മുരളി സെറ്റില്‍ നിന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി, അതിന് ഒരു കാരണവുമുണ്ടായിരുന്നു; വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവം ഓര്‍മിച്ച് മുകേഷ്

മലയാളത്തിലെ അനശ്വര നടന്മാരിലൊരാളാണ് മുരളി. നാടകരംഗത്തുനിന്നും സിനിമയിലേക്കെത്തിയ മുരളിയുടെ ആദ്യം റിലീസായ സിനിമ ഹരിഹരന്‍ സംവിധാനം ചെയ്ത പഞ്ചാഗ്നിയാണ്. വില്ലന്‍ വേഷമായിരുന്നു പഞ്ചാഗ്നിയിലേത്. എങ്കിലും പില്‍ക്കാലത്ത് മലയാളത്തിലെ കരുത്തനായ നായകവേഷത്തില്‍ മുരളി തിളങ്ങുന്ന കാഴ്ചയാണ് കണ്ടത്. ആധാരം, വെങ്കലം, അമരം, ധനം, കളിക്കളം, വരവേല്‍പ്പ്, കിരീടം, അടയാളം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ നായകനായും വില്ലനായുമൊക്കെ മുരളി ശോഭിച്ചു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നെയ്ത്തുകാരന്‍ എന്ന ചിത്രത്തിലൂടെ 2002-ല്‍ മുരളിയെ തേടിയെത്തി. നാല് തവണ സംസ്ഥാന അവാര്‍ഡും മുരളിക്ക് ലഭിച്ചു. രണ്ട് തവണ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡും മുരളിക്കാണ് ലഭിച്ചത്. ഒരു തവണ ആലപ്പുഴ ലോക്‌സഭാമണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്ഥാനാര്‍ഥിയായും മത്സരിച്ചിട്ടുണ്ട്.കാരിരുമ്പിന്റെ കരുത്തുള്ള കഥാപാത്രങ്ങളെ സ്‌ക്രിനീല്‍ അവതരിപ്പിച്ചിട്ടുള്ള മുരളി ഓഫ് സ്‌ക്രീനിലും പരുക്കന്‍ സ്വഭാവക്കാരനാണെന്നായിരുന്നു പ്രചരിച്ചിരുന്നത്. സിനിമ സെറ്റില്‍ മറ്റ് താരങ്ങളുമായി മുരളി വഴക്കുണ്ടാക്കിയ വാര്‍ത്തകള്‍ ഇടയ്ക്കിടെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

മുരളിയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചു കൊണ്ടു നടന്‍ മുകേഷ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. മുകേഷിന്റെ യുട്യൂബ് ചാനലിലാണ് മുരളിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചത്.രിക്കല്‍ ഒരു ഷൂട്ടിംഗ് നടക്കുമ്പോള്‍ മുരളി ദേഷ്യപ്പെട്ട് ഇറങ്ങിപ്പോവുകയുണ്ടായി. കാരണം മൊബൈല്‍ ഫോണായിരുന്നു. സംഭവം അരങ്ങേറിയത് മൊബൈല്‍ ഫോണ്‍ ഇറങ്ങിയ കാലഘട്ടത്തിലാണ്. അന്നൊക്കെ മൊബൈല്‍ ഫോണില്‍ ഒരു കോള്‍ വരുന്നതിനെ ആളുകള്‍ വലിയ ക്രെഡിറ്റായി കണ്ടിരുന്ന കാലമായിരുന്നു. മദ്രാസില്‍ ഒരു സിനിമയുടെ കോംബിനേഷന്‍ സീന നടക്കുകയാണ്. അതില്‍ പ്രധാന ഡയലോഗ് പറയേണ്ടത് മുരളിചേട്ടനാണ്. ആശുപത്രി സീനായതിനാല്‍ പ്രോംപ്റ്റിംഗ് ഇല്ല. അതുകൊണ്ടു തന്നെ മുരളിചേട്ടന്‍ ഡയലോഗ് ഹൃദ്യസ്ഥമാക്കി വന്നു.
എന്നാല്‍ ആക്ഷന്‍ പറഞ്ഞ് മുരളിചേട്ടന്‍ ഡയലോഗ് പറയാന്‍ തുടങ്ങുമ്പോള്‍ സീനിലുള്ള ഒരു നടന്റെ മൊബൈല്‍ ഫോണ്‍ ബെല്ലടിക്കും.’ എക്‌സ്‌ക്യൂസ് മീ വണ്‍ സെക്കന്‍ഡ് എന്നു പറഞ്ഞ് ആ നടന്‍ പുറത്തേക്ക് പോയി ‘. ഫോണില്‍ സംസാരിച്ച് തിരിച്ചുവരികയും ചെയ്യും. പക്ഷേ, അപ്പോഴേക്കും മറ്റേയാളുടെ ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങും. ഏഴോ എട്ടോ ഫോണ്‍ ഇത്തരത്തില്‍ തുടരെ തുടരെ വന്നു.

മുരളിചേട്ടന്റെ ഡയലോഗ് പറച്ചിലിന് ഇത് തടസമാവുകയും ചെയ്തു. ഇതു കണ്ട മുരളി ചേട്ടന് എന്ത് ചെയ്യണമെന്ന സംശയമായി.
ഒടുവില്‍ മുന്നറിയിപ്പ് കൊടുത്ത ശേഷം മുരളിചേട്ടന്‍ വീണ്ടും അഭിനയിച്ച് തുടങ്ങിയെങ്കിലും വീണ്ടും പ്രധാനപ്പെട്ടൊരാളുടെ ഫോണ്‍ അടിച്ചു. വണ്‍ മിനിറ്റ് എന്ന് പറഞ്ഞ് അദ്ദേഹം പുറത്തേക്ക് പോയി. ഇതു കേട്ടതും മുരളിചേട്ടന്‍ പൊട്ടിത്തെറിച്ചതും ഒരുമിച്ചായിരുന്നു. പെട്ടെന്ന് മേക്ക് അപ്പ് എല്ലാം തുടച്ച് കാറില്‍ കയറി പോവുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ ബെല്ലടിക്കാത്ത നേരത്ത് വിളിച്ചാല്‍ മതിയെന്നും പറഞ്ഞു. ആ സംഭവത്തിനു ശേഷം കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും സീന്‍ എടുത്തത്. അന്നു മുതല്‍ മുരളിചേട്ടന്‍ സെറ്റില്‍ വരുമ്പോള്‍ നിശബ്ദത ഉണ്ടാവും. പക്ഷേ, മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്തനാണെന്ന് മുകേഷ് പറഞ്ഞു. സെറ്റില്‍ പൊട്ടിച്ചിരിച്ച് തമാശയൊക്കെ പറഞ്ഞ് ഇരിക്കുന്നയാളാണ് മോഹന്‍ലാല്‍. എന്നിട്ട് ഷോട്ട് റെഡി എന്നു കേള്‍ക്കുമ്പോള്‍ വേറൊരു ആളായി മാറുന്ന നടനാണ് മോഹന്‍ലാല്‍ -മുകേഷ് പറഞ്ഞു. കാര്യം ഇതൊക്കെയാണെങ്കിലും കൊല്ലംകാരനാണെന്നതും, നാടക പാരമ്പര്യമുള്ളതു കൊണ്ടും തന്നോടു മുരളിക്ക് വലിയ സ്‌നേഹമായിരുന്നെന്നു മുകേഷ് പറഞ്ഞു.

x