ഇടവേളകളില്‍ പോലും പൃഥ്വിരാജ് വീട്ടിലിരിക്കുന്നത് അപൂര്‍വ്വം: മല്ലിക സുകുമാരന്‍

നടന്‍, നിര്‍മാതാവ്, സംവിധായകന്‍, ഗായകന്‍ തുടങ്ങിയ വിവിധ റോളുകളില്‍ തിളങ്ങിയ വ്യക്തിയാണ് പൃഥ്വിരാജ് സുകുമാരന്‍. മലയാള സിനിമാ രംഗത്ത് കൈവച്ച മേഖലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. താരം അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ ഗോള്‍ഡ് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. അല്‍ഫോണ്‍സ് പുത്രനാണ് സംവിധായകന്‍. നേരം, പ്രേമം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗോള്‍ഡ്. ഗോള്‍ഡില്‍ പൃഥ്വിരാജിനൊപ്പം മല്ലിക സുകുമാരനും പ്രധാനപ്പെട്ടൊരു റോളിലുണ്ട്. കഴിഞ്ഞ ദിവസം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിലെ വിശേഷങ്ങള്‍ മല്ലിക സുകുമാരന്‍ പങ്കുവയ്ക്കുകയുണ്ടായി.ഗോള്‍ഡ് എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ അഭിനയിക്കാന്‍ സെറ്റിലാണെന്ന തോന്നലേ ഉണ്ടായിരുന്നില്ലെന്ന് മല്ലിക പറഞ്ഞു. ചിത്രത്തില്‍ മകന് കഞ്ഞി കൊടുക്കുന്ന രംഗമുണ്ട്. അത് വീട്ടിലെ പോലെ തന്നെയായിരുന്നെന്നു മല്ലിക പറഞ്ഞു. വീട്ടില്‍ അടുപ്പമുള്ള അമ്മയും മക്കളും എവിടെ പോയാലും ആ അടുപ്പം കാണുമല്ലോ. അതു തന്നെയാണ് ‘ ഗോള്‍ഡി ‘ ലും സംഭവിച്ചത്.

ചിത്രത്തില്‍ സുകുമാരനെ പൃഥ്വിയുടെ അച്ഛനായി കൂടി കാണിച്ചപ്പോള്‍ ശരിക്കും വീട്ടിലെ പോലെ തന്നെയാണ് സംഭവിച്ചതെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.ഷൂട്ടിംഗ് കഴിഞ്ഞുള്ള ഇടവേളകളില്‍ വിശ്രമിക്കാനായി വീട്ടില്‍ പൃഥ്വി വരാറുണ്ടെങ്കിലും പലപ്പോഴും വീട്ടില്‍ അധികം നേരം ചെലവഴിക്കുന്നത് കണ്ടിട്ടില്ലെന്നും മല്ലിക പറഞ്ഞു. ഗോള്‍ഡ് എന്ന സിനിമയില്‍ ചായയും വടയും ഒരു പ്രധാനപ്പെട്ട ഐറ്റമാണ്. അതുകൊണ്ടു തന്നെ അവതാരകന്റെ ചോദ്യവും ചായയും വടയെയും കുറിച്ചായി. പൃഥ്വിരാജിന് എത്രവട്ടം ചായയും വടയും പാചകം ചെയ്ത് നല്‍കിയിട്ടുണ്ടെന്നായിരുന്നു മല്ലികയോട് ചോദിച്ചത്. ‘ എത്രയോ തവണ ‘ എന്നായിരുന്നു മല്ലികയുടെ മറുപടി. വിവാഹമൊക്കെ കഴിഞ്ഞപ്പോഴല്ലേ പൃഥ്വിയെ അടുത്തു കിട്ടാതായത്. അതിനു മുന്‍പ് താന്‍ പാചകം ചെയ്തു കൊടുക്കുന്ന ചായയും വടയുമായിരുന്നു പൃഥ്വിയുടെ ഏറ്റവും രുചികരമായ ഭക്ഷണമെന്നും മല്ലിക പറഞ്ഞു. ഇപ്പോള്‍ പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്യേണ്ടി വരാറുണ്ട്. അതുകാരണം പല ഹോട്ടലുകളിലെയും ഭക്ഷണങ്ങളെ ആശ്രയിക്കേണ്ടിയും വരും.

അതൊക്കെ കഴിച്ച് ഞാന്‍ ഉണ്ടാക്കി കൊടുത്തിരുന്ന ഭക്ഷണത്തിന്റെ രുചിയൊക്കെ ഇപ്പോള്‍ പൃഥ്വിക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നും മല്ലിക പറഞ്ഞു.ഗോള്‍ഡ് എന്ന ചിത്രത്തില്‍ താന്‍ അഭിനയിച്ച കഥാപാത്രത്തെ കുറിച്ച് നിരവധി പേരാണ് അഭിപ്രായം ഫോണിലൂടെ അറിയിക്കുന്നത്. ഒട്ടനവധി സന്ദേശങ്ങളും ഫോണില്‍ വരുന്നുണ്ട്. തമാശ പറയുന്ന, ഡാന്‍സ് കളിക്കുന്ന പൃഥ്വിരാജിനെ നിരവധി കാലങ്ങള്‍ക്കു ശേഷമാണ് സിനിമയിലൂടെ കാണാനാകുന്നതെന്ന് നിരവധി പേര്‍ പറയുന്നുണ്ട്. ഇത്തരത്തിലൊരു റോള്‍ പൃഥ്വിക്ക് നല്‍കിയ അല്‍ഫോണ്‍സിനെ അഭിനന്ദിച്ചും ഒരുപാട് പേര്‍ രംഗത്തുവരുന്നുണ്ടെന്നും മല്ലിക പറഞ്ഞു.
പ്രേമം എന്ന സിനിമ കണ്ടതു മുതല്‍ താന്‍ അല്‍ഫോണ്‍സ് പുത്രന്റെ ആരാധികയായി മാറിയെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു.

x