സ്ത്രീധനം വാങ്ങുന്നത് പോലുള്ള തെണ്ടിത്തരം ലോകത്തില്ല, ആണത്വമുള്ളവൻ ഒരിക്കലും അങ്ങനെ ചെയ്യില്ല, ചോദിച്ചാൽ തിരിച്ച്‌ ചോദിക്കാനുള്ള തന്റേടം പെൺപിള്ളേർക്ക് വേണം: വിജയ രാഘവൻ

സ്ത്രീധനം നൽകുന്നവരെയും വാങ്ങുന്നവരെയും രൂക്ഷമായി വിമർശിച്ച്‌ നടൻ വിജയരാഘവൻ. സ്ത്രീധനം വാങ്ങുന്നത് പോലുള്ള ഏറ്റവും വലിയ തെണ്ടിത്തരം ലോകത്തില്ലെന്നാണ് വിജയരാഘവൻ പറയുന്നത്.

ആണത്വമുള്ളവൻ ഒരിക്കലും സ്ത്രീധനം വാങ്ങില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. തന്റെ ഏറ്റവും പുതിയ വെബ്സീരീസായ പെരിനല്ലൂർ പ്രീമിയർ ലീഗിന്റെ പ്രമോഷന്റെ ഭാഗമായി ഓൺലൈൻ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വിജയരാഘവൻ അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞത്.

ഇത്രയും വലിയ തെണ്ടിത്തരം ലോകത്തില്ല. ഞാൻ സ്ത്രീധനം വാങ്ങിച്ചിട്ടില്ല, എന്റെ അച്ഛൻ സ്ത്രീധനം വാങ്ങിച്ചിട്ടില്ല. എന്റെ മക്കൾക്ക് സ്ത്രീധനം കൊടുത്തിട്ടില്ല, ഞാൻ ചോദിച്ചിട്ടുമില്ല. സ്ത്രീധനം ചോദിക്കുന്നത് ഏറ്റവും വലിയ ചെറ്റത്തരമായിട്ടാണ് ഞാൻ കാണുന്നത്. ചോദിച്ചാൽ തിരിച്ച്‌ ചോദിക്കാനുള്ള തന്റേടം പെൺപിള്ളേർക്ക് വേണം. സ്ത്രീധനം ചോദിച്ചാൽ ഒരിക്കൽ പോലും കല്യാണം കഴിക്കരുത്’

‘എന്ത് കിട്ടും, എന്തുണ്ട് എന്ന് ചോദിച്ചാൽ അവനെ ഒരിക്കലും കല്യാണം കഴിക്കരുത്. അവനെ വിശ്വസിക്കാനേ കൊള്ളില്ല. ഞാൻ എന്റെ രണ്ട് മക്കളുടെയും കാര്യം അന്വേഷിച്ചിട്ടുമില്ല, ചോദിച്ചിട്ടുമില്ല. ഇന്നും അവരുടെ സ്വത്തുക്കളൊന്നും മേടിച്ചിട്ടുമില്ല. എന്റെ മൂത്തമകൻ കല്യാണം കഴിച്ചിട്ട് പത്ത് പതിമൂന്ന് വർഷമായി. ഒരിക്കലും അങ്ങനെ ഉണ്ടായിട്ടില്ല. ഞങ്ങളുടെ വീട്ടുകാരും അവരുടെ വീട്ടുകാരും തമ്മിൽ നല്ല ബന്ധമാണ്. അപ്പോൾ എന്തിനാണ് ആവശ്യമില്ലാത്ത കാര്യം അന്വേഷിക്കാൻ പോകുന്നത്’- വിജയരാഘവൻ പറഞ്ഞു.

‘സ്ത്രീധനം കൊടുക്കുന്നവരും കുറ്റക്കാരാണ്. എന്തിനാണ് സ്ത്രീധനം കൊടുക്കുന്നത്. കുഞ്ഞിനെ കൊലയ്ക്ക് കൊടുക്കുകയല്ലേ അത്. ചില പെൺകുട്ടികളും സ്ത്രീധനത്തിന് കാരണക്കാരാണ്. ഞാൻ വീട്ടിൽ നിന്ന് പോകുകയല്ലേ, എന്ത് കിട്ടും വീട്ടിൽ നിന്ന് എന്ന് ചോദിക്കുന്നവരുണ്ട്. ഞാൻ കയറിച്ചെല്ലുന്ന വീട്ടിൽ എനിക്ക് വിലവേണം എന്നൊക്കെയാണ് അവർ പറയാറുള്ളത്. ഈ ഒരു ബോധം പെൺകുട്ടികൾക്കുണ്ട്. അത് പാടില്ല’- വിജയരാഘവൻ വ്യക്തമാക്കി.

Articles You May Like

x