ഏപ്രിൽ 1 വിഡ്ഢി ദിനമാണ്, എന്നാൽ നിങ്ങൾക്ക് അത് ഏപ്രിൽ 11നായിരിക്കും, നിങ്ങളുടെ പരിഹാസം അന്ന് വീണുടയും: ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ, മഹിമ നമ്പ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ജയ് ഗണേഷ്. സിനിമയെ സോഷ്യൽ മീഡിയയിലൂടെ തെറ്റായി വ്യാഖ്യാനിക്കുന്നതിനെതിരെ നടൻ ഉണ്ണി മുകുന്ദൻ രം​ഗ്തത്. നിങ്ങളുടെ പരിഹാസം ഏപ്രിൽ 11ന് വീണുടയുമെന്നും ഇത്തരം വിഡിയോകളിലൂടെ ഇവർ സ്വയം വിഡ്ഢികളായി മാറുകയാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

‘ജയ് ഗണേഷ് എന്ന സിനിമ എന്താണെന്ന് ഇദ്ദേഹത്തിന് കൃത്യമായൊരു വ്യക്തതയില്ല. ഇവരുടെ രാഷ്ട്രീയ വീക്ഷണവുമായി എന്റെ സിനിമകളെ ബന്ധിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം എനിക്കു മനസ്സിലാക്കാനാകും. പുറത്തുവരുന്ന ഓരോ സിനിമയും എന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിനുള്ള ചവിട്ടുപടിയല്ലാതെ മറ്റൊന്നുമല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇവർ കഠിനമായി ശ്രമിക്കുന്നുണ്ട്. അതിനെ ഞാൻ തികച്ചും അഭിനന്ദിക്കുന്നു.

കേരളത്തിലും അതിന്റെ ചുറ്റുപാടുകളിലുമായി നടക്കുന്ന എല്ലാ കാര്യങ്ങളെയും ജയ് ഗണേഷ് സിനിമയുമായി ബന്ധിപ്പിക്കാൻ തീവ്രമായി ശ്രമിക്കുന്ന ഒരാളുടെ വിഡിയോ ഞാൻ ഇവിടെ പങ്കുവയ്ക്കുന്നു. ഈ സംഭവിക്കുന്നതെല്ലാം എന്റെ മാർക്കറ്റിങ് ഗിമ്മിക്കിങിന്റെ ഭാഗമാണെന്നാണ് ഇവർ ഇതിലൂടെ വരുത്തി തീർക്കുന്നത്.

ഇതുപോലുള്ള ഡിജിറ്റൽ ഉള്ളടക്കങ്ങൾക്ക് യൂട്യൂബ് പണം നൽകുമെന്നും അതു നിങ്ങളുടെ ജീവിതം നിലനിർത്താൻ സഹായിച്ചേക്കാമെന്നും ഞാൻ മനസ്സിലാക്കുന്നു, എന്നാൽ ഇത്തരം ഊഹാപോഹങ്ങൾ നിരത്തി നിരാശനായ ഒരു മനുഷ്യനെപ്പോലെ ആകാതിരിക്കാൻ ശ്രമിക്കുക. റിലീസ് പോലുമാകാത്ത സിനിമയെ പരാമർശിച്ച്, ഒരു അജണ്ട സിനിമയായി വരുത്തിത്തീർത്ത് അതിൽ നിന്നു വരുമാനം നേടുന്നത്, ഒരു വ്യക്തി എന്ന നിലയിൽ നിങ്ങൾ എവിടെയാണെന്ന് കാണിക്കുന്നു.

നിങ്ങളുടെ പരിഹാസം ഏപ്രിൽ 11-ന് വീണുടയും, ഡാർലിങ്. അന്നാണ് ജയ് ഗണേഷ് റിലീസ് ചെയ്യുന്നത്. ഏപ്രിൽ 1 വിഡ്ഢി ദിനമാണ്, എന്നാൽ നിങ്ങൾക്ക് അത് ഏപ്രിൽ 11നായിരിക്കും. ഈ കണ്ടന്റ് നന്നായി ആസ്വദിച്ചു. ജയ് ഗണേശിനെ അടിസ്ഥാനമാക്കിയുള്ള ഇതുപോലുള്ള വിഡിയോ ചെയ്ത് നിങ്ങൾ ജീവിതത്തെ അതിജീവിക്കണമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു.’’–ഉണ്ണി മുകുന്ദന്റെ വാക്കുകൾ.

മലയാളികളുടെ പ്രിയ താരം ജോമോളും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ഒരിടവേളയ്‌ക്ക് ശേഷം ജോമോൾ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തുന്നതിൽ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. അടുത്തിടെ ജിയോ ബേബി ചിത്രം ‘കാതലി’ൽ ജ്യോതികയ്‌ക്ക് ശബ്‌ദം നൽകി ജോമോൾ കൈയ്യടി നേടിയിരുന്നു.

ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് ‘ജയ് ഗണേഷ്’ സിനിമയിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡ്രീംസ് ആൻഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്നാണ് ‘ജയ് ഗണേഷി’ൻറെ നിർമാണം.

ചന്ദ്രു ശെൽവരാജ് ആണ് ഈ ചിത്രത്തിൻറെ ഛായാഗ്രാഹകൻ. എഡിറ്റിങ് സംഗീത് പ്രതാപും നിർവഹിക്കുന്നു. ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, വാണി മോഹൻ, രഞ്ജിത്ത് ശങ്കർ എന്നിവർ എഴുതിയ വരികൾക്ക് സംഗീതം പകരുന്നത് ശങ്കർ ശർമ്മയാണ്.

 

Articles You May Like

x