ഓണക്കോടിയുമായി ജഗതി ചേട്ടനെ കാണാനെത്തി സുരേഷ് ഗോപി ; ഈ സന്ദർശനത്തിന് മറ്റൊരു കാരണം കൂടിയുണ്ട്

മലയാളസിനിമയിൽ നിരവധി ആരാധകരുള്ള നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. ആക്ഷൻ ഹീറോ എന്നാണ് ഒരു കാലത്ത് അദ്ദേഹത്തെ എല്ലാവരും വിശേഷിപ്പിച്ചിരുന്നത്. സഹ റോളുകളിലൂടെ കടന്ന് വന്ന് നായകവേഷത്തിലേയ്ക്കുള്ള സുരേഷ്ഗോപിയുടെ വളർച്ച വളരെ വേഗത്തിലായിരുന്നു. എല്ലാ കഥാപാത്രങ്ങളും ഭംഗിയായി തനിയ്ക്ക് ചെയ്യാൻ സാധിക്കുമെന്ന് സുരേഷ് ഗോപി കാലക്രമേണ തെളിയിക്കുകയായിരുന്നു. പിന്നീട് സിനിമയിൽ നിന്ന് വലിയ ഇടവേളയെടുത്ത് രാഷ്ട്രീയ രംഗത്ത് സജീവമായ അദ്ദേഹം ഏറെ നാളുകൾക്ക് ശേഷം അഭിനയ രംഗത്തേയ്ക്ക് കടന്ന് വരികയായിരുന്നു.

ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘പാപ്പൻ’ എന്ന സിനിമയിലൂടെയായിരുന്നു സുരേഷ് ഗോപി ശക്തമായ തിരിച്ച് വരവ് നടത്തിയത്. അച്ഛനും, മകനും ഒരുമിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും പാപ്പനുണ്ട്. അഭിനേതാവ്, രാഷ്ട്രീയ നേതാവ് എന്നതിനെല്ലാം പുറമേ നിരവധി സാമൂഹ്യ പ്രവർത്തനങ്ങളിലും, കാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയാകുന്ന വ്യകതി കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ മലയാളസിനിമയിലെ ആക്ഷൻ ഹീറോ സുരേഷ്ഗോപിയെയും, ഹാസ്യ തമ്പുരാൻ എന്ന് വിശേഷിപ്പിക്കുന്ന ജഗതി ശ്രീകുമാറിനെയും സംബന്ധിച്ചാണ് വാർത്തകൾ പുറത്തു വരുന്നത്.

ജഗതിയെ കാണുന്നതിനും, അദ്ദേഹത്തിന് ഓണക്കോടി സമ്മാനിക്കുന്നതിനുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ജഗതിയുടെ വസതിയിൽ സഹപ്രവർത്തകർക്കൊപ്പം സുരേഷ് ഗോപിയെത്തിയ വാർത്തകളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തേഞ്ഞിപ്പാലത്ത് വെച്ച് വർഷങ്ങൾക്ക് മുൻപുണ്ടായ അപകടത്തെത്തുടർന്ന് സംസാര ശേഷിയും, ചലനശേഷിയും നഷ്‌ടമായ അവസ്ഥയിൽ കഴിയുകയായിരുന്നു ജഗതി ശ്രീകുമാർ. ഇനി ഒരു തിരിച്ച് വരവ് ഉണ്ടാകുമോ ? എന്ന് അദേഹത്തിൻറെ അവസ്ഥയിൽ ആശങ്കപ്പെട്ടവർക്ക് കാലം മറുപടി നൽകിയത് അമ്പിളിചേട്ടന്റെ ‘സിബിഐ 5’ എന്ന ചിത്രത്തിലൂടെയായിരുന്നു. ഏറെ നാളുകൾക്ക് ശേഷം മലയാളസിനിമയ്ക്ക് ജഗതി എന്ന കലാകാരനെ സ്ക്രീനിന് മുൻപിൽ മികവോടെ കാണാൻ സാധിച്ചത് സിബിഐ 5 – ൽ മ്മൂട്ടിയ്‌ക്കൊപ്പമായിരുന്നു.

ഇപ്പോഴിതാ സുരേഷ് ഗോപി വീട്ടിലെത്തിയ സന്തോഷത്തിലാണ് ജഗതിശ്രീകുമാർ. സ്വർണ കസവ് നിറത്തിലുള്ള മനോഹരമായ കോടി മുണ്ടാണ് അദ്ദേഹം തൻ്റെ പ്രിയ സഹപ്രവർത്തകന് സമ്മാനിച്ചിരിക്കുന്നത്. സ്നേഹത്തോടെ കോടിമുണ്ട് കൈകളിലെടുത്ത് ജഗതിയെ സുരേഷ് ഗോപി അത് അണിയിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം. ഏറെ നാളുകൾക്ക് ശേഷം സുരേഷ് ഗോപിയെ കണ്ട ആശ്ചര്യവും, സന്തോഷവും ജഗതിയുടെ മുഖത്ത് പ്രകടമായിരുന്നു. കോടി മുണ്ടിന് പുറമേ മറ്റൊരു സമ്മാനം കൂടെ ജഗതിയ്ക്ക് സുരേഷ് ഗോപി കൊണ്ട് വന്നിരുന്നു.

പത്രപ്രവർത്തകനായ രമേഷ് പുതിയമഠം തയാറാക്കിയ ‘ജഗതി ഒരു അഭിനയ വിസ്മയം’ എന്ന പുസ്തകം പ്രകാശനത്തിന്റ ഭാഗമായിട്ടായിരുന്നു സുരേഷ് ഗോപി അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. സുരേഷ് ഗോപി ജഗതിയ്ക്ക് അദ്ദേഹത്തിൻറെ പേരിലുളള പുസ്തകം സമ്മാനിച്ചാണ് പ്രകാശനം നിർവ്വഹിച്ചത്. പേയാട് സ്കൈ ലൈൻ വില്ലയിൽ നടന്ന ചടങ്ങിൽ എബ്രഹാം മാത്യു, നരേന്ദ്രൻ ഗ്രീൻ ബുക്സ്, രമേഷ് പുതിയ മഠം എന്നിവർ പങ്കെടുത്തു. മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത അഭിനനേതാവായ ജഗതി ശ്രീകുമാറിനെക്കുറിച്ച് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞ ഓരോ അനുഭവങ്ങളാണ് ഗ്രീൻ ബുക്സ്പ്രസിദ്ധീകരിച്ച ജഗതി ഒരു അഭിനയ വിസ്മയം എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

x