ഭർത്താവിനെക്കുറിച്ചുള്ള ഓർമ്മ പോലും മനസ്സിൽ ഇല്ല, പതിമൂന്നരവയസ്സിൽ അമ്മയായി, 17 ൽ വിധവയും, എനിക്ക് രണ്ട് മക്കൾ ഉണ്ടെന്നോ എന്നൊന്നും ഓർമ്മ ഉണ്ടായില്ല, എല്ലാവരും കൂടി പറഞ്ഞുപറഞ്ഞാണ് അമ്മ എന്ന സ്ഥാനം പോലും എന്റെ മനസ്സിലേക്ക് കിട്ടിയത്: ശാന്തകുമാരി

250 ലേറെ ചിത്രങ്ങളിൽ അമ്മയായും സഹനടിയായുമൊക്കെ അഭിനയിച്ച മലയാള സിനിമയിലെ മുതിർന്ന നടിമാരിൽ ഒരാളാണ് ശാന്തകുമാരി. മലയാളത്തിൽ അമ്മ വേഷങ്ങൾ ഏറ്റവും കൂടുതൽ ചെയ്ത ശാന്തകുമാരിയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത് നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു. ചുവന്ന വിത്തുകൾ എന്ന ചിത്രത്തിലൂടെയാണ് ശാന്തകുമാരിയുടെ സിനിമ രംഗത്തേക്കുള്ള അരങ്ങേറ്റം. അതേ വർഷം മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരവും അവർ സ്വന്തമാക്കി.

പതിമൂന്നാം വയസ്സിലെ വിവാഹവും പിന്നീടുള്ള ജീവിതവും വിവരിക്കുകയാണ് ഇപ്പോൾ ശാന്തകുമാരി. പതിമൂന്നാം വയസ്സിലാണ് വിവാഹം, പതിമൂന്നര വയസ്സിൽ മൂത്തമകൾ ജനിച്ചു. രണ്ടുപെൺമക്കൾ. പതിനേഴാം വയസ്സിൽ വിധവയായി. ഭർത്താവിനെക്കുറിച്ചൊന്നും എനിക്ക് ഓർമ്മകൾ ഇല്ല. ആ പ്രായത്തിൽ എനിക്ക് കളിക്കണം ചിരിക്കണം നടക്കണം എന്നൊക്കെ ആയിരുന്നു. എനിക്ക് രണ്ട് മക്കൾ ഉണ്ടെന്നോ എന്നൊന്നും ഓർമ്മ ഉണ്ടായില്ല. എല്ലാവരും കൂടി പറഞ്ഞുപറഞ്ഞാണ് അമ്മ എന്ന സ്ഥാനം പോലും എന്റെ മനസ്സിലേക്ക് കിട്ടിയത്. ഇതൊക്കെ പറയാൻ പാടുണ്ടോ എന്ന് അറിയില്ല- ശാന്തകുമാരി പറയുന്നു.

അച്ഛനും സഹോദരനും ഒക്കെ ഗവണ്മെന്റ് ജോലിയാണ്. പക്ഷേ നമ്മൾക്ക് ചിലവിനു തരാനുള്ള ചുറ്റുപാടൊന്നും ഉണ്ടായിരുന്നില്ല. അവസാനം ആയപ്പോൾ കുട്ടികളെ വളർത്തണം എങ്കിൽ പണിക്ക് പോയേ പറ്റൂ എന്നായി. ആ സമയത്ത് ഞാൻ പള്ളിയിൽ പ്രാർത്ഥിക്കാൻ പോകും. അവിടുത്തെ അച്ചന്മാർ ആണ് എന്നോട് പാടി അഭിനയിക്കാമോ എന്ന് ചോദിക്കുന്നത്. ഞാൻ ഓക്കേ പറഞ്ഞു. അങ്ങനെ ഞാൻ അവിടെയാണ് ഒരു നാടകത്തിൽ അഭിനയിക്കുന്നത്. തിരികെ വീട്ടിലെത്തിയപ്പോൾ നല്ല അടി കിട്ടി. വീട്ടിൽ പറയാതെ പോയതിന് കെട്ടിയിട്ട് ആണ് അടി. അന്നൊന്നും ആണുങ്ങളോട് മിണ്ടില്ലല്ലോ. ചോറ് പോലും താരാതേ ആയി. കുട്ടികളെയും വളര്ത്തണമല്ലോ. എന്നാൽ അപ്പോൾ വൈരാഗ്യമായി, അങ്ങനെ ഞാൻ നാടകത്തിലേക്ക് ഇറങ്ങി. വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ പറഞ്ഞു. അങ്ങനെ ഇറങ്ങി. അവിടെനിന്നുമാണ് സിനിമയിൽ കയറുന്നത്. ചുമന്ന വിത്തുകൾ എന്ന സിനിമയിലേക്ക് ആണ് ആദ്യം അഭിനയിക്കുന്നത്-

ഒരു വേശ്യയുടെ വേഷം ആണ് ആദ്യം കെട്ടുന്നത്. അന്നൊന്നും നമുക്ക് അറിയില്ലല്ലോ. അവർ പറയുന്നു, അഭിനയിക്കുന്നു എന്നല്ലാതെ ഒന്നും അറിയില്ല. സീനത്ത് ആണ് അനുജത്തി ആയി അഭിനയിക്കുന്നത്. അതിനു അവാർഡ് കിട്ടി എന്ന് അറിഞ്ഞപ്പോഴും നമുക്ക് ഒന്നും അറിയില്ല. അയ്യായിരം രൂപ കിട്ടി അന്ന് അവാർഡ്. 51 രൂപയുടെ സാരി ഉടുത്താണ് അവാർഡ് വാങ്ങാൻ പോകുന്നത്. മിണ്ടാതിരുന്ന അമ്മ പോലും എന്നെ കെട്ടിപിടിച്ചു ഉമ്മ വയ്ക്കുന്നു, അപ്പോഴും എനിക്ക് ഒന്നും മനസിലാകുന്നില്ല.

ഇടക്കാലത്തു വന്ന റൂമറിനെ കുറിച്ചും ശാന്തകുമാരി പറഞ്ഞു. അത് വന്നതുകാരണം അഞ്ചുവർഷം ഞാൻ പണി ഇല്ലാതെ വീട്ടിൽ ഇരുന്നു. ഒരു സ്ത്രീ ആയിരുന്നു പിന്നിൽ. ആരാണ് എന്നൊന്നും ഞാൻ പറയില്ല. തുറുപ്പുഗുലാൻ സിനിമയിലേക്ക് ആയിരുന്നു. എന്നാൽ ഞാൻ കാത്തിരുന്നിട്ടും വണ്ടി വന്നില്ല, കാര്യം തിരക്കിയപ്പോൾ ആണ് എനിക്ക് ഹാർട്ട് സർജറി ചെയ്തുകിടക്കുന്നു എന്ന് ആളുകൾ പറഞ്ഞുണ്ടാക്കിയ വിവരം അറിഞ്ഞത്. അഞ്ചുവർഷം അതോടെ പണി ഇല്ലാതെ ഇരിക്കേണ്ടി വന്നു.

x