രാവിലെ വാട്സാപ് തുറന്നപ്പോൾ കണ്ട ഫോട്ടോ ഉണ്ടാക്കിയ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല ; നിങ്ങൾക്ക് ഇതുകൊണ്ടു എന്ത് സന്തോഷമാണ് ലഭിക്കുന്നത്

മലയാള സിനിമയിൽ സൂപ്പർതാര പരിവേഷമുള്ള നടനാണ് ശ്രീനിവാസൻ. മമ്മൂട്ടിയേയും മോഹന്ലാലിനേയും പോലെ മലയാളികൾ നെഞ്ചിലേറ്റിയ നടൻ. നടൻ എന്നതിലുപരി സംവിധായകനായും തിരക്കഥാകൃത്തായും കഴിവ് തെളിയിച്ചിട്ടുള്ള ആളാണ് ശ്രീനിവാസൻ. ചുരുക്കത്തിൽ ഒരു സകലകലാ വല്ലഭൻ എന്ന് വിശേഷിപ്പിക്കാവുന്ന പ്രതിഭ. നർമ്മത്തിനു പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചു. ശ്രീനിവാസൻ മാത്രമല്ല ശ്രീനിവാസന്റെ കുടുംബത്തോടും മലയാളികൾക്ക് ഒരു പ്രത്യേക സ്നേഹം ഉണ്ട്. അതുകൊണ്ടു തന്നെ ശ്രീനിവാസൻ അസുഖബാധിതനായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി എന്ന വാർത്ത വളരെ സങ്കടത്തോടെയാണ് എല്ലാവരും കണ്ടത്.

 

 

ഏതാനും ആഴ്ചകൾക്ക് മുന്നേയാണ് ശ്രീനിവാസനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു എന്ന വാർത്തകൾ പുറത്തു വരുന്നത്. അതിനിടെ അദ്ദേഹം മരണപ്പെട്ടു എന്നും ചിലർ പറഞ്ഞു പരത്തി. എന്നാൽ പ്രചരിക്കുന്നതൊന്നും സത്യമല്ല അദ്ദേഹം ആരോഗ്യവാനായി ഇരിക്കുന്നു എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തന്നെ വ്യക്തമാക്കിയതോടെയാണ് പലർക്കും സമാധാനമായത്. ഇപ്പോഴും ഒരു പുഞ്ചിരിയോടെ നമ്മൾ കണ്ടിട്ടുള്ള ശ്രീനിയേട്ടനെ ആ പഴയ ചുറുചുറുകോടെ തിരിച്ചുകിട്ടാനുള്ള പ്രാര്ഥനയിലായിരുന്നു മലയാളികൾ. ഇതിനിടെയാണ് അദ്ദേഹത്തിന്റെ ഒരു ചിത്രം കഴിഞ്ഞ ദിവസം വാട്സ്ആപ്പിൽ പ്രചരിച്ചത്.

ചികിത്സയിലിരുന്ന അദ്ദേഹത്തിന്റെ ഒരു സ്വകാര്യ ചിത്രമാണ് ആരോ എടുത്തു പ്രചരിപ്പിച്ചതു. ചിത്രത്തിൽ അദ്ദേഹം ക്ഷീണിതൻ ആണെങ്കിലും ഫോട്ടോ എടുക്കുന്ന ആളെ നോക്കി കൈ പൊക്കി കാണിക്കുകയാണ് ശ്രീനിവാസൻ. അതുകൊണ്ടു തന്നെ അദ്ദേഹവുമായി അടുത്ത് ബന്ധമുള്ള ആരോ ആണ് ചിത്രം പകർത്തിയിരിക്കുന്നത് എന്ന് വ്യക്തമാണ്. എന്നാൽ ഈ ചിത്രം എങ്ങനെയാണു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് എന്ന് അറിയില്ല. നല്ല ഉദ്ദേശത്തോടെയോ മോശം ഉദ്ദേശത്തോടെയോ ഈ ചിത്രം പ്രചരിക്കുന്നവർക്കെതിരെ വന്ന ഒരു ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ…

