സൂര്യ ചിത്രം ജയ് ഭീമിലെ സെങ്കെനിയുടെ യാഥാര്‍ത്ഥ ജീവിതം അത്ര സുഖകരമല്ല ; സെങ്കനിയുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്

ദ്രാസ് ഹൈക്കോടതി റിട്ട.ജസ്റ്റിസ് കെ.ചന്ദ്രു എന്ന നീതിപാലകന്റെ ജീവിതവും തമിഴ്‌നാട്ടിലെ ദുരൂഹമായ ജാതിവ്യവസ്ഥയും പാവങ്ങള്‍ നേരിടുന്ന നീതിനിഷേധവും പച്ചയായി ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് ജയ് ഭീം. സൂര്യ നായകനായെത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തില്‍ സൂര്യയുടെയും മലയാളികളായ ലിജോ മോളുടെയും മണികഠന്റെയും അഭിനയത്തിന് വന്‍ കയ്യടികളാണ് ആരാധകര്‍ നല്‍കുന്നത്.

1993ല്‍ തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലുള്ള കമ്മാപുരത്ത് നടന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. സൂര്യയാണ് ചന്ദ്രുവക്കീല്‍ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത്. സെങ്കെനിയായി ലിജോമോളാണ് അഭിനയിച്ചത്. ചിത്രത്തിലെ മര്‍മ്മപ്രധാന കഥാപാത്രമാണ് സെങ്കെനി എന്ന രാജാക്കണ്ണിന്റെ ഭാര്യ പാര്‍വ്വതിയുടെ ജീവിതം. ഭര്‍ത്താവിനെ പോലീസ് സ്‌റ്റേഷനിലെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ് ഒത്തു തീര്‍പ്പാക്കാന്‍ ഒരു ലക്ഷം രൂപ വെച്ചു നീട്ടിയിട്ടും അത് തട്ടികളഞ്ഞ് നിങ്ങളുടെ പണമല്ല എനിക്ക് നീതിയാണ് വേണ്ടത് എന്ന് പ്രഖ്യാപിച്ച ധീര വനിതയാണ് അവര്‍. എന്നാല്‍ സിനിമയില്‍ കണ്ട പോലെ അത്ര സുഖകരമല്ല പാര്‍വ്വതിയുടെ ഇപ്പോഴത്തെ അവസ്ഥ. നല്ലൊരു വീടുപോലും അവര്‍ക്കിപ്പോഴില്ല. കടലൂരില്‍ നിന്ന് ചെന്നൈയ്ക്ക് സമീപം പോരൂരിലേക്ക് പാര്‍വതി താമസം മാറിയിട്ട് കുറച്ച് കാലമായി. പാര്‍വ്വതി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ മറ്റൊരു കാര്യവും കേട്ട് ഞെട്ടലില്‍ ആണ് ആരാധകര്‍.

സിനിമയില്‍ രണ്ടാമത്തെ കുഞ്ഞിനെയെടുത്ത് പുതിയ വീട്ടിലേയ്ക്ക് താമസം മാറുന്ന സെങ്കെനിയെയാണ് കാണുന്നത്. എന്നാല്‍ പാര്‍വ്വതിയുടെ രണ്ടാമത്തെ കുഞ്ഞ് മരണപ്പെട്ടുവെന്ന് അഭിമുഖത്തില്‍ പറഞ്ഞു. മകളായ ചിന്നപ്പൊണ്ണിനും ശരവണനും അവരുടെ മക്കളായ ഗോവിന്ദിനും സതീഷിനുമൊപ്പമാണ് പാര്‍വതി ഇപ്പോള്‍ താമസിക്കുന്നത്. ശരവണന്റെ ജോലിയുടെ ആവശ്യത്തിനായാണ് ചെന്നൈയിലേക്ക് വന്നത്. കൂലിപ്പണിക്കാരനായ ശരവണന്‍ രണ്ട് വര്‍ഷം കേരളത്തില്‍ പണിയെടുത്തതിനെക്കുറിച്ചെല്ലാം അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിവേചനത്തിന്റേയും പോരാട്ടത്തിന്റേയും ഒടുവില്‍ സിനിമയില്‍ പാര്‍വതി വിജയിച്ചുവെന്നും അവര്‍ക്ക് നീതി ലഭിച്ചുവെന്ന് നമ്മള്‍ കരുതുമ്പോഴും മൂന്ന് പതിറ്റാണ്ടിനിപ്പുറവും അവര്‍ വേദന സഹിച്ച് ജീവിക്കുകയാണ് എന്നതാണ് വാസ്തവം.

ഇപ്പോഴിതാ ഇവരുടെ ഈ അവസ്ഥ കണ്ട് നടന്‍ ലോറന്‍സ് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ്. പാര്‍വ്വതിയ്ക്കും കുടുംബത്തിനും പുതിയ വീട് നല്‍കുമെന്ന് ലോറന്‍സ് വാക്ക് നല്‍കിയിരിക്കുകയാണ്. രാജാക്കണ്ണിന്റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോള്‍ അതിയായ സങ്കടം ഉണ്ടെന്നും ചെയ്യാത്ത കുറ്റത്തിനാണ് രാജാക്കണ്ണും പാര്‍വതിയും പീഡിപ്പിക്കപ്പെട്ടതെന്നും പാര്‍വതിക്ക് വീട് വച്ചു നല്‍കുമെന്ന് ഞാന്‍ വാക്കു നല്‍കുന്നുവെന്നും രാഘവ ലോറന്‍സ് വ്യക്തമാക്കി.

ടി.ജെ. ജ്ഞാനവേല്‍ ആണ് ജയ് ഭീം സംവിധാനം ചെയ്തത്. സര്‍ക്കാരിനെതിരെയുള്ള സമരമല്ല ജയ് ഭീം എന്ന് ഒരു അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞിരുന്നു. സമൂഹത്തിലെ നിശ്ശബ്ദതയ്‌ക്കെതിരെയാണ് ഈ സിനിമയെന്നും അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ലിജോമോളേയും മണികണ്ഠനേയും സൂര്യ അഭിനന്ദിക്കുകയുണ്ടായി. ഇരുവരും കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നുവെന്നും ഇരുള വിഭാഗക്കാര്‍ക്കൊപ്പം ജീവിച്ച് അവരുണ്ടാക്കിയ ഭക്ഷണം കഴിച്ചും വീട് വൃത്തിയാക്കിയും താമസിക്കുകയായിരുന്നുവെന്നും സൂര്യ പറഞ്ഞു.

x