ഒരുമിച്ച് ജയിലർ കാണാൻ സാധിച്ചത് സിനിമയുടെ വിജയത്തിനും മുകളിലുള്ള അനുഗ്രഹം; യുപിയിലെത്തി യോഗി ആദിത്യനാഥിന കാല്‍ തൊട്ട് വന്ദിച്ച് രജനികാന്ത്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് തമിഴ് സൂപ്പര്‍താരം രജനികാന്ത്. യോഗിയുടെ ലഖ്നൌവിലെ വീട്ടിലാണ് രജനി അതിഥിയായി എത്തിയത്. രജനികാന്ത് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ജയിലറിന്‍റെ ഒരു പ്രത്യേക പ്രദര്‍ശനം ഇന്നലെ ലഖ്നൌവില്‍ നടന്നിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യ അവിടെ ചിത്രം കാണാന്‍ എത്തിയിരുന്നു. അതേസമയം യോഗി ആദിത്യനാഥുമായുള്ള രജനിയുടെ കൂടിക്കാഴ്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ കാല്‍ തൊട്ട് വന്ദിച്ചാണ് രജനി ഉപചാരം പ്രകടിപ്പിക്കുന്നത്.

“ജയിലര്‍ കാണാനുള്ള അവസരം എനിക്ക് ലഭിച്ചു. രജനികാന്തിന്‍റെ നിരവധി ചിത്രങ്ങള്‍ മുന്‍പ് കണ്ടിട്ടുള്ള എനിക്ക് അദ്ദേഹത്തിന്‍റെ പ്രതിഭ എന്തെന്ന് അറിയാം. ഉള്ളടക്കം നോക്കിയാല്‍ വലുതായൊന്നുമില്ലെങ്കിലും അദ്ദേഹത്തിന്‍റെ പ്രകടനം ഗംഭീരമാണ്”, ചിത്രം കണ്ടതിനു ശേഷം കേശവ് പ്രസാദ് മൌര്യ പിടിഐയോട് പറഞ്ഞു. അതേസമയം യോഗി ആദിത്യനാഥിനൊപ്പം ജയിലര്‍ കാണാനുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ച് ലഖ്നൌ യാത്രയ്ക്ക് മുന്‍പ് രജനികാന്ത് മാധ്യമങ്ങളോട് പങ്കുവച്ചിരുന്നു. “മുഖ്യമന്ത്രിക്കൊപ്പം ഞാന്‍ ചിത്രം കാണും. സിനിമയുടെ വിജയം മുകളില്‍ നിന്നുള്ള അനുഗ്രഹമായാണ് എനിക്ക് അനുഭവപ്പെടുന്നത്”, രജനി പറഞ്ഞിരുന്നു. ഝാര്‍ഖണ്ഡില്‍ നിന്നാണ് രജനികാന്ത് ഉത്തര്‍പ്രദേശിലേക്ക് എത്തിയത്. ഝാര്‍ഖണ്ഡിലെ ഛിന്നമസ്ത ക്ഷേത്രം അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി പി രാധാകൃഷ്ണനുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. അതേസമയം ഞായറാഴ്ച അദ്ദേഹം അയോധ്യ സന്ദര്‍ശിക്കും.

അതേസമയം തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നായിരിക്കുകയാണ് ജയിലര്‍. ആദ്യ വാരത്തില്‍ 375.40 കോടി രൂപ ചിത്രം നേടിയതായാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് അറിയിച്ചത്. കേരളത്തിലും വലിയ കളക്ഷനാണ് ചിത്രത്തിന്. മോഹന്‍ലാലിന്‍റെ അതിഥി വേഷവും വിനായകന്‍റെ പ്രതിനായക വേഷവും മലയാളികള്‍ക്ക് ചിത്രത്തോട് താല്‍പര്യക്കൂടുതല്‍ സൃഷ്ടിച്ച ഘടകങ്ങളാണ്.

Articles You May Like

x