രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു, അമ്മ മരിച്ച സങ്കടം അറിയിക്കാതെയാണ് അച്ഛൻ എന്നെ വളർത്തിയത്, രണ്ടാമത്തെ വിവാഹത്തിൽ അച്ഛന് ഒരു മകൻ കൂടിയുണ്ട്: ഹരീഷ് കണാരൻ

കോമഡി വേദികളിലൂടെ വന്ന് മലയാളികളുടെ പ്രീയപ്പെട്ട താരമായി മാറിയ നടനാണ് ഹരീഷ് കണാരൻ. ഹാസ്യം കൈകാര്യം ചെയ്യുന്നതിലെ മികവുകൊണ്ടുതന്നെ ഹരീഷിന് ചുരുങ്ങിയ കാലയളവിൽ ധാരാളം സിനിമകൾ ലഭിച്ചു. വളരെയധികം കഷ്ടപ്പാടുകളിൽ നിന്നാണ് ഇയാൾ സിനിമയിലെത്തിയത്.

ഇലകട്രീഷ്യൻ, കൽപ്പണി, തിയറ്റർ ഓപ്പറേറ്റർ,ഓട്ടോ ഡ്രൈവർ എന്നി പലതരം ജോലികൾ ചെയ്ത് ജീവിതത്തോട് മല്ലിട്ടശേഷമാണ് സിനിമയിലേക്ക് പ്രവേശിക്കുന്നത്. ഇതിനിടയിലാണ് പഠിക്കണമെന്ന മോഹം മനസ്സിലെത്തിയത്. അങ്ങനെ കോഴിക്കോട് പെരുമണ്ണയിലെ ടാഗോർ ട്യൂഷൻ സെന്ററിലെത്തി. അവിടെവെച്ചാണ് പാട്ടുകാരിയായ സന്ധ്യയെ കാണുന്നത്. പിന്നെ പത്ത് വർഷത്തെ പ്രണയം. ഇപ്പോളിതാ കുടുംബ്തതെക്കുറിച്ച് പറയുകയാണ് ഹരീഷ്.

സരോജിനി എന്നായിരുന്നു അമ്മയുടെ പേര്. ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് അമ്മ ടിബി വന്ന് മരിച്ചത്. അടുത്തവർഷം അച്ഛൻ വേറെ കല്യാണം കഴിച്ചു. പിന്നീട് ചെറിയമ്മയുടെ വീട്ടിലായിരുന്നു താമസം. അമ്മയേക്കാൾ എനിക്ക് അടുപ്പം അച്ഛനോടായിരുന്നു. ചിലപ്പോൾ വയ്യാതെ കിടക്കുന്ന അമ്മ മരിക്കും എന്ന് മനസിലായതു കൊണ്ടായിരിക്കും അച്ഛനോട് കൂടുതൽ അടുത്തത്.

അമ്മ മരിച്ച സങ്കടം അറിയിക്കാതെയാണ് അച്ഛൻ എന്നെ വളർത്തിയത്. അമ്മയില്ലാത്ത കുട്ടിയല്ലേ എന്ന് കരുതി ഒന്നിനും വഴക്കു പറഞ്ഞിട്ടില്ല. രാമചന്ദ്രമേനോൻ എന്നായിരുന്നു അച്ഛന്റെ പേര്. സ്വകാര്യ ബാങ്കുദ്യോഗസ്ഥനായിരുന്നു. അച്ഛനും അമ്മയ്ക്കും ഞാൻ ഒരു മോനാണ്. അമ്മ മരിച്ചപ്പോൾ എല്ലാവരും പറഞ്ഞു ഇനി ഈ വീട്ടിൽ നിൽക്കണ്ട മാറിത്താമസിക്ക് എന്ന്. അങ്ങനെ ഞങ്ങൾ പെരുമണ്ണയിലെ സ്വന്തം വീട്ടിൽ നിന്നും തിരുവണ്ണൂരെ മാമന്റെ വീട്ടിലേക്ക് താമസം മാറ്റി

മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ വേറെ വിവാഹം കഴിച്ചത്. ചെറിയമ്മയുടെ പേര് തിലകം എന്നാണ്. പിന്നെ ഞാനും അച്ഛനും ചെറിയമ്മയുടെ വീട്ടിലേക്ക് മാറി. പെരുമണ്ണയിലെ ഞങ്ങളുടെ വീട് ആൾത്താമസമില്ലാതെ നശിച്ചു പോയി.

ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് മാമൻ പെരുമണ്ണയിലേക്ക് താമസം മാറ്റിയത്. ഞാനും അവർക്കൊപ്പം പോന്നു. എന്റെ കല്യാണം കഴിയുന്നത് വരെ പിന്നെ ഞാൻ അവർക്കൊപ്പമായിരുന്നു. തന്റെ മാമൻ, അതായത് അമ്മയുടെ ഏട്ടൻ, വിവാഹം കഴിച്ചത് തന്റെ അച്ഛന്റെ അനിയത്തിയെയാണ്. പങ്കജം എന്നാണ് അവരുടെ പേരെന്നും താരം പറയുന്നു.

അച്ഛൻ എല്ലാ ആഴ്ചയും തന്നെ കാണാൻ പെരുമണ്ണയിലേക്ക് വരും. തനിക്ക് വേണ്ടതെല്ലാം വാങ്ങിച്ചു തരും. രണ്ടാമത്തെ വിവാഹത്തിൽ അച്ഛന് ഒരു മകൻ കൂടിയുണ്ട്. ശ്രീകുമാർ. താമസം മാമന്റെ വീട്ടിലായിരുന്നതിനാൽ അനിയുമായി തനിക്ക് അത്ര അടുപ്പം ഉണ്ടായിരുന്നില്ല. മറിച്ച് മാമന്റെ മക്കളോടായിരുന്നു ഹരീഷിന് അടുപ്പം. എന്നാൽ ഇപ്പോൾ താനും ശ്രീകുമാറും അടുത്തുവെന്നും താരം പറയുന്നു. അച്ഛൻ ഏഴ് വർഷം മുമ്പ് മരിച്ചു. അനിയന്റെ കല്യാണത്തിന്റെ സമയത്ത് അച്ഛന്റെ സ്ഥാനത്തു നിന്ന് എല്ലാം ചെയ്തത് ഹരീഷായിരുന്നു. അനിയൻ ഇപ്പോൾ ദുബായിലാണ്.

x