ഗോകുലിന് പിന്നാലെ സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവും വെള്ളിത്തിരയിലേക്ക്; അരങ്ങേറ്റത്തിന് മുൻപ് മമ്മൂട്ടിയുടെ അനു​ഗ്രഹം വാങ്ങി താരപുത്രൻ

ഗോകുലിന് പിന്നാലെ സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവും വെള്ളിത്തിരയിലേക്ക്. മലയാള സിനിമ അരങ്ങേറ്റത്തിൽ മാധവ്, മമ്മൂട്ടിയുടെ അനു​ഗ്രഹം വാങ്ങാൻ കൊച്ചിയിലെ വസതിയിൽ എത്തി. പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മാധവിന്റെ തുടക്കം.സംവിധായകൻ പ്രവീൺ നാരായണൻ, ലൈൻ പ്രൊഡ്യൂസർ സജിത് കൃഷ്ണ എന്നിവർക്കൊപ്പമാണ് മാധവ് മമ്മൂട്ടിയുടെ അനു​ഗ്രഹം വാങ്ങാൻ അദ്ദേഹത്തിന്റെ കൊച്ചിയിലെ വസതിയിലെത്തിയത് . മാധവിനും ചിത്രത്തിനും മമ്മൂട്ടി വിജയാശംസകൾ നേർന്നു.

ജെ.എസ്.കെ എന്നാണ് ചിത്രത്തിന്റെ പേര്. സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ 225-ാം ചിത്രമാണ് ജെ.എസ്.കെ. ‘സത്യം എപ്പോഴും നിലനിൽക്കും ‘ എന്ന ടാഗ് ലൈനോടെയാണ് ജെഎസ്കെ യുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത് വന്നത്. ചിത്രത്തിൽ സുരേഷ് ഗോപി വക്കിൽ വേഷത്തിലാണ് എത്തുന്നത്. അനുപമ പരമേശ്വരൻ ആണ് സിനിമയിലെ നായിക.എന്നാൽ മാധവ് ആദ്യമായല്ല ക്യാമറയ്‌ക്ക് മുന്നിൽ എത്തുന്നത് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ചെറിയൊരു സീനിൽ മാധവ് അഭിനയിച്ചിരുന്നു. സുരേഷ് ഗോപിയുടെ ഫൈറ്റ് സീൻ കണ്ട് സമീപത്തെ ഒരു ഫ്ളാറ്റിൽ നിന്നും എത്തിനോക്കുന്ന മുഖം മാധവ് സുരേഷിന്റേതായിരുന്നു. ആരും തിരിച്ചറിഞ്ഞിരുന്നില്ല. സീനിന്റെ മേക്കിംഗ് വീഡിയോ പിന്നീട് പുറത്തിറങ്ങിയതോടെയാണ് അത് മാധവ് ആണെന്ന് എല്ലാവരും മനസ്സിലാക്കിയത്.

2016 ലാണ് സുരേഷ് ഗോപിയുടെ മൂത്ത മകൻ ഗോകുൽ സുരേഷ് സിനിമയിലേക്ക് വന്നത്. മുദ്ദുഗൗ ആയിരുന്നു അരങ്ങേറ്റം‍ ചിത്രം. തുടർന്ന് ഈ വർഷം പുറത്തിറങ്ങിയ പാപ്പനിൽ അച്ഛൻ സുരേഷ് ഗോപിയോടൊപ്പം ഗോകുൽ അഭിനയിച്ചു. മലയാളത്തിൽ ഇതുവരെ പത്തോളം സിനിമകളിൽ ഗോകുൽ പ്രധാന വേഷത്തിൽ എത്തി. ഇര, മാസ്റ്റര്‍പീസ്, ഇളയരാജ, സൂത്രക്കാരന്‍, സായാഹ്ന വാര്‍ത്തകള്‍ തുടങ്ങി അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവ ആണ്. അരങ്ങേറ്റത്തിന് മുൻപ് മമ്മൂട്ടിയെ കണ്ട് അനുഗ്രഹം വാങ്ങാനെത്തിയ മാധവിൻറെ ചിത്രങ്ങള്‍ സോഷ്യൽമീഡിയ ഏറ്റെടുത്തു. മാധവിന് മമ്മുട്ടി വിജയാശംസകളും നേർന്നു. അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായിക. കോസ്മോസ് എന്റർടൈൻമെൻറിൻറെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ഇരിങ്ങാലക്കുടയും പരിസര പ്രദേശങ്ങളിലുമായാണ് ഷൂട്ടിംഗ് നടക്കുന്നത്.സുരേഷ് ​ഗോപിയുടേതായി ‘മേ ഹും മൂസ’ എന്ന ചിത്രമാണ് ഒടുവിൽ പുറത്തിറങ്ങിയത്. സെപ്റ്റംബർ 30ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഏറെ ശ്രദ്ധനേടി. മൂസ എന്ന മലപ്പുറത്തുകാരന്റെ കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. ഇന്ത്യൻ സമൂഹം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ജിബു ജേക്കബ് ചിത്രം സംവിധാനം ചെയ്തത് .

x