അവരെയൊക്കെവെച്ചു നോക്കുമ്പോൾ നടൻ മമ്മൂട്ടിയെ കൈയ്യെടുത്ത് തൊഴണം , നിര്‍മാതാവ് രാജന്‍ പറയുന്നു

ഒരുകാലത്ത് സിനിമാ നിര്‍മാതാക്കളെ കണ്‍കണ്ട ദൈവങ്ങളെ പോലെ താരങ്ങളും സംവിധായകരും കണക്കാക്കിയിരുന്നു. എന്നാല്‍ ആ കാലമൊക്കെ മാറി. ഇന്ന് സൂപ്പര്‍താരങ്ങള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന തലത്തിലേക്ക് എത്തി. കഥയിലും, തിരക്കഥയിലും ഇടപെടുന്ന താരങ്ങളെ കുറിച്ചൊക്കെ നമ്മള്‍ ഇടയ്ക്ക് ചില മാധ്യമവാര്‍ത്തകളിലൂടെ കേള്‍ക്കുകയും കാണുകയും ചെയ്യാറുണ്ട്. പണ്ടൊക്കെ നിര്‍മാതാവ് പണം ചെലവഴിച്ചതിനു ശേഷം പിടിക്കുന്ന സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തു കഴിയുമ്പോഴാണ് മുടക്കിയ പണം കണ്ടെത്തുന്നത്. അതുകൊണ്ടു തന്നെ നിര്‍മാതാക്കള്‍ക്ക് ഒരു പ്രാധാന്യം ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല അവസ്ഥ. താരമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ചിത്രത്തിന്റെ റിലീസിനു മുന്‍പു തന്നെ സാറ്റ്‌ലൈറ്റ് സംപ്രേക്ഷണാവകാശത്തിലൂടെയും മറ്റും വലിയ വരുമാനം ലഭിക്കുന്നുണ്ട്. താരങ്ങളുടെ മൂല്യമനുസരിച്ച് ഓരോ ചിത്രങ്ങള്‍ക്കും റിലീസിനു മുന്‍പു തന്നെ വരുമാനം കണ്ടെത്താനാകും. ഇന്ന് ഒട്ടുമിക്ക താരങ്ങള്‍ക്കും സ്വന്തമായി നിര്‍മാണ കമ്പനിയുള്ളവരുമാണ്.

ഈ ഘടകള്‍ കാരണം നിര്‍മാതാക്കളെ ഇപ്പോള്‍ താരങ്ങള്‍ ബഹുമാനിക്കുന്നില്ലെന്ന പരാതി വ്യാപകവുമാണ്. എന്നാല്‍ സമീപകാലത്ത് മുതിര്‍ന്ന തമിഴ് നിര്‍മാതാവ് കെ.രാജന്‍ മമ്മൂട്ടിയെ കുറിച്ച് നടത്തിയ പരാമര്‍ശം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയുണ്ടായി.സൂപ്പര്‍ താരമായിട്ടു കൂടി മമ്മൂട്ടി ഷൂട്ടിംഗിനെത്തുന്നത് സ്വന്തം കാരവനിലാണെന്നും കാരവന്റെ ഡ്രൈവറുടെ ബാറ്റയും ഡീസല്‍ ചെലവും അദ്ദേഹം തന്നെയാണ് വഹിക്കുന്നതെന്നുമാണ് രാജന്‍ പറഞ്ഞത്. എന്നാല്‍ തമിഴ് സൂപ്പര്‍ താരങ്ങളായ അജിത്, നയന്‍താര, തൃഷ, ആന്‍ഡ്രിയ തുടങ്ങിയവര്‍ ഇപ്രകാരമല്ല ചെയ്യുന്നതെന്നും രാജന്‍ പറഞ്ഞു. ഇവര്‍ക്കൊക്കെ സിനിമയില്‍ അഭിനയിക്കാന്‍ കോടികള്‍ പ്രതിഫലം നല്‍കാറുണ്ട്. പക്ഷേ, ഇവര്‍ ഷൂട്ടിംഗ് സൈറ്റില്‍ വരുമ്പോള്‍ കാരവന്റെ പേരിലും അവരുടെ സഹായികളുടെ പേരിലും അധിക ചെലവ് നിര്‍മാതാവിന് വരുത്തി വയ്ക്കുന്നുണ്ടെന്നും രാജന്‍ പറഞ്ഞു. പണ്ട് ഒരു സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ ഒരു കാരവന്‍ മതിയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഒരു സിനിമയ്ക്ക് വേണ്ടി പത്തും പന്ത്രണ്ടും കാരവനുകള്‍ ആവശ്യമായി വരികയാണ്. നായികയ്ക്കും നായകനും പ്രത്യേകം കാരവനുകള്‍ വേണം. കാരവന്റെ വാടക, അത് ഓടിക്കുന്ന ഡ്രൈവറുടെ സാലറി, ഇന്ധം തുടങ്ങിയവയ്ക്കായി വലിയൊരു തുക ചെലവഴിക്കേണ്ടതായി വരുന്നു. നയന്‍താര ഷൂട്ടിംഗിന് വരുമ്പോള്‍ ഏഴ് സഹായികളെങ്കിലും കൂടെ കാണും. ഒരു സഹായിക്ക് പതിനയ്യായിരം രൂപ ദിവസക്കൂലിയായി നല്‍കണം. ഇത്തരത്തില്‍ നിര്‍മാതാവിന് ഒരു ദിവസം അധികമായി ചെലവാകുന്നത് ഒരു ലക്ഷത്തിലധികം രൂപയാണെന്നും രാജന്‍ പറഞ്ഞു.ഇവിടെയാണ് മമ്മൂട്ടി വ്യത്യസ്തനാകുന്നത്. അദ്ദേഹം തമിഴ്‌നാട്ടിലാണ് ഷൂട്ടിംഗ് എങ്കില്‍ പോലും സ്വന്തം കാരവനിലാണ് വരുന്നതെന്നും രാജന്‍ പറഞ്ഞു.

x