ഒരുപാട് നാളത്തെ ആഗ്രഹം; കാത്തിരുന്ന് ഒടുവിൽ അയ്യപ്പസ്വാമിയെ തൊഴുത് നടി സിത്താര, വൈറലായി ചിത്രങ്ങൾ

മഴവിൽക്കാവടി, ചമയം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രിയതാരമായി മാറിയ നടി സിത്താര ശബരിമലയിലെത്തി അയ്യപ്പസ്വാമിയെ ദർശിച്ച ദൃശ്യങ്ങൾ വൈറലാകുന്നു. 1985-95 കാലഘട്ടത്തിൽ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായിരുന്ന താരം ശബരിമലയിലെത്തിയ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. സ്ത്രീകൾക്ക് ശബരിമലയിൽ കയറാൻ പ്രായത്തിന്റെ പരിധിയുണ്ട്. അതുകൊണ്ട് തന്നെ ഏറെക്കാലമായുള്ള ആഗ്രഹം ഒടുവിൽ സാധ്യമാക്കിയിരിക്കുകയാണ് സിത്താര.

നടി ബന്ധുക്കൾക്കൊപ്പം ശബരിമലയിലെത്തി അയ്യപ്പദർശനം നടത്തിയ ചിത്രങ്ങൾ പുറത്തെത്തിയത് ഇപ്പോഴാണ്. കർക്കിടക പൂജയ്ക്ക് ശബരിമല നട തുറന്നപ്പോഴാണ് സിത്താര ശബരിമലയിൽ എത്തിയത്. ദീപാരാധന തൊഴുതു പടിപൂജയും കലശാഭിഷേക ചടങ്ങുകളിലും പങ്കെടുത്ത ശേഷമാണ് താരം മടങ്ങിയത്.

അതേസമയം,ശബരിമല അയ്യപ്പ സന്നിധിയിൽ തന്ത്രി കണ്ഠരര് ബ്രഹ്‌മദത്തന്റെ മുഖ്യകാർമ്മികത്വത്തിലാണ് കർക്കിടകമാസ പൂജകൾ തുടരുകയാണ്. പിതാവ് തന്ത്രി കണ്ഠരര് രാജീവരും സന്നിധാനത്തുണ്ട്. മേൽശാന്തി കെ ജയരാമൻ നമ്പൂതിരിയാണ് കളഭ കലശമെഴുന്നെള്ളിപ്പ് നടത്തുന്നത്. കർക്കിടകവാവ് ദിവസംകൂടിയായിരുന്ന മലയാള മാസം ഒന്ന് മുതൽ സന്നിധാനത്ത് വലിയ തിരക്കാണ്.

x