എള്ളോളം തരി പൊന്നെന്തിനാ തനി തഞ്ചാവൂര് പട്ടെന്തിനാ..! ; കീർത്തി തേച്ചു ജെയ്‌സൺ വേറെ കെട്ടി

മലയാളികൾക്ക് ഏവർക്കും പ്രിയങ്കരനായ താരമാണ് മാത്യു തോമസ്. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മാത്യു പ്രേക്ഷക ഹൃദയം കീഴടക്കി കഴിഞ്ഞു. എന്നാൽ 2019 ൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് ആണ് മാത്യുവിന്റെ ആദ്യ ചിത്രം. കൗമാര പ്രണയ കഥ പറഞ്ഞ തണ്ണീർ മത്തൻ ദിനങ്ങൾ ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. ചിത്രത്തിലെ ജൈസൺ എന്ന നായക കഥാപാത്രം മാത്യുവിന്റെ ജീവിതത്തിലെ വഴിത്തിരിവായി എന്ന് തന്നെ പറയാം. നിരവധി താരങ്ങളും മാത്യുവിന്റെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. 50 കോടിയോളം രൂപ ഈ ചിത്രം ബോക്സ്‌ഓഫീസിൽ നിന്നും സ്വന്തമാക്കി.

പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ ജെയ്‌സന്റെ ജീവിതമാണ് ഈ ചിത്രം ആവിഷ്‌കരിക്കുന്നത്. പ്ലസ്‌ടു ലൈഫിലെ കുട്ടികളുടെ ജീവിതത്തോട് ഏറെ അടുത്ത് നിൽക്കുന്ന സിനിമയായിരുന്നു തണ്ണീർ മത്തൻ ദിനങ്ങൾ. അതു കൊണ്ട് തന്നെ കൗമാര പ്രായത്തിലുള്ള കുട്ടികൾക്കിടയിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചു. അനശ്വര രാജൻ ആയിരുന്നു ചിത്രത്തിലെ നായിക. ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങളും കോമ്പിനേഷൻ സീനുകളും പ്രേക്ഷകർ വളരെ ഇഷ്ടപ്പെട്ടിരുന്നു. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രം അനശ്വരയുടെയും മാത്യുവിന്റെയും കരിയറിലെ ബ്രേക്ക് തന്നെയായിരുന്നു.

തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം അഞ്ചാം പാതിരാ, വൺ ,ഓപ്പറേഷൻ ജാവ തുടങ്ങിയ ചിത്രങ്ങളിലും മാത്യു അഭിനയിച്ചിട്ടുണ്ട്. ചെറു പ്രായത്തിൽ തന്നെ നായകനായും അഭിനയിച്ച മറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളും ചെയ്യാനുള്ള ഭാഗ്യം മാത്യുവിനെ തേടിയെത്തിയിട്ടുണ്ട്. സ്കൂളിൽ പഠിക്കുന്ന സമയത് തന്നെ നാടകങ്ങളിൽ സജീവമായിരുന്നു താരം. അതിനു ശേഷം നിരവധി ഓഡിഷനിൽ പങ്കെടുക്കുകയൂം കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അങ്ങനെ കുമ്പളങ്ങി നൈറ്റ്‌സിലൂടെ അഭിനയ രംഗത്തേക്ക് മാത്യു കടന്നു വന്നു. ചിത്രത്തിലെ ജൈസൺ എന്ന കഥാപാത്രം പ്ലസ് വൺ വിദ്യാർത്ഥിയാണ്. മാത്യു ശരിക്കും പ്ലസ്ടു വിദ്യാർത്ഥിയും. ഏകദേശം പ്രായത്തിന് അനുസരിച്ചുള്ള കഥാപാത്രമായിരുന്നു എന്നുള്ളതും ഗുണമായി എന്ന് മാത്യു നേരത്തെ പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോൾ വിവാഹ വേഷത്തിലുള്ള മാത്യുവിന്റെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വയറലായി മാറിയിരിക്കുന്നത്. ചെറു പ്രായത്തിൽ തന്നെ വിവാഹ വേഷത്തിലുള്ള താരത്തിന്റെ ചിത്രമാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. മാത്യു നസ്ലൻ ,നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജോ ആൻഡ് ജോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വിവാഹിതനായി നിൽക്കുന്ന മാത്യുവാണ് പോസ്റ്ററിലുള്ളത്. ചെറു പ്രായത്തിൽ തന്നെ ഒളിച്ചോടി വിവാഹം കഴിക്കുന്ന പക്വതയില്ലാത്ത കുട്ടികളുടെ ജീവിതമാണ് ഈ ചിത്രം നമ്മെ ഓർമിപ്പിക്കുന്നത്.

ഈ ചിത്രമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. നിരവധി ട്രോളുകളാണ് ഇപ്പോൾ ഈ പോസ്റ്റർ വെച്ച് ഇറങ്ങുന്നത്. ഈയിടെ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ മാത്യുവിന്റെ പെയർ ആയെത്തിയ അനശ്വര പങ്കുവെച്ച ഒരു ചിത്രം മാത്യുവിന് ഒരുപാടു ട്രോളുകൾ വാങ്ങി കൊടുത്തിരുന്നു. ചിത്രത്തിലെ തന്നെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച നസ്ലെനുമൊത്തുള്ള ചിത്രമായിരുന്നു അനശ്വര പങ്കുവെച്ചത്. ജെയ്‌സനെ കീർത്തി തേച്ചു എന്ന തരത്തിലായിരുന്നു അന്ന് ട്രോളുകൾ. എന്നാൽ അതിനുള്ള മറുപടി ട്രോളുകൾ ആണ് ഇപ്പോൾ ഇറങ്ങുന്നത്. “കീർത്തി തേച്ചു ജെയ്‌സൺ വേറെ കെട്ടി” എന്നൊക്കെയാണ് ട്രോളുകൾ. ജോണി ആന്റണിയും സ്‌മിനു സിജോയും മാത്യുവിന്റെ അച്ഛനും അമ്മയുമായി എത്തുന്നു. ചെറുപ്രായത്തിൽ തന്നെ വിവാഹിതനാകുന്ന മാത്യുവിന്റെ കഥാപാത്രവുമായി ബന്ധപ്പെട്ടാണ് ചിത്രം മുന്നോട്ട് പോകുന്നത്.

പോസ്റ്റർ കണ്ടതോടെ ചിത്രം കൗമാര പ്രണയവും വിവാഹവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. അരുൺ ഡി ജോസ് , രവീഷ് നാഥ്‌ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൾസർ ഷാ നിർവ്വഹിക്കുന്നു. ടിറ്റോ തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വന്നതോടെ ചെറു പ്രായത്തിൽ വിവാഹിതരായവരുടെ വീഡിയോകളിലൂടെ ടിക്‌ടോകിൽ ട്രെൻഡിങ്ങായി മാറിയ എള്ളോളം തരി പൊന്നെന്തിനാ എന്ന ഗാനത്തിന്റെ വരികളാണ് മിക്കവരും പോസ്റ്ററിന് കമന്റുകളായി നൽകുന്നത്. താരങ്ങളുടെ വിവരങ്ങൾ വന്നതോടെ ചിത്രത്തിലുടനീളം കൂടുതൽ നർമ്മം പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.

 

x