നാലാം വയസ്സിൽ ഭിക്ഷാടന മാഫിയ തട്ടികൊണ്ടുപോയി കണ്ണുകൾ ചൂഴ്ന്നെടുത്തു ; നഷ്ട്ടപ്പെട്ടു പോയതെല്ലാം തിരിച്ചുപിടിച്ച് കരീം മാഷ്

കൃത്യമായി പ്രായം എത്ര കാണുമെന്ന് അറിയില്ല. ഓർമയും, ബുദ്ധിയും ഉറച്ചു വരുന്നതേയുള്ളു. വീട്ടുമുറ്റത്ത് സന്തോഷവാനായി കളിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ വന്നതും, കഴിക്കാൻ മിഠായി തന്നതും മാത്രം ഓർമയുണ്ട്. മിഠായി കഴിച്ചതും ബോധമില്ലാതെ നിലത്തു വീഴുകയായിരുന്നു. തനിയ്ക്ക് കിട്ടിയത് സ്നേഹത്തിൻ്റെ മധുരമല്ലെന്നും, ചതിക്കുഴിലേയ്‌ക്കുള്ള പാത തുറക്കുകയായിരുന്നെന്നും സ്വയം ബോധ്യപ്പെടാൻ ആ മനുഷ്യന് അധികനാൾ കാത്തിരിക്കേണ്ടി വന്നില്ല.

താൻ തമിഴ്നാട്ടിലാണെന്നും, ഭിക്ഷാടന മാഫിയയുടെ കരങ്ങളിൽ അകപ്പെട്ട് പോയെന്നും നിസഹായതയോടെ നോക്കി നിൽക്കേണ്ടി വന്നൊരു ബാലൻ. അവൻ്റെ രണ്ട് കണ്ണുകളും ചൂഴ്ന്നെടുത്ത് ഭിക്ഷാടനത്തിനായി പറഞ്ഞു വിട്ടു.  ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ ഓർത്തെടുക്കുമ്പോൾ അക കണ്ണിൻ്റെ കാഴ്ചകളാൽ കരീം മാഷിൻ്റെ ഉള്ളം നീറുകയായിരുന്നു.  മുൻപൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത വിധം ആ മനുഷ്യൻ്റെ ഹൃദയമിടിപ്പും കൂടുന്നുണ്ടായിരുന്നു.  1970 – കളിലാണ് നാല് വയസുകാരനായ ബാലനെ ഭിക്ഷാടനത്തിനും, ബാലവേലയ്‌ക്കുമായി വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോകുന്നത്. തൻ്റെ വീട് എവിടെയെന്ന് അദ്ദേഹത്തിന് ഇപ്പോഴും അറിയില്ല. പാലക്കാട് നിന്നാണ് തന്നെ ഭിക്ഷാടന മാഫിയയ്ക്ക് കിട്ടിയതെന്ന് അവരുടെ സംസാരത്തിൽ നിന്നും മനസിലാക്കുകയായിരുന്നു.  കാലം ഒരുപാട് മുൻപോട്ട് സഞ്ചരിച്ചു.

49 വയസുള്ള കരീം എന്ന ആ മനുഷ്യൻ കോഴിക്കോട് കൊളത്തറ അന്ധവിദ്യാലയത്തിലെ സംഗീതാധ്യാപകനാണിപ്പോൾ. മലപ്പുറത്ത് പൂക്കോട്ടൂർ പള്ളിമുക്കിൽ ഭാര്യയ്ക്കും, രണ്ടു കുഞ്ഞുങ്ങൾക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നു. തമിഴ്നാട്ടിലെ തെരുവുകളിലും, റെയിൽേവ സ്‌റ്റേഷനുകളിലും ഭിക്ഷാടന വേഷം ധരിപ്പിച്ച്, പാട്ടും പാടിപ്പിച്ചു കൊണ്ട്  പിറകിൽ  പ്രവർത്തിക്കുന്ന ഭിക്ഷാടന മാഫിയ ഇവരിൽ നിന്നും ജീവിക്കുവാനുള്ള പണം കണ്ടെത്തും. ആരുമായും ബന്ധപ്പെടാനോ, സംസാരിക്കുവാനോ പാടില്ല.  ബസ്‌സ്റ്റാൻഡിലോ, പീടിക തിണ്ണയിലോ എല്ലാമായിട്ടാണ് ഉറക്കം.

