ആരെങ്കിലും തെറ്റ് ചെയ്താൽ എല്ലാവരെയും ശിക്ഷിക്കണോ? മാധ്യമങ്ങൾക്ക് മുന്നിൽ നിറകണ്ണുകളോടെ ഇന്ദ്രൻസ്

മലയാള സിനിമയില്‍ കോമെഡി കഥാപാത്രമായെത്തി നിലവിൽ പകരം വെയ്ക്കാനില്ലാത്ത നടനായി മാറിയ അഭിനയ പ്രതിഭയാണ് ഇന്ദ്രന്‍സ്. 1990കളിൽ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം പിന്നീട് തഴയപ്പെടുകയായിരുന്നു. 1981ല്‍ ചൂതാട്ടം എന്ന ചിത്രത്തിൽ വസ്ത്രാലങ്കാര സഹായിയായാണ് അദ്ദേഹം സിനിമയില്‍ പ്രവേശിക്കുന്നത്. പിന്നീട് ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെ തന്റെ അഭിനയ പാടവം അദ്ദേഹം തെളിയിച്ചു. അന്നധികവും കോമെഡി കഥാപാത്രങ്ങളായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. എന്നാൽ പിന്നീട് ഇന്ദ്രൻസ് തഴയപ്പെട്ടു. പുതിയ തലമുറയിലെ സിനിമാ പ്രവർത്തകർക്ക് ഇന്ദ്രൻസിനെ വേണ്ടാതെയായി.

എന്നാൽ 2014 ല്‍ അപ്പോത്തിക്കരി എന്ന ചിത്രത്തിലെ ഗംഭീര അഭിനയത്തിലൂടെ മികച്ച തിരിച്ചുവരവായിരുന്നു ഇന്ദ്രൻസ് നടത്തിയത്. ചിത്രത്തിലെ മികച്ച പ്രകടനം സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹത ലഭിച്ചിരുന്നു. 2018ല്‍ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല, ഏത് കഥാപാത്രവും തന്റെ കയ്യിൽ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചു.2019-ൽ  വെയില്‍ മരങ്ങള്‍ എന്ന സിനിമയിലെ പ്രകടനത്തിന് സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ച് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം അദ്ദേഹം നേടി.

കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ ഹോം എന്ന ചിത്രത്തിലും ഗംഭീര പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. ഇത്തവണത്തെ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രൻസിനാണെന്നു എല്ലാരും ഉറപ്പിച്ചതുമാണ്. എന്നാൽ കഴിഞ്ഞ ദിവസം അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഇന്ദ്രൻസിനെയും ഹോം സിനിമയെയും തഴയുകയായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ജനപ്രതിനിധികൾ ഉൾപ്പടെ ഈ വിഷയം ഏറ്റെടുത്തു. മികച്ച നടനുള്ള പുരസ്‌കാരം ജോജു ജോര്‍ജ്ജ്, ബിജു മേനോന്‍ എന്നിവര്‍ പങ്കിട്ടെടുക്കുകയായിരുന്നു.

ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ഇന്ദ്രൻസ്. കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും മൗനം പാലിക്കുകയാണ് അദ്ദേഹം ചെയ്തത്. എന്നാൽ തന്നെ ഒഴിവാക്കിയതിനേക്കാൾ തന്റെ സിനിമയെ തന്നെ ഒഴിവാക്കിയതിലുള്ള വിഷമം മാധ്യമങ്ങളുമായി പങ്കുവെക്കുകയാണ് അദ്ദേഹം ഇപ്പോൾ. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നിന്ന് ‘ഹോം’ സിനിമയെ ഒഴിവാക്കിയതിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇന്ദ്രൻസ് ഉന്നയിക്കുന്നത്. ചിത്രം കണ്ടവരാണ് അഭിപ്രായം പറയുന്നത് എന്നും, കാണാത്തവർക്ക് ഒന്നും പറയാനുണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു.

തന്റെ ചിത്രത്തെ ഒഴിവാക്കാന്‍ ആദ്യമേ അവർ കാരണം കണ്ടുവച്ചിട്ടുണ്ടാവാം. ഒരു കുടുംബത്തില്‍ ആരെങ്കിലും തെറ്റ് ചെയ്താല്‍ അതിനു എല്ലാവരെയും ശിക്ഷിക്കേണ്ട കാര്യമില്ലല്ലോ എന്നും ഏറെ വിഷമത്തോടെ അദ്ദേഹം ചോദിക്കുന്നു. കുറ്റവാളി നിരപരാധിയെന്ന് തെളിഞ്ഞാല്‍ പിന്നെ എല്ലാവരെയും വിളിച്ച് സിനിമ കാണുമോയെന്നും അദ്ദേഹം ചോദിച്ചു. കലാകാരന്മാരെ കൈവെള്ളയില്‍ കൊണ്ടുനടക്കുന്നുവെന്ന നമ്മുടെ ഒരു സര്‍ക്കാര്‍ ഉള്ളപ്പോഴാണിങ്ങനെ സംഭവിക്കുന്നതെന്നുംഅദ്ദേഹം പറഞ്ഞു. അതേസമയം യോഗമില്ലാത്തതിനാലാവാം പുരസ്കാരത്തിന് പരിഗണിക്കാതെന്ന് മഞ്ജുപിള്ള പറഞ്ഞു. നല്ലൊരു സിനിമ ജൂറി കാണാതെ പോയതില്‍ വിഷമുണ്ടെന്നും കഠിനാധ്വാനം കാണാത്തത് ശരിയല്ലെന്നും അവര്‍ കൂട്ടിച്ചേർത്തു.

x