നിരുപാധികമായി സ്നേഹിക്കുകയും ജീവിതത്തിലെ ഏറ്റവും മികച്ച വ്യക്തിത്വങ്ങളായി അവരെ കാണുകയും ചെയ്യുകയുള്ളുവെന്ന് പലരും പറയാറുണ്ട്. ആ പ്രായത്തിനു ശേഷം അവർ തങ്ങളുടെ സ്വന്തം വഴി കണ്ടെത്തുകയും അഭിപ്രായങ്ങൾ പറയുകയും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുകയും സ്വന്തമായി ഒരു ലോകം സൃഷ്ടിച്ചെടുക്കുകയും ചെയ്യുമെന്നാണ് പൊതുവെ പറയപ്പെടുന്നത്.

എന്റെ കു‍ഞ്ഞിന് ഇന്നലെ എട്ട് വയസ്സ് തികഞ്ഞു. കഴിഞ്ഞ കുറച്ചു കാലമായി ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ അവസാനിപ്പിച്ചു കൊണ്ടുള്ളതായിരുന്നു ഈ പിറന്നാൾ. എങ്കിലും ഒരു അമ്മയെന്ന നിലയിലുള്ള പല ചിന്തകളും എന്റെ മനസ്സിൽ നിറഞ്ഞു. കുഞ്ഞുങ്ങൾ വേഗം വളരണമെന്നും സ്വതന്ത്രരാകണമെന്നും എല്ലാവരും ആഗ്രഹിക്കാറുണ്ട്. അതുവഴി മാതാപിതാക്കൾക്കും തങ്ങളുടേതായ സമയം കണ്ടെത്താമല്ലോ.

എന്നാൽ പിന്നീട് അവരുടെ പഴയ ചിത്രങ്ങൾ കാണുമ്പോൾ ആ പൂർവ കാലത്തിലേക്കു മടങ്ങിച്ചെല്ലാൻ മാതാപിതാക്കൾ ആഗ്രഹിക്കും. കുഞ്ഞുങ്ങളുടെ ആദ്യത്തെ നടത്തം, ആദ്യത്തെ പല്ല്, ആദ്യ സ്കൂൾ ദിനം തുടങ്ങിയതടക്കമുള്ള നല്ലോർമ കാലത്തിലേക്ക് നാം അറിയാതെ എത്തിച്ചേരും.ഞാൻ എല്ലാ ദിവസവും എന്റെ മകനിൽ നിന്നും പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്, അവൻ എന്നെ പലതും പഠിപ്പിക്കുന്നു. ഞാൻ എല്ലാം തികഞ്ഞ അമ്മയാകേണ്ട ആവശ്യമില്ല. എന്റെ സാന്നിധ്യം മാത്രം അവന്റെയടുത്ത് ഉണ്ടായാൽ മതി

x