അസുഖമില്ലാത്ത ഭര്‍ത്താവിന് 2015 മുതല്‍ മാനസികരോഗത്തിനുള്ള മരുന്ന് ഭക്ഷണത്തില്‍ കലക്കി കൊടുത്തു; യുവതി പിടിയില്‍

ല്ലാത്ത അസുഖത്തിന്റെ പേരില്‍ ഭക്ഷണത്തിലും വെള്ളത്തിലും തുടര്‍ച്ചയായി മരുന്ന് കലര്‍ത്തി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭാര്യ അറസ്റ്റില്‍. കോട്ടയം ജില്ലയിലെ പാലാ മീനച്ചില്‍ പാലക്കാട് സതീമന്ദിരം വീട്ടില്‍ 36 കാരിയായ ആശാ സുരേഷ് ആണ് അറസ്റ്റിലായിരിക്കുന്നത്. 38 കാരനായസതീഷ് ആണ് ഭാര്യയുടെ ക്രൂരതകള്‍ക്കിരയായത്. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ പാലായിലാണ് താമസിച്ചുവരുന്നത്.

 

 

സതീഷ് യുവതിയെ വിവാഹം കഴിക്കുന്നത് 2006ലാണ്. പിന്നീട് 2008ല്‍ മുരിക്കുംപുഴയിലുള്ള ഭാര്യവീട്ടില്‍ തമസമാക്കി. തുടര്‍ന്ന് സ്വന്തമായി പ്രമുഖ ഐസ്‌ക്രീം കമ്പനിയുടെ ഡിസ്ട്രിബ്യൂഷന്‍ ആരംഭിച്ചു. 2012ലാണ് പാലക്കാട് സ്വന്തമായി ഒരു വീട് വാങ്ങി അങ്ങോട്ട് താമസം മാറിയത്. ഭാര്യ വിവാഹം കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ മുതല്‍ തന്നെ ചെറിയ കാര്യങ്ങള്‍ക്ക് പോലും വഴക്കിടുന്നത് പതിവായിരുന്നു.

 

സതീഷ് വ്യാഴാഴ്ചയാണ് ഭാര്യയ്‌ക്കെതിരെ പരാതി നല്‍കാന്‍ പൊലീസിന സമീപിക്കുന്നത്. അദ്ദേഹംത്തിന് കുറച്ചു കാലങ്ങളായി തുടര്‍ച്ചയായി വലിയ ക്ഷീണം അനുഭവപ്പെടാറുണ്ടായിരുന്നു. തുടര്‍ന്ന് ഡോക്ടറെ കാണിച്ചു. ഷുഗര്‍ താഴ്ന്നതാകാം എന്ന് വിചാരിച്ച് മരുന്ന് കഴിച്ചു. പക്ഷേ, ക്ഷീണത്തിന് ഒരു കുറവും ഉണ്ടായില്ല. ഒരിക്കല്‍ 20 ദിവസത്തോളം വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാതെ പുറത്ത് നിന്ന് കഴിച്ചപ്പോള്‍ അദ്ദേഹത്തിന് ക്ഷീണമൊന്നും തോന്നിയില്ല. ഇതോടെ യുവാവിന് സംശയം തോന്നാനിടയായി. മറ്റെന്തോ കാരണം കൊണ്ടാണ് തനിക്ക് ക്ഷീണം അനുഭവപ്പെടുന്നതെന്ന നിഗമനത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു.

 

വസ്തുത എന്താണെന്നറിയാനായി യുവാവ് ഭാര്യയുടെ കൂട്ടുകാരിയെ സമീപിച്ചു. ഭാര്യ തനിക്ക് എന്തെങ്കിലും മരുന്ന് നല്‍കുന്നുണ്ടോ എന്ന് ചോദിച്ചറിയാന്‍ ആവശ്യപ്പെടുകയായിരുന്നു. പറഞ്ഞ പ്രകാരം കൂട്ടുകാരി അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വസ്തുതകളുടെ ചുരുളഴിയുന്നത്. 2015 മുതല്‍ യുവതി തന്റെ ഭര്‍ത്താവിന് നല്‍കിക്കൊണ്ടിരിക്കുന്നത് മാനസികരോഗത്തിനുള്ള മരുന്നായിരുന്നു. ഭക്ഷണത്തില്‍ കലര്‍ത്തിയാണ് അവ നിരന്തരം കൊടുത്തുകൊണ്ടിരുന്നത്. മരുന്നിന്റെ ചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ കൂട്ടുകാരിക്ക് അയച്ച് കൊടുക്കുകയും ചെയ്തു. സത്യങ്ങള്‍ അറിഞ്ഞ ഭര്‍ത്താവ് ഉടന്‍ തന്നെ പൊലീസിനെ സമീപിച്ച് വിവരങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തു.

 

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ വീട്ടില്‍ നിന്ന് മരുന്ന് കണ്ടെടുത്തു. യുവതിയുടെ അറസ്റ്റ് രേറപ്പെടുത്തുകയും ചെയ്തു.ജില്ലാ പൊലീസ് മേധാവി പറഞ്ഞതനുസരിച്ച് പാലാ ഡി വൈ എസ് പി ഷാജു ജോസിന്റെ നേതത്വത്തില്‍ പാലാ എസ് എച്ച് ഒ കെ.പി.ടോംസണ്‍, എസ് എ അഭിലാഷ് എം ഡി, എ എസ് എ ജോജന്‍ , സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുമേഷ്, വനിതാ പോലീസ് ബിനുമോള്‍, ലക്ഷ്മി, രമ്യ എന്നിവരാണ് യുവതിയെ അറസ്റ്റ് ചെയ്യാനെത്തിയത്.കൂടുതല്‍ പേര്‍ യുവതിയുടെ സഹായത്തിനുണ്ടായിരുന്നോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സതീഷിന്റെ സ്വത്ത് തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്നും സംശയമുയരുന്നുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്.

x