മലയാള നടൻ രാജ് മോഹൻ അന്തരിച്ചു; മൃതദേഹം പോലും ഏറ്റെടുക്കാൻ ആരുമില്ലാതെ മോർച്ചറിയിൽ, പുറം ലോകം അറിഞ്ഞത് രണ്ട് ദിവസം കഴിഞ്ഞ്

നായകൻ രാജ് മോഹൻ അന്തരിച്ചു. ‘ഇന്ദുലേഖ’ സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്നു അദ്ദേഹം. മൃതദേഹം ഏറ്റെടുക്കാനില്ലാതെ തിരുവനന്തപുരത്തെ മോർച്ചറിയിലാണുള്ളത്. അനാഥാലയത്തിലായിരുന്നു രാജ് മോഹൻ തൻ്റെ അവസാന നാളുകൾ ചിലവഴിച്ചത്. കൃഷ്ണന്‍നായരുടെ സംവിധാനത്തിൽ പിറന്ന ഒ ചന്തുമേനോൻ്റെ ‘ഇന്ദുലേഖ’ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള സിനിമയില്‍ ‘മാധവന്‍’ എന്ന നായക വേഷമായിരുന്നു രാജ്‌മോഹൻ അവതരിപ്പിച്ചത്. കലാനിലയം കൃഷ്ണന്‍ നായരുടെ മരുമകൻ കൂടിയാണ് രാജ് മോഹൻ. കുറച്ച് വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തെ ചായക്കടയിൽ ഷീറ്റുകളും, ചാക്കുകളും വെച്ച് മറച്ച ഷെഡിൽ ജീവിക്കുന്ന നടൻ്റെ ജീവിതം മാധ്യമങ്ങളിലൂടെ പുറത്തു വന്നതിന് പിന്നാലെയാണ് അനാഥാലയത്തിലേയ്ക്ക് നടനെ മാറ്റിയത്.

എന്നാൽ വളരെ വിഷമം തോന്നുന്ന അവസ്ഥയിലാണ് നടൻ്റെ അന്ത്യം ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. പ്രസിദ്ധവും, ചരിത്രപരമായി ഏറെ പ്രസക്തിയുള്ളതുമായ ഇന്ദുലേഖയിലെ രാജ് മോഹൻ്റെഅഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. ദീർഘനാളായി ഒറ്റയ്ക്കുള്ള ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടർന്ന് കഴിഞ്ഞ് ദിവസം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെയാണ് മരിച്ചത്. മരിച്ചത് മുതൽ ഇന്നുവരെയും മൃതദേഹം ഏറ്റെടുക്കാൻ ആരും തയ്യാറയിരുന്നില്ല. ഇന്ദുലേഖയ്ക്ക് പിന്നാലെ മറ്റ് നിരവധി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

മലയാള സിനിമയിലെ താര സംഘടനയായ ‘അമ്മ’ ഇങ്ങനെയുള്ള വിഷയങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും സംഘടന അദ്ദേഹത്തിൻ്റെ മൃതദേഹത്തോടെങ്കിലും ആദരവ് കാണിക്കണമെന്നും ഇത്തരം കാര്യങ്ങളിൽ ‘അമ്മ’ – യുടെ ശക്തമായ ഇടപെടൽ അനിവാര്യമാണെന്നുമാണ് പൊതുജനഭിപ്രായം ഉയർന്ന് കേൾക്കുന്നത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നും പുലയനാർ കോട്ടയിലെ അനാഥാലയത്തിലേയ്ക്കും, പോലീസിനെയും വിവരം ധരിപ്പിച്ച് കഴിഞ്ഞതായും, എന്നിട്ടും ആരും ഏറ്റെടുക്കാൻ വരാതിരിക്കുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ തുടർ നടപടികളിലേയ്ക്ക് കടക്കുമെന്നാണ്  ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

നാലുവർഷങ്ങൾക്ക് മുൻപ് മാധ്യമങ്ങൾ രാജ് കുമാറിൻ്റെ പരിതാപകരമായ അവസ്ഥ പുറത്ത് കൊണ്ട് വന്നപ്പോൾ നടൻ അന്ന് പറഞ്ഞിരുന്നത് 1500 രൂപ മാസം തോറും കിട്ടിയിരുന്നെകിൽ താൻ രാജാവിനെ പോലെ ജീവിക്കും എന്നായിരുന്നു. ‘അമ്മ’ സംഘടനയിൽ അവശനിലയിൽ കഴിയുന്ന കലാകാരന്മാർക്ക് മാസംതോറും 5000 രൂപ പെൻഷൻ തുകയായി കൊടുത്ത് സഹായിക്കാറുണ്ടെന്ന് എല്ലാ ജനറൽ ബോഡിയിലും ആവർത്തിച്ച് പറയുമ്പോൾ രാജ്‌കുമാറിന് ഒരു രൂപ പോലും കിട്ടിയിരുന്നില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ള ആളുകൾ സൂചിപ്പിക്കുന്നത്.

ആദ്യകാല സിനിമയിലെ നായകൻ ആയിരുന്നുവെങ്കിലും ‘അമ്മ’ സംഘടനയിൽ പെൻഷനായി അപേക്ഷിക്കുന്നതിനായി ആവശ്യമായ രേഖകൾ അദ്ദേഹത്തിൻ്റെ പക്കൽ ഇല്ലായിരുന്നു എന്നാണ് മറ്റൊരു വാദം. എന്നാൽ സംഘടനയ്ക്ക് ഈ വിഷയത്തിൽ സ്വമേധയാ ഇടപെടൽ നടത്തമായിരുന്നെകിലും ആരും അതിന് ശ്രമിച്ചില്ലെന്നും വിമർശനം ഉയരുന്നുണ്ട്. ഈ വൈകിയ സാഹചര്യത്തിലെങ്കിലും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അനാഥാലയം സംഘാടകർ. സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഈ വിഷയത്തിൽ അടിയന്തിരമായ ഇടപെടേണ്ടൽ വേണമെന്നും നടന് ആവശ്യമായ ആദരവ് മരണത്തിലെങ്കിലും നൽകണമെന്നും പൊതുജന അഭിപ്രായം ഉയരുന്നുണ്ട്.

x