മുസ്തഫയുമായുള്ള വിവാഹം ലവ് ജിഹാദാണെന്നും തങ്ങൾക്ക് കുട്ടികളുണ്ടാവുകയാണെങ്കിൽ അത് ജിഹാദിലൂടെയായിരിക്കുമെന്നും പറഞ്ഞു; വിവാഹം കഴിക്കുന്നത് മറ്റൊരു ജാതിയിലോ മതത്തിലോ പെട്ടയാളാണെങ്കിൽ എന്താണ് തെറ്റെന്ന് പ്രിയാമണി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. തെന്നിന്ത്യയിലെ മിക്ക സൂപ്പർ താരങ്ങൾക്കുമൊപ്പം നടി അഭിനയിച്ചിട്ടുണ്ട്. ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തിയതോടെയാണ് പ്രിയാമണിയെ മലയാളികൾ അടുത്തറിയുന്നത്. തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി മലയാളത്തിലും നിരവധി ചിത്രങ്ങളുടെ ഭാഗമായി. ഇപ്പോൾ ബോളിവുഡിലും തിളങ്ങുകയാണ് പ്രിയാമണി.

അജയ് ദേവ്ഗണിനൊപ്പം മൈതാൻ, ഷാരുഖ് ഖാൻ ആറ്റ്ലി ചിത്രം വീരാട പർവ്വം തുടങ്ങി വമ്പൻ പ്രൊജക്ടുകളുടെ ഭാഗമാണ് പ്രിയാമണി. ഹിന്ദിയിലെ സൂപ്പർ ഹിറ്റ് വെബ്‌സീരീസുകളായ ഫാമിലി മാൻ1, 2 സീസണുകളിൽ നടി പ്രധാന വേഷങ്ങത്തിൽ തിളങ്ങി. സോഷ്യൽ മീഡിയയുടെ പലതരത്തിലുള്ള വിമർശനങ്ങളും പ്രിയയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പ്രിയാമണിയുടെ വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമർശനങ്ങളും അതികഠിനമായിരുന്നു. ഇസ്ലാം മത വിശ്വാസിയായ മുസ്തഫയെ വിവാഹം കഴിച്ചതിന്റെ പേരിലാണ് താരത്തിന് സൈബർ ആക്രമണം നേരിട്ടത്. ലവ് ജിഹാദടക്കമുള്ള ആരോപണങ്ങൾ പ്രിയാമണിയുടെ വിവാഹത്തിനെതിരെ ഉയർന്നു വന്നിരുന്നു.

വിവാഹത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിന്നും കേൾക്കേണ്ടി വന്ന വിമർശനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയാമണി. തങ്ങളുടെ വിവാഹം ലവ് ജിഹാദാണെന്നും തങ്ങൾക്ക് കുട്ടികളുണ്ടാവുകയാണെങ്കിൽ അത് ജിഹാദിലൂടെയായിരിക്കുമെന്നും ചിലർ പറഞ്ഞുവെന്നാണ് പ്രിയാമണി പറയുന്നത്.ഞാൻ ജീവിതത്തിലെ അടുത്ത ഘട്ടമായ വിവാഹത്തിലേക്ക് കടന്നപ്പോഴും വിമർശനങ്ങൾ കേട്ടു. എന്തിനാണ് നിങ്ങളുടെ മതത്തിന് പുറത്തുള്ള ഒരാളെ വിവാഹം കഴിക്കുന്നതെന്ന് ചിലർ ചോദിച്ചു. നിങ്ങളുടെ കുട്ടികളുണ്ടാവുക ജിഹാദിലൂടെയാണെന്നും ഇത് ലവ് ജിഹാദാണെന്നും പറഞ്ഞു. പറയുന്നത് കേൾക്കൂ, നിങ്ങൾ പരിധി വിടുകയാണ്! ഞാൻ വിവാഹം കഴിക്കുന്നത് എനിക്ക് പ്രണയം തോന്നിയയാളെയാണ്.

