നമുക്കൊന്ന് പ്രണയിച്ചാലോന്ന് മോനിഷ അന്നെന്നോട് ചോദിച്ചു, മരിക്കുന്നതിന് തലേദിവസം അവളെന്നോടൊപ്പം ഉണ്ടായിരുന്നു ; മോനിഷ മരിച്ചെന്ന് കേട്ടപ്പോള്‍ മൊത്തത്തിൽ ഒരു മരവിപ്പായിരുന്നു

ലയാളം, തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി ഭാഷകളിലെ സിനിമകളില്‍ അഭിനയിച്ച നടനാണ് വിനീത്. അഭിനയത്തിനൊപ്പം തന്നെ അസാമാന്യ നര്‍ത്തകനുമാണ് അദ്ദേഹം. ബാലതാരമായാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 1986ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് വിനീത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. വിനീതും അന്തരിച്ച നടിയായ മോനിഷയും നല്ല സുഹൃത്തുക്കളായിരുന്നു. മോനിഷയുടെ മരണവാര്‍ത്ത ഏറ്റവും കൂടുതല്‍ ദുഖത്തോടെയാണ് കേട്ടതെന്നാണ് അദ്ദേഹം പറയുന്നത്. ഇതേക്കുറിച്ച് അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

അഞ്ചിലധികം സിനിമകളില്‍ വിനീതും മോനിഷയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നഖക്ഷതങ്ങളില്‍ അഭിനയിക്കുമ്പോള്‍ പതിമൂന്ന് വയസ്സായിരുന്നു മോനിഷയുടെ പ്രായം. വിനീതും മോനിഷയും അന്ന് കുട്ടികളായതിനാല്‍ ഷൂട്ടിംങ് തങ്ങള്‍ക്കൊരു പിക്ക്‌നിക്ക് പോലെയായിരുന്നുവെന്നാണ് വിനീത് പറയുന്നത്.എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന മോനിഷയെ ഒരിക്കലും മൂഡ് ഔട്ട് ആയി കാണാറില്ല. മോനിഷ മരിക്കുന്നതിന് തലേദിവസം വരെ വിനീതും മോനിഷയും ഒരുമിച്ചുണ്ടായിരുന്നു.വിനീത് ചെന്നൈയില്‍ നിന്നും വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു. കണക്ട് ഫ്‌ളൈറ്റായതിനാല്‍ മോനിഷയും അമ്മയും ബാംഗ്ലൂരില്‍ നിന്നും കയറി. മോനിഷ ചെപ്പടി വിദ്യയുടെ ഷൂട്ടിംങിന് പോവുകയായിരുന്നു. അങ്ങനെ വിനീതും മോനിഷയും മോനിഷയുടെ അമ്മയും തിരുവനന്തപുരത്ത് ഇറങ്ങി സിനിമയ്‌ക്കൊക്കെ പോയി. എല്ലാം കഴിഞ്ഞ് വിനീത് തിരികെ ഷൂട്ടിംങിന് പോയി. തുടര്‍ച്ചയായ ഷൂട്ടിംങുകളൊക്കെ കഴിഞ്ഞ് വിനീത് തലശ്ശേരിയില്‍ തിരിച്ചെത്തുകയും വീട്ടിലേക്ക് വണ്ടിയില്‍ ചെന്നിറങ്ങിയപ്പോള്‍ അച്ഛനും അമ്മയും സഹോദരിയുമെല്ലാം ഗേറ്റില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഉടന്‍ വിനീതിന്റെ അമ്മ വിനീതിനരികിലെത്തി കൈപിടിച്ച് മോനിഷ പോയി എന്ന് പറയുകയായിരുന്നു.

” അമ്മ പറഞ്ഞ് തീര്‍ന്നപ്പോഴേക്കും ഒരു തീ ശരീരത്തിലൂടെ പോയ പ്രതീതിയായിരുന്നു. മൊത്തത്തില്‍ മരവിപ്പായിരുന്നു. കഴിഞ്ഞ ദിവസം കൂടി കണ്ട കുട്ടിയായതിനാല്‍ വിശ്വസിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. പിന്നെ സിനിമയിലെ പരിചയക്കാരെ വിളിച്ച് സത്യമാണെന്ന് മനസിലാക്കി. ശേഷം ഉടന്‍ തിരികെ ഞാന്‍ കൊച്ചിക്ക് വന്നു. മൃതദേഹം ബാംഗ്ലൂര്‍ക്കാണ് കൊണ്ടുപോയത്. ഞാന്‍ ശ്രീദേവിയാന്റിക്കൊപ്പം ബാംഗ്ലൂരിലേക്ക് സഹായിയായി പോയി. സംസ്‌കാരം കഴിഞ്ഞ ശേഷമാണ് തിരികെ വന്നത്. അന്ന് മോഹന്‍ലാല്‍ സാര്‍ അടക്കം മലയാള സിനിമയിലെ ഒട്ടനവധി ആളുകള്‍ മോനിഷയെ കാണാന്‍ എത്തിയിരുന്നു”- .വിനീത് പറഞ്ഞു.

മോനിഷയുടെ വിടവ് ഒരിക്കലും നികത്താനാവില്ലെന്നും ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ശോഭനയുടെ ലെവലില്‍ എത്തേണ്ട നടിയും നര്‍ത്തകിയുമായിരുന്നു മോനിഷയെന്ന് വിനീത് പറയുന്നു. മോനിഷയ്ക്ക് നൃത്തത്തോട് അതീവ താല്‍പ്പര്യമായിരുന്നു. രണ്ട്‌പേര്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ ഗോസിപ്പുകള്‍ സാധാരണമായതുകൊണ്ടു തന്നെ മോനിഷയേയും വിനീതിനേയും കുറിച്ചും ഗോസിപ്പുകള്‍ വന്നിരുന്നു.ഒരിക്കല്‍ മോനിഷയോട് തമാശയായി വിനീത് ഗോസിപ്പുകളെക്കുറിച്ച് ചോദിച്ചപ്പോല്‍ ‘എപ്പോഴും എല്ലാവരും എന്തിനാണ് പ്രണയത്തെക്കുറിച്ച് പ്രചരിപ്പിക്കുന്നത്. എന്നാല്‍ നമുക്ക് ശരിക്കും ഒന്ന് പ്രണയിച്ചാലോ’ എന്നാണ് മോനിഷ പറഞ്ഞത്. അതൊരു തമാശയായിക്കണ്ട് അവര് ചിരിക്കുമായിരുന്നു. അന്ന് രണ്ട്‌പേര്‍ക്കും പ്രേമിക്കാനുള്ള സമയം പോലുമില്ലായിരുന്നു. യാതൊരു വ്യവസ്ഥകളുമില്ലാത്ത സുഹൃത്ബന്ധത്തിനപ്പുറം ഒന്നും തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ലെന്ന് വിനീത് പറയുന്നു.

Articles You May Like

x