അനിയത്തിപ്രാവിൽ കുഞ്ചാക്കോ ബോബനെ നായകനായപ്പോൾ ടെന്ഷനുണ്ടായിരുന്നു – ഫാസിൽ

മലയാള സിനിമയുടെ ചരിത്രത്തില്‍ ട്രെന്‍ഡ് സെറ്ററായിരുന്നു 1997-ല്‍ റിലീസ് ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രം. സിനിമയോടൊപ്പം ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റായിരുന്നു. ഫാസില്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിലെ നായകനായെത്തിയത് പുതുമുഖം കുഞ്ചാക്കോ ബോബനായിരുന്നു. 1980-കളില്‍ ബാലതാരമായി പേരെടുത്ത ശാലിനി നായികയായി തിരിച്ചെത്തിയതും അനിയത്തിപ്രാവിലൂടെയായിരുന്നു. അനിയത്തിപ്രാവിനു ശേഷം യുവതാരമായി കുഞ്ചാക്കോ ബോബന്‍ ഉദയം ചെയ്ത കാഴ്ചയാണ് പിന്നീട് കണ്ടത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ കുഞ്ചാക്കോ ബോബനെ തേടിയെത്തുകയും ചെയ്തു. ഈയടുത്ത കാലത്ത് പുറത്തിറങ്ങിയ ന്നാ താന്‍ കേസ് കൊട് എന്ന ഹിറ്റ് ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചതും കുഞ്ചാക്കോ ബോബനായിരുന്നു.

മലയാള സിനിമയ്ക്ക് അതുല്യനായൊരു നടനെ സമ്മാനിക്കാന്‍ കാരണമായ അനിയത്തിപ്രാവ് എന്ന സിനിമയുമായി ബന്ധപ്പെട്ട രസകരമായൊരു കാര്യം ഫാസില്‍ അമൃത ചാനലിലെ അഭിമുഖത്തില്‍ പറയുകയുണ്ടായി. അനിയത്തിപ്രാവില്‍ കുഞ്ചാക്കോ ബോബനെ നായകനാക്കിയപ്പോള്‍ ടെന്‍ഷനുണ്ടായിരുന്നെന്നാണു ഫാസില്‍ അമൃത ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ അഭിമുഖം സംപ്രേക്ഷണം ചെയ്തത്. ‘ വീട്ടിലെ മൂത്ത മകനാണ് കുഞ്ചാക്കോ ബോബന്‍. രണ്ട് പെങ്ങള്‍മാരാണാണ് കുഞ്ചാക്കോ ബോബനുള്ളത്. വളരെ വലിയ ഉത്തരവാദിത്വമാണത്. മാത്രമല്ല, ഞാന്‍ സിനിമയിലെ വര്‍ക്കുകളെല്ലാം പഠിച്ചത് ഉദയയില്‍ നിന്നാണ്. ഉദയയിലേക്ക് എന്നെ കൊണ്ടുപോയത് കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബന്‍ കുഞ്ചാക്കോയാണ്.

 

അങ്ങനെയുള്ള ഒരാളുടെ മകനെ സിനിമയിലേക്ക് കൊണ്ടുവരുമ്പോള്‍ ഞാനായിട്ട് മോശം വരരുതെന്നും ആഗ്രഹിച്ചിരുന്നു ‘ ഫാസില്‍ പറഞ്ഞു. എന്നാല്‍ പാച്ചിക്കയുടെ (ഫാസില്‍) ജീവിതം ഞാന്‍ കാരണം തകരുമോ എന്നായിരുന്നു തന്റെ പേടിയെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. അമൃത ചാനലിലെ അഭിമുഖ പരിപാടിയില്‍ ഫാസിലിനൊപ്പം കുഞ്ചാക്കോ ബോബനും പങ്കെടുത്തിരുന്നു.
കുഞ്ചാക്കോ ബോബന്റെ കാര്യത്തില്‍ തോന്നിയ അതേ കാര്യം മോഹന്‍ലാലിന്റെ കാര്യത്തിലും വര്‍ഷങ്ങള്‍ക്കു മുമ്പ് തനിക്ക് തോന്നിയിരുന്നെന്നു ഫാസില്‍ അഭിമുഖത്തിനിടെ പറഞ്ഞു. ‘ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രം പുറത്തിറങ്ങി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മറ്റൊരു ചിത്രത്തിന്റെ പോസ്റ്ററില്‍ മോഹന്‍ലാലിനെ കണ്ടു. അതില്‍ വളിച്ച ചിരിയോടെ നില്‍ക്കുന്ന ലാലിന്റെ ചിത്രമായിരുന്നു കണ്ടത്.

 

അത് കണ്ടപ്പോള്‍ മനസിലേക്ക് ആദ്യം വന്ന ചിന്ത ലാലിന്റെ ജീവിതം ഞാന്‍ തകര്‍ത്തോ എന്നായിരുന്നു ‘ ഫാസില്‍ പറഞ്ഞു. ഇടയ്ക്കിടെ ആ പോസ്റ്റര്‍ ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നെന്നു ഫാസില്‍ പറഞ്ഞു. ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മോഹന്‍ലാല്‍ അഭിനയരംഗത്തേയ്ക്ക് ചുവടുവച്ചത്. ആ ചിത്രത്തില്‍ മോഹന്‍ലാലിന്റേത് വില്ലന്‍ വേഷമായിരുന്നെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. പിന്നീട് മോഹന്‍ലാലിന് നായകനിരയിലേക്ക് ഉയരാന്‍ സഹായിച്ചതും ഫാസില്‍ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു.

x