ഇത് പുതിയ പ്രമോഷൻ തന്ത്രമോ? തൻ്റെ സിനിമയുടെ റിലീസ് ദിനത്തിൽ തിയേറ്ററിൽ സാരിയുടുത്ത് ആഭരണങ്ങളണിഞ്ഞ് സ്ത്രീ വേഷത്തിലെത്തി സംവിധായകൻ രാജസേനൻ

സിനിമയുടെ പ്രചരണത്തിന് വ്യത്യസ്തമായ തന്ത്രങ്ങളാണ് ഇക്കാലത്ത് ഓരോരുത്തരും പരീക്ഷിക്കുന്നത്. പണ്ടുകാലത്ത് പോസ്റ്ററുകളായിരുന്നു സിനിമയെ ജനങ്ങളിലെത്തിച്ചിരുന്നത് എങ്കിൽ ഇന്ന് കാലം മാറി. സോഷ്യൽ മീഡിയയാണ് താരം. അത്തരത്തിൽ ഒരു സിനിമാപ്രചരണത്തിന്റെ വാർത്തയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

തന്റെ സിനിമയുടെ റിലീസ് ദിവസം സ്ത്രീവേഷത്തിൽ തിയേറ്ററിലെത്തി പ്രേക്ഷകരെ ഞെട്ടി ച്ചിരിക്കുകയാണ് സംവിധായകൻ രാജസേനൻ. ‘ഞാനും പിന്നൊരു ഞാനും’ എന്ന ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായാണ് രാജസേനൻ ഇടപ്പള്ളി വനിതാ തിയേറ്ററിലെത്തിയത്. സാരിയുടുത്ത് ആഭരണങ്ങളണിഞ്ഞെത്തിയ സംവിധായകനെ ആളുകൾ വളഞ്ഞു. ചിത്രത്തിൽ രാജസേനന്റെ കഥാപാത്രം സ്ത്രീവേഷത്തിലെത്തുന്നുണ്ട്. അതുകൊണ്ടു തന്നെ സിനിമ കാണാനെത്തുന്ന പ്രേക്ഷകർക്ക് ഒരു സസ്പെൻസാണ് ഈ വേഷപ്പകർച്ചയെന്നും രാജസേനൻ പറഞ്ഞു.

‘ഞാനും പിന്നൊരു ഞാനും എന്ന പേരിലെ പിന്നൊരു ഞാൻ ഇതാണ്. വളരെ വ്യത്യസ്തമായ സിനിമയാണ്. ഒരു വ്യത്യാസം വേണ്ടേ, ജീവിക്കുന്ന കാലഘട്ടത്തിനനുസരിച്ച് ഓടണമല്ലോ. ആറ് മാസത്തിൽ ഷൂട്ടിങ് കഴിഞ്ഞ ചിത്രത്തിലെ ഒരു സ്റ്റിൽ പോലും പുറത്ത് പോയിട്ടില്ല. പക്ഷേ ഇന്ന് നൂൺഷോ കഴിഞ്ഞപ്പോള് സസ്‌പെൻസ് കഴിഞ്ഞു. മാത്രവുമല്ല ഈ വേഷത്തിലുള്ള പോസ്റ്റർ വരുന്നുമുണ്ട്,’ രാജസേനൻ പറഞ്ഞു.

ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജസേനൻ വീണ്ടും സംവിധായകന്റെ വേഷം അണിയുന്നത്. ചിത്രത്തിന്റെ തിരക്കഥയും രാജസേനൻ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ ഇന്ദ്രൻസുമെത്തുന്നു. സുധീർ കരമന, ജോയ് മാത്യു, മീര നായർ, ആരതി നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

സാംലാൽ പി തോമസ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്, എം ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. എഡിറ്റർ വി സാജൻ, സ്ക്രിപ്റ്റ് അസിസ്റ്റന്റ് പാർവതി നായർ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ പ്രസാദ് യാദവ്, മേക്കപ്പ് സജി കാട്ടാക്കട, ആർട്ട് സാബു റാം. കോസ്റ്റ്യൂം ഇന്ദ്രൻസ് ജയൻ, കൊറിയോഗ്രാഫി ജയൻ ഭരതക്ഷേത്ര, പ്രൊഡക്ഷൻ കൺട്രോളർ എസ് എൽ പ്രദീപ്, സ്റ്റിൽസ് കാഞ്ചൻ ടി ആർ, പിആർഓ മഞ്ജു ഗോപിനാഥ്, ഡിസൈൻസ് ഐഡന്റ് ടൈറ്റിൽ ലാബ്. 2014ൽ വൂണ്ട് എന്ന ചിത്രമാണ് രാജസേനൻ അവസാനം സംവിധാനം ചെയ്തത്.

Articles You May Like

x