ഇവരുടെ അടുത്തേക്ക് എന്ത് വിശ്വസിച്ചാണ് നമ്മൾ പോകുന്നത്? ; കേരള പൊലീസിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് അര്‍ച്ചന കവി

എം. ടിയുടെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന സിനിമയിൽലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നായികയാണ് അർച്ചന കവി. അതിനു ശേഷം നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സജീവമായ താരം മമ്മി & മി, ഹണി ബീ, നാടോടിമന്നൻ തുടങ്ങിയ സിനിമകളിൽ കേന്ദ്രകഥാപാത്രമായി പ്രേക്ഷകപ്രീതി നേടിയിരുന്നു. എന്നാൽ അതിനുശേഷം മലയാള സിനിമകളിൽ നിന്ന് പൊടുന്നനെ താരം അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പിന്നീട് സോഷ്യൽ മീഡിയയിലൂടെ ആണ് അർച്ചന കവിയെ പ്രേക്ഷകർ കൂടുതൽ അറിയുന്നത്. എന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഇവിടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും വളരെ പുരോഗമനപാരമായ കാര്യങ്ങൾ അടക്കം എല്ലാം വെട്ടിത്തുറന്ന് പറഞ്ഞ് അർച്ചനകവി പ്രേക്ഷകരോട് സംവദിക്കാറുണ്ട്.

ഇപ്പോളിതാ കേരള പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി അര്‍ച്ചന കവി രംഗത്തെത്തിയിരിക്കുകയാണ്. സുഹൃത്തിനും കുടുംബത്തിനുമൊപ്പം രാത്രി ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് വരുന്ന വഴിയില്‍ കേരള പൊലീസ് വണ്ടി നിര്‍ത്തിച്ച് ചോദ്യം ചെയ്തുവെന്നും സ്ത്രീകള്‍ മാത്രം സഞ്ചരിച്ച ഓട്ടോ തടഞ്ഞ് നിര്‍ത്തി വളരെ മോശമായ വിധത്തില്‍ പൊലീസ് പെരുമാറിയെന്നും ഇവരുടെ അടുത്തേക്കാണോ ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ പോകേണ്ടത് എന്നും അര്‍ച്ചന നിശിതമായ ഭാഷയിൽ ചോദ്യം ഉന്നയിക്കുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പ്രതികരണം. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന ചോദ്യത്തോട് കൂടിയാണ് അര്‍ച്ചനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആരംഭിച്ചത്. ഈ പോസ്റ്റ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

 

ജസ്‌നയും ഞാനും അവളുടെ കുടുംബവും മിലാനോയില്‍ നിന്നും തിരികെ വരികയായിരുന്നു. അതിനിടയില്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങളെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തു. ഓട്ടോയിലുള്ള ഞങ്ങളെല്ലാവരും സ്ത്രീകളായിരുന്നു. പൊലീസ് വളരെ മോശമായാണ് ഞങ്ങളോട് പെരുമാറിയത്. ഞങ്ങള്‍ക്ക് ഒട്ടും സുരക്ഷിതമായി തോന്നിയില്ല. ഞങ്ങള്‍ വീട്ടിലേക്ക് പോകുകയാണ് എന്ന് പറഞ്ഞപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എന്തിനാണ് ഞങ്ങള്‍ വീട്ടിലേക്ക് പോകുന്നത് എന്ന് തിരിച്ച് ചോദിച്ചു. ചോദ്യം ചെയ്യുന്നതില്‍ എനിക്ക് പ്രശ്‌നമില്ല. പക്ഷേ അതിനൊരു രീതിയുണ്ട്. ഇത് തികച്ചും ഡിസ്റ്റര്‍ബിങ്ങ് ആയിരുന്നു. ഇവരുടെ അടുത്തേക്കാണോ ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ നമ്മള്‍ പോകേണ്ടത്.ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അർച്ചന കവി ചോദിക്കുന്നു. കേരള പൊലീസ്, ഫോര്‍ട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളും അര്‍ച്ച പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

മുതിർന്ന പത്രപ്രവർത്തകനായ ജോസ് കവിയിലിന്റെയും റോസമ്മയുടെയും മകളായി ന്യൂഡൽഹിയിലാണ് അർച്ചന ജനിച്ചത്. കേരളത്തിലെ കണ്ണൂർ ജില്ലക്കാരാണ് ജോസ് കവിയിലിന്റെ കുടുംബം. ആശിഷ് കവി എന്നൊരു മൂത്ത സഹോദരനുണ്ട്. ഡൽഹിയിൽ വളർന്ന താരം ഡൽഹി സെന്റ് സേവ്യേഴ്സ് സ്കൂളിൽ പഠിച്ചു.2006-ൽ, മാർ അഗസ്റ്റിനോസ് കോളേജിൽ ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിനായി അർച്ചന കേരളത്തിലെ രാമപുരത്തേക്ക് മാറി. താൻ ഒരു സാധാരണ മലയാളി മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്നാണ് വന്നതെന്നും അഭിനയം ഞങ്ങൾ ഒരിക്കലും ഒരു തൊഴിലായി കണക്കാക്കിയിട്ടില്ലെന്നും താരം പറഞ്ഞു. തന്റെ പിതാവ് മാധ്യമപ്രവർത്തകൻ ആയതുകൊണ്ട് ആദ്യം പത്രപ്രവർത്തകയാകാൻ ആഗ്രഹിച്ചു.പിന്നീട് ആർജെ ആവാൻ ആഗ്രഹിച്ചെന്നും എന്നാൽ ആളുകൾ തന്നെ നിരുത്സാഹപ്പെടുത്തി എന്നും താരം പറയുന്നു.

അർച്ചന ടെലിവിഷൻ ചാനലായ യെസ് ഇന്ത്യാവിഷനിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കുകയും ചില പ്രോഗ്രാമുകളുടെ നിർമ്മാണത്തിൽ സഹായിക്കുകയും ചെയ്തു. ഒരു വർഷത്തിനു ശേഷം, അതേ ചാനലിൽ ബ്ലഡി ലവ് എന്ന പരിപാടിയിൽ അവതാരകയായി, സംവിധായകൻ ലാൽ ജോസ് അവളെ ശ്രദ്ധയിൽപ്പെടുത്തി, നായികയാക്കി. 2009-ൽ മികച്ച വിജയം നേടിയ നീലത്താമരയിലൂടെയാണ് നടി സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്, പഴയ നായർ തറവാടിലെ വേലക്കാരിയായ കുഞ്ഞിമാളുവിന്റെ വേഷം അവതരിപ്പിച്ചു. മലയാളസിനിമയിൽ കുറച്ചുകാലങ്ങളായി താരം അപ്രത്യക്ഷമായിരുന്നു. ഫീൽഡ് ഔട്ട് ആയി എന്ന് ചിലരെങ്കിലും കരുതുന്ന താരത്തിന്റെ റീ-എൻട്രി ഉടനുണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. അർച്ചനാകവി തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ ഈ കാര്യം ഔദ്യോഗികമായി ആളുകളിലേക്ക് അറിയിച്ചത്. ഒരിടവേളയ്ക്ക് ശേഷം സിനിമകളിലേക്ക് സജീവമായി താരത്തിന്റെ തിരിച്ചുവരവ് കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

x