അടുത്തേക്ക് വരണ്ട പകരും എന്ന് ഞാൻ ലാലേട്ടനോട് ആദ്യമേ പറഞ്ഞതാ ; പക്ഷേ അതൊന്നും കുഴപ്പമില്ലന്ന് പറഞ്ഞു അദ്ദേഹം അഭിനയിച്ചു, അവസാനം ലാലേട്ടനും ചെങ്കണ്ണ് വന്നു

വെള്ളാരം കണ്ണുകളുമായി വന്ന് ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ സ്ഥാനം പിടിച്ച നടിയാണ് ശാരി. പത്മരാജന്‍ സംവിധാനം ചെയ്ത ‘ ദേശാടനക്കിളി കരയാറില്ല’ എന്ന ചിത്രത്തിലൂടെയാണ് ശാരി അഭിനയരംഗത്തേക്ക് എത്തിയത്. പത്മരാജന്‍ തന്നെ സംവിധാനം ചെയ്ത ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയമായത്. 1980-90 കാലഘട്ടത്തില്‍ മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ‘ജന ഗണ മന’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ശാരി. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ മോഹന്‍ലാലിനൊപ്പം പണ്ട് അഭിനയിച്ചപ്പോഴുണ്ടായ രസകരമായ അനുഭവവും ശാരി പങ്കുവെച്ചു.

‘ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’ എന്ന ചിത്രത്തിലാണ് ശാരി ആദ്യമായി മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. അന്ന് തുടക്കക്കാരിയായ ശാരിക്ക് സംവിധായകന്‍ പത്മരാജനും മോഹന്‍ലാലും സെറ്റിലെ ഓരോരുത്തരും നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു. അന്ന് കാരവാന്‍ ഒന്നും ഇല്ലാത്തതിനാല്‍ എല്ലാവരും ഏതെങ്കിലും മരത്തണലില്‍ ഒക്കെയിരുന്നാണ് വിശ്രമിക്കാറെന്നും അപ്പോള്‍ പരസ്പരം ഒരുപാട് സംസാരിക്കുമെന്നും ശാരി പറയുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംങ് സമയത്താണ് ശാരിയ്ക്ക് ചെങ്കണ്ണ് പിടിപെട്ടത്. കണ്ണ് തുറക്കാന്‍ പോലും കഴിയാത്ത സാഹചര്യമായിരുന്നു. പക്ഷേ, യാതൊരു കാരണവശാലും അന്നത്തെ ഷൂട്ടിംങ് മാറ്റിവെയ്ക്കാനും സാധിക്കില്ലായിരുന്നു. അതുകൊണ്ട് തന്നെ കണ്ണില്‍ മരുന്നൊക്കെ ഉറ്റിച്ച് ഒരു വിധത്തിലാണ് ശാരി ലൊക്കേഷനില്‍ എത്തിയത്. അന്ന് മോഹന്‍ലാലിന് വളരെ തിരക്കുള്ള സമയമായിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംങ് കഴിഞ്ഞിട്ട് വേണമായിരുന്നു അദ്ദേഹത്തിന് അടുത്ത സിനിമയുടെ ഷൂട്ടിംങിന് പോകാന്‍. ചെങ്കണ്ണ് പകരും എന്ന് മോഹന്‍ലാലിനോട് ശാരി പറഞ്ഞെങ്കിലും അതൊന്നും കുഴപ്പമില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു.ഷൂട്ടിംങ് നടത്തി എന്നും തന്റെ ചെങ്കണ്ണ് മാന്യമായി മോഹന്‍ലാലിന് കൊടുത്തുവെന്നും ശാരി പറയുന്നു.

തിളങ്ങുന്ന ആ വെള്ളാരം കണ്ണുകളാണ് ശാരി എന്ന നടിയുടെ യഥാര്‍ത്ഥ ഐഡന്റിറ്റി. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എല്ലാവരും പൂച്ചക്കണ്ണാണ് എന്ന് പറയുമായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ ഫോട്ടോഷൂട്ടുകളാണ് ശാരി ചെയ്തിരുന്നത്. ആ സമയത്തൊക്കെ ബ്ലാക്ക് ലെന്‍സ് വെയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പത്മരാജന്‍ ആ സംഗതി മനസ്സിലാക്കുകയും വെള്ളാരംകണ്ണുകള്‍ തന്നെ വേണമെന്ന് പറയുകയും ചെയ്യുകയായിരുന്നു. അങ്ങനെ ബ്ലാക്ക് ലെന്‍സ് എടുത്ത് കളയുകയായിരുന്നെന്നും അവ പിന്നീട് ഉപയോഗിച്ചിട്ടില്ലെന്നും ശാരി പറയുന്നു.

ഒരു മേയ് മാസപ്പുലരിയിൽ, പൊൻ‌മുട്ടയിടുന്ന താറാവ് തുടങ്ങിയ ചിത്രങ്ങളും ശാരിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. ശാരി ജനിച്ചുവളർന്നത് ചെന്നൈയിലാണ്. പത്മരാജൻറെ ചിത്രത്തിലൂടെ ചലച്ചിത്രവേദിയിലെത്തിയ ശാരിക്ക് തുടക്കത്തിൽ മലയാളം സംസാരിക്കാൻ അറിയില്ലായിരുന്നു. പിന്നീട് തൻറെ തന്നെ അഭിമുഖങ്ങൾ വാരികയിൽ വായിച്ചാണ് ശാരി മലയാളം പഠിച്ചതെന്ന് ഒരിക്കൽ ശാരി തന്നെ പറയുകയുണ്ടായി.കുറേക്കാലം ചലച്ചിത്ര മേഖലയിൽ നിന്ന് വിട്ടുനിന്ന ശാരി ചോക്കലേറ്റ് എന്ന ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്രവേദിയിലേക്ക് തിരിച്ചുവന്നത്. ഷാഫി സം‌വിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു കോളേജ് അദ്ധ്യാപികയുടെ കഥാപാത്രമാണ് ശാരി കൈകാര്യം ചെയ്തത്.

x