നിങ്ങളെ സംരക്ഷിക്കേണ്ട കടമ എനിക്കുണ്ട്, കുടുംബത്തിലെ അംഗമായി കാണണം; കണ്ണ് നിറഞ്ഞ് താരം, ജന്മദിന ആഘോഷങ്ങൾക്കിടെ വൈദ്യുത ആഘാതമേറ്റ് മരിച്ച ആരാധകരുടെ കുടുംബങ്ങളോട് സൂര്യ, വിഡിയോ 

സൂര്യയുടെ ജന്മദിന ആഘോഷങ്ങൾക്കായുള്ള ഒരുക്കത്തിനിടെ ഒരു ആരാധകൻ വൈദ്യുത ആഘാതമേറ്റ് മരിച്ച വാർത്ത ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിത മരിച്ച ആരാധകരുടെ കുടുംബത്തിന് സാന്ത്വനമായി എത്തിയിരിക്കുകയാണ് നടൻ സൂര്യ.മരണമടഞ്ഞ ആരാധകരുടെ കുടുംബവുമായി വീഡിയോ കോളിലൂടെ സൂര്യ സംസാരിച്ചു. നിങ്ങളുടെ സങ്കടം തന്റേതു കൂടിയാണെന്നും കുടുംബത്തിലെ ഒരംഗമായി തന്നെയും കാണണമെന്ന് അമ്മമാരോട് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ഉറപ്പായും കുടുംബത്തിലുള്ളവരെ നേരിൽവന്നു കാണുമെന്നും സൂര്യ ഉറപ്പു നൽകി.സൂര്യയെ ഫോൺ സ്‌ക്രീനിൽ കണ്ട് യുവാക്കളുടെ അമ്മമാർ പൊട്ടിക്കരയുന്നത് കാണാം.നിറകണ്ണുകളോടെയാണ് താരം സംസാരിക്കുന്നത്. താൻ ഇപ്പോഴും ഞെട്ടലിലാണ് എന്നാണ് താരം പറയുന്നത്.യുവാവിന്റെ സഹോദരിയോട് തന്നെ ഒരു സഹോദരനായി തന്നെ കാണാമെന്നും എന്ത് ആവശ്യത്തിനും കൂടെ ഉണ്ടാകുമെന്നും സൂര്യ പറഞ്ഞു. സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഇതിന്റെ വിഡിയോ.

കഴിഞ്ഞ ദിവസമായിരുന്നു സൂര്യയുടെ രണ്ട് ആരാധകർ വൈദ്യുത ആഘാതമേറ്റ് മരിക്കുന്നത്. സൂര്യയുടെ പിറന്നാളിന്റെ ഭാഗമായി ഫ്‌ലെക്‌സ് സ്ഥാപിക്കാനുള്ള ശ്രമത്തിനിടെയാണ് ആരാധകർക്ക് വൈദ്യുതാഘാതമേറ്റത്. ആന്ധ്രപ്രദേശിലെ പൽനാട് ജില്ലയിലാണ് സംഭവം.
എൻ.വെങ്കടേഷ്, പി.സായി എന്നിവരാണ് മരിച്ചത്. ഇരുവരും നഗരത്തിലെ സ്വകാര്യ കോളജിലെ വിദ്യാർഥികളാണ്. സൂര്യയുടെ ജന്മദിനത്തിനു മുന്നോടിയായി ശനിയാഴ്ച രാത്രിയാണ് ആരാധകർ ചേർന്ന് പൽനാട് ജില്ലയിലെ നരസാരപ്പേട്ട് ടൗണിൽ ഫ്‌ലെക്‌സ് സ്ഥാപിച്ചത്. ഫ്‌ലെക്‌സ് സ്ഥാപിക്കുന്നതിനിടെ അതിലെ ഇരുമ്പുകമ്പി വൈദ്യുത കമ്പിയിൽത്തട്ടിയാണ് ഇരുവർക്കും ഷോക്കേറ്റത്.

Articles You May Like

x