തന്നെപോലെ നിരവധി ആളുകൾ ഇത്തരം ഭിക്ഷാടന മാഫിയയുടെ കെണിയിൽ കുടുങ്ങി പോയിട്ടുണ്ടെന്നും, അവരുടെ വീടോ, മാതാപിതാക്കളെക്കുറിച്ചോ അവർക്ക് അറിയില്ലെന്നും, ഉപ്പയെയും, ഉമ്മയെയും തിരക്കിയപ്പോൾ അവർ ഉടനെ വരുമെന്നായിരുന്നു മറുപടിയെന്നും ഇതിനെല്ലാം ഇടയ്ക്ക് എപ്പോഴാണ് അവർ തൻ്റെ കണ്ണുകൾ ചൂഴ്ന്നെടുത്തതെന്ന് അറിയില്ലെന്നും വേദനയോടെ കരീം മാഷ് ഓർക്കുന്നു. ഏഴാമത്തെ വയസിൽ തമിഴ്നാട്ടുകാരനായ വൃദ്ധനൊപ്പം ഭിക്ഷാടനത്തിനയായി മലപ്പുറത്തെ കാളികാവിൽ എത്തിയെന്നും, ചായ കുടിക്കാനായി ഹോട്ടലിൽ കയറിയപ്പപ്പോൾ മലയാളത്തിൽ സംസാരിച്ച തന്നോട് അവിടെയുള്ള ആളുകൾ വീട് എവിടെയെന്ന് അന്വേഷിക്കുകയുണ്ടായി. കള്ളത്തരങ്ങൾ ബോധ്യപ്പെട്ട അവിടെയുള്ള ജനം തന്നെ പോലീസിൽ ഏൽ പ്പിക്കുകയായിരുന്നെന്നും, അവിടെ നിന്നാണ് തൻ്റെ ജീവിതമാകെ മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. നാട്ടുകാരുടെ നേതൃത്വത്തിൽ തിരൂര്‍ക്കാട് ഇലാഹിയ യതീംഖാനയില്‍ ചേര്‍ത്തു.  പത്രത്തില്‍ പരസ്യം നല്‍കിയതിന് പിന്നാലെ കാലിക്കറ്റ് ഇസ്ലാമിക് കള്‍ചറല്‍ സൊസൈറ്റി തന്‍റെ പഠനം ഏറ്റെടുത്ത് നടത്തുകയായിരുന്നു.

ജീവിതത്തിൽ സന്തോഷം എന്തെന്നറിഞ്ഞ നാളുകൾ. ചെറുവണ്ണൂര്‍ ഹൈസ്കൂളില്‍നിന്ന് 10ാം ക്ലാസ് പാസായി. കുട്ടിക്കാലം മുതലേ സംഗീതത്തോട് താൽപര്യം ഉണ്ടായിരുന്നെന്നും, ആ ഇഷ്ടമാണ് പിന്നീട് തന്നെ പാലക്കാട് ചെൈമ്ബ സംഗീത കോളജില്‍ നിന്ന് വയലിന്‍ ഗാനഭൂഷണം പാസാകുന്നതിൽ വരെ കൊണ്ട് ചെന്ന് എത്തിക്കുന്നതെന്നും കരീം മാഷ് കൂട്ടിച്ചേർത്തു. ഓർത്തെടുക്കാൻ ഒട്ടും ആഗ്രഹിക്കാത്ത ജീവിതാനുഭവങ്ങൾ ഉള്ളിൽ തളം കെട്ടി നിൽക്കുമ്പോഴും, മാഷിന് കൂട്ട് ജീവനോളം സ്നേഹിച്ച സംഗീതമാണ്. വയലിൻ മാത്രമല്ല, ഹാര്‍മോണിയവും തബലയും ഭംഗിയായി ആ കൈകൾക് വഴങ്ങും. 2001 -ല്‍ റംലയെ തൻ്റെ ബീവിയായി കൂടെ കൂട്ടി. കരീം മാഷിനും, ഭാര്യ റംലയ്ക്കും താങ്ങും, തണലുമായി രണ്ട് മക്കളുണ്ട്. ഫാത്തിമ റൗഫയും, ഫാത്തിമ നിഷാനയും. കേട്ടുകേൾവി മാത്രം ആയിരുന്നില്ല, കുട്ടികളെ തട്ടിക്കൊണ്ടു പോകലും, കണ്ണ് ചൂഴ്ന്നെടുക്കലും ഇപ്പോഴും ഭിക്ഷാടന മാഫിയ നടത്തി വരുന്നു എന്നതിൻ്റെ ജീവിക്കുന്ന ഉദാഹരണമാണ് കരീം മാഷ്.

x