ഷൂട്ടിങ്ങിനായി പോയ ആശുപത്രിയിലെ നഴ്സിനെ സ്വന്തമാക്കി സെന്തിൽ ; സ്വപ്നം കാണാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്ന് അഖില

വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ അനശ്വര നടന്‍ കലാഭവന്‍ മണിയായി വേഷമിട്ട് ഏറെ കയ്യടി നേടിയ നടനാണ് സെന്തില്‍ കൃഷ്ണ. തിരുവന്തപുരം പുന്നമൂട് സ്വദേശിയായ സെന്തില്‍ മിമിക്രിയിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ഗുല്‍മോഹര്‍, പുള്ളിമാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷം ചെയ്തിരുന്ന താരം പിന്നീട് സ്ത്രീധനം എന്ന സീരിയലിലെ നത്തോലി നെല്‍സണ്‍, വെള്ളാനകളുടെ നാട് എന്ന സീരിയലിലെ മഞ്ജുളന്‍ എന്നീ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടി. ആഷിക് അബു സംവിധാനം ചെയ്ത വൈറസില്‍ മന്ത്രിയുടെ വേഷത്തിലും സെന്തില്‍ എത്തിയിരുന്നു. വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗ 2വിലും താരം അഭിനയിച്ചു.

2019 ഓഗസ്റ്റ് 24നായിരുന്നു സെന്തിലിന്റെ വിവാഹം. വിവാഹം കഴിച്ചിരിക്കുന്നത് കോഴിക്കോട് സ്വദേശിയായ അഖിലയെയാണ്. അഖിലയെ പരിചയപ്പെട്ടതും വിവാഹം കഴിച്ചതും യാദൃശ്ചികമായിട്ടായിരുന്നുവെന്നും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. ആഷിക് അബുവിന്റെ വൈറസ് എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നടക്കുന്നതിനിടെയാണ് അഖിലയെ കാണുന്നത്. ചിത്രത്തില്‍ എക്സൈസ് മന്ത്രിയായാണ് വേഷമിട്ടത്. ഈ ആശുപത്രിയിലെ നേഴ്‌സ് ആയിരുന്നു അഖില. എന്റെ ഷോട്ടുകള്‍ കഴിഞ്ഞാണ് ഞാന്‍ അഖിലയെ പരിജയപ്പെടുന്നത്. പിന്നീട് പല ദിവസവും പാസിംങ് ഷോട്ടായി കടന്ന് പോവുകയായിരുന്നു. പിന്നെ സൗഹൃദം പ്രണയമായി മാരുകയും വിവാഹത്തിലെത്തുകയും ആയിരുന്നു.

ജീവിതത്തില്‍ പലതും പ്രതീക്ഷിക്കാതെ ആണ് സംഭവിക്കുന്നത്. യാദൃശ്ചികമായി കാണുകയും പരസ്പരം മനസിലാക്കിയും സംസാരിച്ചും മുന്നോട്ട് പോകുമ്പോള്‍ തന്നെ വീട്ടുകാരോടും ഇക്കാര്യ സൂചിപ്പിച്ചിരുന്നു. വിനയന്‍ സാറിനോട് ആയിരുന്നു എന്നെ കുറിച്ച് അഖിലയുടെ വീട്ടുകാര്‍ അന്വേഷിച്ചത്. വിനയന്‍ സാര്‍ ആണ് എന്റെ കൈപിടിച്ച് ഉയര്‍ത്തിയത്. എല്ലാവരുടേയും ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തമാണ് വിവാഹമെന്നും താരം പറയുന്നു.

വിവാഹശേഷം ഞങ്ങളുടെ ഇടയില്‍ ഒരു സന്തോഷം കൂടി വന്നു. ആദ്യ ലോക്ഡൗണില്‍ ഞങ്ങള്‍ക്ക് കുഞ്ഞ് ജനിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു പ്രസവം. എന്റെ അമ്മയ്ക്ക് കുഞ്ഞിനെ വീഡിയോ കോളിലൂടെയാണ് കാണിച്ച് കൊടുത്ത്. കാശിക്കൂട്ടാ എന്നായിരുന്നു കുഞ്ഞിനെ കണ്ടയുടനെ അമ്മ വിളിച്ചത്. പിന്നെ കാശി എന്നത് ചെല്ലപ്പേരാക്കി. ആരവ് കൃഷ്ണ എന്നാണ് യഥാര്‍ത്ഥ പേര്. കുഞ്ഞ് ജനിച്ചതിന് ശേഷം ഒരു ദിവസം ഷൂട്ടിംങ് ഇല്ലെങ്കില്‍ വേഗം വീട്ടില്‍ പോകും. മുന്‍പ് ഇങ്ങനെയല്ലായിരുന്നു, രണ്ട് ദിവസം ഷൂട്ടില്ലെങ്കിലും അവിടെ തന്നെ നിക്കാറായിരുന്നു പതിവ്. മോന്‍ വന്നതിന് ശേഷം വളരെ സന്തോഷത്തോടെയാണ് കുടുംബം മുന്നോട്ട് പോകുന്നതെന്നും സെന്തില്‍ പറയുന്നു.

ഒരു സിനിമ നടനെ വിവാഹം കഴിക്കണമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് അഭിമുഖത്തിലൂടെ സെന്തിലിന്റെ ഭാര്യ അഖില പറയുന്നത്. ഒന്ന് രണ്ട് വര്‍ഷം കഴിഞ്ഞ് വിദേശത്ത് പോവണം എന്നായിരുന്നു ആഗ്രഹം. സ്വപ്നം കാണാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്നും അഖില കൂട്ടിച്ചേര്‍ത്തു.

 

x