“ജീവിക്കുന്ന സമയത്ത് എല്ലാം ചെയ്യണം ” ജീവിത കാഴചപ്പാടിനെ കുറിച്ചുള്ള കലാഭവന്‍ മണിയുടെ വാക്കുകള്‍ വീണ്ടും വൈറലാകുന്നു

ചാലക്കുടിയിലെ ഒരു ദരിദ്രകുടുംബത്തില്‍ ജനിച്ച് സ്വന്തം കഴിവുകൊണ്ടു മാത്രം ഉന്നതയിലേക്ക് ഉയര്‍ന്ന കലാകാരനായിരുന്നു കലാഭവന്‍ മണി. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങിയ കലാഭവന്‍ മണി പിന്നീട് കലാലോകത്ത് പേരെടുക്കുകയും ചാലക്കുടിയുടെ സ്വകാര്യ അഹങ്കാരമായി മാറുകയും ചെയ്തു. മിമിക്രിയിലൂടെ സിനിമയിലേക്ക് പ്രവേശിച്ച മണി അധികം താമസിയാതെ സഹനടനായും, വില്ലനായും നായകനടനായും തിളങ്ങി. മലയാളം, തമിഴ്, തെലുഗു സിനിമകളില്‍ ഒഴിച്ചുകൂടാനാവാത്ത താരവുമായി. നടന്‍ എന്നതിനേക്കാളുപരി മണി നല്ലൊരു നാടന്‍ പാട്ടുകാരന്‍ കൂടിയായിരുന്നു. മണിയുടെ സിനിമ പോലെ തന്നെ നാടന്‍ പാട്ടുകളും വന്‍ ഹിറ്റുകളായി. ഇന്നും കലാഭവന്‍ മണി പാടിയ നാടന്‍ പാട്ടുകള്‍ക്ക് ആവശ്യക്കാരേറെയാണ്. കരിയറിന്റെ ആദ്യകാലത്ത് കലാഭവന്‍ മണി ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനമാണു കൂടുതല്‍ ശ്രദ്ധേയനാക്കിയത്. ദേശ-ദാഷാ ഭേദമന്യേ സിനിമാ പ്രേക്ഷകര്‍ മണിയുടെ എത്രയോ മികവാര്‍ന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടതായിരുന്നു. പക്ഷേ, അതിനുള്ള യോഗം പ്രേക്ഷകര്‍ക്ക് ഇല്ലാതെയായിപ്പോയി.

2016-ല്‍ മണിയെന്ന അനശ്വര കലാകാരനെ കലാലോകത്തിന് നഷ്ടമായി. കരിയറിന്റെ ഔന്നിത്യത്തില്‍ നില്‍ക്കുമ്പോഴായിരുന്നു കരള്‍ രോഗത്തെ തുടര്‍ന്ന് കലാഭവന്‍ മണിയുടെ വേര്‍പാട്. മദ്യപാനം കൊണ്ടുണ്ടായ പ്രശ്‌നങ്ങളാണ് കരള്‍ രോഗത്തിലേക്ക് നയിച്ചത്. ഒരിക്കല്‍ കൈരളി ടിവിയിലെ ജോണ്‍ ബ്രിട്ടാസ് നയിക്കുന്ന ജെബി ജംഗ്ഷനില്‍ മണി മദ്യപാനത്തെ കുറിച്ചു സംസാരിച്ചിരുന്നു.
‘ ഞാന്‍ നന്നായി മദ്യപിക്കാറുണ്ട്. അഞ്ചും ആറും ബിയര്‍ കുടിക്കുന്ന ആളാണ്. അക്കാര്യം തുറന്ന് പറയുന്നതില്‍ ഒരു വിഷമവും എനിക്ക് ഇല്ല. ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ആളാണ് ഞാന്‍. കുടുംബത്തിനു വേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്തു. ജീവിക്കുന്ന സമയത്ത് എല്ലാം ചെയ്യണം. അല്ലാതെ ജീവിച്ച് മരിക്കുന്നതില്‍ എന്താണ് കാര്യം ‘ എന്നു മണി ചോദിക്കുന്നുണ്ട്. മണിയുടെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഇപ്പോള്‍ വൈറലാവുകയാണ്.


മരണത്തെ കുറിച്ചുള്ള മണിയുടെ വാക്കുകള്‍ അറം പറ്റിയ പോലെ ആയല്ലോ എന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്.
ജീവിതം, വിവാഹം എന്നിവയെക്കുറിച്ചും മണി ജെബി ജംഗ്ഷനില്‍ അഭിപ്രായം പങ്കുവയ്ക്കുന്നുണ്ട്. വിവാദങ്ങളും വിവാഹവും നല്ലതാണെന്ന് മണി അഭിമുഖത്തില്‍ പറയുന്നുണ്ട്. അപ്പോള്‍ അവതാരകനായ ജോണ്‍ ബ്രിട്ടാസ് വിവാഹങ്ങള്‍ പ്രശ്‌നമാകില്ലായിരിക്കാം. പക്ഷേ, വിവാദങ്ങള്‍ ചിലപ്പോള്‍ ബാധിച്ചേക്കാം എന്നു മണിയോട് തിരിച്ചു ചോദിക്കുന്നുണ്ട്. ഇതിന് മണി പറഞ്ഞ മറുപടി വളരെ രസകരമായിരുന്നു. വിവാഹം ഒരെണ്ണമാകാം എന്നാല്‍ രണ്ടെണ്ണം കഴിക്കാന്‍ പാടില്ലെന്നായിരുന്നു മണി നല്‍കിയ മറുപടി. മാത്രമല്ല പ്രണയം ഒരുപാട് ആകാമെന്നും മണി പറയുന്നുണ്ട്. ‘ എനിക്ക് പ്രണയം ഉണ്ട്. അതു എന്റെ ഭാര്യയോടാണെന്നു മണി പറഞ്ഞപ്പോള്‍, ഭാര്യയോട് മാത്രമാണ് പ്രണയമെന്നത് കള്ളമാണെന്ന് അവതാരകനായ ബ്രിട്ടാസ് പറഞ്ഞു. 2016 മാര്‍ച്ച് ആറിനായിരുന്നു കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മണി മരണപ്പെട്ടത്.

x