രാവിലെ വാട്സാപ് തുറന്നപ്പോൾ കണ്ട ഫോട്ടോ ഉണ്ടാക്കിയ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. തളർന്ന് ആശുപത്രിയിൽ കിടന്നു ചിരിക്കുന്ന ശ്രീനിവാസന്റെ ഫോട്ടോ. പഴയ ശ്രീനിവാസനുമായി ഒരു സാമ്യവുമില്ല. ഇനിയും മനസ്സിലാകാത്ത കാര്യം ഈ വേദനാജനകമായ ചിത്രം ഫോർേവഡ് ചെയ്യുകയും അതിനു താഴെ കമന്റ് ഇടുകയും ചെയ്യുമ്പോൾ ഇവർക്കൊക്കെ എന്തു സന്തോഷം കിട്ടുന്നുവെന്നാണ്. കെപിഎസി ലളിത ചേച്ചിയുടെയും ലത മങ്കേഷ്കറുടെയും ഇതുപോലുള്ള ഫോട്ടോകളും ആഘോഷിക്കപ്പെട്ടിരുന്നു. രോഗക്കിടക്കയിലെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരുടെ മകളോ ഭാര്യയോ അച്ഛനോ ഇതുപോലെ ആശുപത്രിയിൽ കിടന്നാൽ ഇതുപോലെ ആഘോഷിക്കുമോ? തട്ടിപ്പോകാറാറായ അച്ഛനൊപ്പം എന്നു പറഞ്ഞു സെൽഫിയെടുത്തു പോസ്റ്റ് ചെയ്യുമോ? കാറ്റു പോകാറായ അമ്മയ്ക്കൊപ്പമൊരു സെൽഫി എന്നു പറഞ്ഞു പോസ്റ്റിടുമോ?

ശ്രീനിവാസൻ മരിച്ചെന്നു പറഞ്ഞ് ആദരാഞ്ജലി പോസ്റ്റ് ചെയ്ത ഒരുപാടുപേരുണ്ട്. ഇത് ആദ്യമായി പോസ്റ്റ് ചെയ്യുന്ന ആൾ എന്തായാലും ക്രിമിനലാകുമെന്നുറപ്പാണ്. അല്ലെങ്കിൽ ഇതുപോലൊരു വാർത്ത പോസ്റ്റ് ചെയ്യില്ലല്ലോ. പ്രമുഖരായ എല്ലാവരേയും ഇതുപോലെ വധിച്ചിട്ടുണ്ട്. അതുപോലെയല്ല രോഗാവസ്ഥയിലുള്ള ഒരാളുടെ ചിത്രം പോസ്റ്റ് ചെയ്യുന്നതും ഫോർവേഡ് ചെയ്യുന്നതും. ശ്രീനിയെ ഓർക്കേണ്ടത് എഴുതിയ സിനിമകളിലൂടെയാണ്. പറഞ്ഞ വാക്കുകളിലൂടെയാണ്. ഇന്നും സിപിഎം നേരിടുന്ന ഏറ്റവും വലിയ സൈബർ ആക്രമണം ശ്രീനിവാസൻ എഴുതിയ സന്ദേശത്തിലെ പാർട്ടി യോഗത്തിലെ വാക്കുകളാണ്. ശരിക്കും പൊളിച്ചെഴുതിയ വാക്കുകൾ. എന്നിട്ടും അവർ ശ്രീനിവാസന്റെ വീടിന്റെ ജനാലയുടെ ഗ്ലാസ് കല്ലെറിഞ്ഞു പൊട്ടിച്ചില്ല. കാരണം, ശ്രീനിയുടെ വാക്കുകളിലെ സത്യസന്ധത എറിഞ്ഞു തകർക്കാവുന്നതല്ലെന്ന് അവർക്കറിയാം. പഴത്തൊലി ചവിട്ടിയും ചാണകക്കുഴിയിൽ വീണും ചിരിക്കേണ്ടി വന്ന മലയാളിയെ ചിരിയുടെ പുതിയൊരു ലോകത്തേക്കു നടത്തിയതു ശ്രീനിയാണ്. ഇത്രയേറെ നമ്മെ സന്തോഷിപ്പിച്ച ഒരാളുടെ ആരും കാണാൻ ആഗ്രഹിക്കാത്തൊരു ഫോട്ടോ ഫോർവേഡ് ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം എന്താണാവോ?

 

നിങ്ങളുടെ വേണ്ടപ്പെട്ടവരെ ഈ ഫോട്ടോയുടെ സ്ഥാനത്തു സങ്കൽപിക്കുക. അല്ലെങ്കിൽ നിങ്ങളെ സ്വയം സങ്കൽപിക്കുക. ആശുപത്രിക്കിടക്ക നിങ്ങൾക്കു വേണ്ടിയും കാലം കാത്തുവച്ചില്ലെന്നാരുകണ്ടു? ആ പാവം മനുഷ്യനെ വെറുതെ വിടുക. ഒന്നുമില്ലെങ്കിലും ആ ഫോട്ടോയിൽ കൂടെ നിൽക്കുന്ന ഭാര്യ വിമല ഇത്തരമൊരു ഫോട്ടോ പ്രചരിക്കുന്നതു കാണാൻ ആഗ്രഹിക്കില്ലല്ലോ. ശ്രീനിയോട് അത്രയെങ്കിലും കരുണ കാണിക്കണം.

x