ഞാൻ അവിവാഹിതയായിരുന്നപ്പോൾ നിങ്ങൾ ദേവതയാണെന്ന് പറഞ്ഞവരാണ്. അതാണ് ഇതാണ് എന്നൊക്കെ പറയും. എനിക്ക് വേണ്ടി എന്തിനും തയ്യാറാകും. പക്ഷെ ഞാൻ വിവാഹം കഴിക്കുകയാണെന്ന് ഒരു പെൺകുട്ടി പറഞ്ഞാൽ അതൊക്കെ മാറും. പ്രണയം കാരണമാണ് വിവാഹം കഴിക്കുന്നത്. അയാൾ മറ്റൊരു ജാതിയിലോ മതത്തിലോ പെട്ടയാളാണെങ്കിൽ എന്താണ്? എന്താണ് തെറ്റ്? എന്നാണ് പ്രിയാമണി ചോദിക്കുന്നത്.

എല്ലാ മുസ്ലീങ്ങളും ഐസിസ് അല്ല. ലവ് ജിഹാദോ? എന്ത് വിവരക്കേടാണ് പറയുന്നത്. ഗ്രോ അപ്പ്! നമ്മൾ ജീവിക്കുന്നതൊരു ആധുനിക ലോകത്താണ്. ഇന്ത്യ മതേതരത്വ രാഷ്ടമ്രാണ്. ഹിന്ദുവും മുസ്ലീം സിഖും സഹോദരങ്ങളാണ് എന്ന് പറയുന്നത് പിന്നെ എന്തിനാണ്? അങ്ങനെ പറയുന്നത് നിർത്തരുതോ. ഒരു വിഭാഗം അങ്ങനെ പറയുമ്പോൾ മറ്റൊരു വിഭാഗം നീ ഹിന്ദുവാണ്, നീ മുസ്ലീമാണെന്ന് പറയും. എന്തിനാണ് വിവരക്കേട് പറയുന്നത്? എന്നും താരം ചോദിക്കുന്നു.

നിങ്ങൾ സന്തോഷിക്കുന്നുണ്ടെങ്കിൽ നല്ലത്. സന്തോഷമില്ലെങ്കിലും നല്ലത്. നിങ്ങൾ സന്തുഷ്ടരല്ലെന്ന് കരുതി നിങ്ങളെ ഞാൻ പിടിച്ചിരുത്തി ഇയാളെ ഇഷ്ടപ്പെടണം എന്ന് പറയില്ല. ഇത് എന്റെ ജീവിതമാണ്. അടുത്ത ഘട്ടത്തിലേക്ക് പോകുമ്പോൾ ആരുടെ കൂടെ ജീവിക്കണം എന്നത് എന്റെ തീരുമാനമാണ്. നാളെ ഞാൻ വേറൊരാളെ വിവാഹം കഴിക്കണമെന്ന് പറഞ്ഞാൽ നിങ്ങളെന്ത് ചെയ്യും? ഞാനൊരു ഉദാഹരണം പറഞ്ഞതാണ് അല്ലാതെ ചെയ്യുമെന്നല്ലെന്നും പ്രിയാമണി പറയുന്നു.

തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ചും പ്രിയാമണി സംസാരിക്കുന്നുണ്ട്. ”പിന്നെ ജീവിതത്തിലൊരു ഘട്ടം വന്നു. കോവിഡിന് ശേഷം. എന്റെ ഭാരം കുറഞ്ഞു. അപ്പോൾ ചിലർ പറഞ്ഞത് നിങ്ങളെന്തിനാണ് വണ്ണം കുറച്ചത്, തടിയുള്ളതാണ് ഭംഗിയെന്ന്. ചിലർ പറഞ്ഞത് നിങ്ങളെ ഇപ്പോൾ കാണാനാണ് ഭംഗിയെന്നാണ്. 99 ശതമാനും പേരും നല്ല അഭിപ്രായമാണ് പറയുന്നത്. ഒരു ശതമാനം പേരാണ് നെഗറ്റീവ് പറയുന്നത്” എന്നാണ് പ്രിയാമണി പറയുന്നത്.

Articles You May Like

x