കാത്തിരിപ്പുകൾക്കൊടുവിൽ തെന്നിന്ത്യൻ താരസുന്ദരിക്ക് മാംഗല്യം ; മായാളത്തിന്റെ മകൾ ഇനി തമിഴകത്തിന്റെ മരുമകൾ

തെന്നിന്ത്യൻ സിനിമാ ലോകത്തിൽ സൂപ്പർ താര പദവിയുള്ള ഒരേയൊരു നടിയേ ഉള്ളൂ , അത് നമ്മുടെ സ്വന്തം നയൻതാരയാണ്. പല സൂപ്പർ താരങ്ങളേക്കാൽ താരമൂല്യമുള്ള നടിയാണ് മലയാളിയായ നയൻതാര എന്ന പേരിലറിയപ്പെടുന്ന ഡയാന മറിയം കുര്യൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ഹിറ്റ് ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിൽ നിന്നും തമിഴിലേക്കും അവിടെ നിന്നും തെലുങ്കിലേക്കും എത്തിയ താരം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറി.

ആദ്യം ഗ്ലാമറസ് വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സിൽ കയറിപ്പറ്റുകയായിരുന്നു. അങ്ങനെയാണ് ലേഡി സൂപ്പർസ്റ്റാർ എന്ന പദവി പ്രേക്ഷകർ ചാർത്തി കൊടുക്കുന്നത്. മുപ്പത്തേഴുകാരിയായ നയൻ‌താര അവിവാഹിതയായി തുടരുകയായിരുന്നു ഇതുവരെ. മുൻപ് പലതവണ നയൻസ് വിവാഹിതയാകുന്നു എന്ന വാർത്തകൾ വന്നിരുന്നെങ്കിലും അതൊന്നും സത്യമായിരുന്നില്ല. പല താരങ്ങളുമായി നയൻസ് പ്രണയത്തിലാണെന്നും ഗോസിപ്പുകൾ വന്നിട്ടുണ്ടായിരുന്നു. അതിൽ ചിലതൊക്കെ സത്യമായിരുന്നെങ്കിലും അതൊന്നും വിവാഹത്തിലേക്ക് എത്തിയിരുന്നില്ല. നയൻതാരയുടെ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ ഇതുവരെ.

എല്ലാ ഗോസ്സിപ്പുകൾക്കും വിവരമിട്ടുകൊണ്ടു നിർമ്മാതാവും സംവിധായകനുമായ വിഗ്നേഷ് ശിവനുമായി നയൻതാര പ്രണയത്തിലാണെന്ന വാർത്ത സ്ഥിരീകരിക്കുകയും ഉടനെ തന്നെ വിവാഹം ഉണ്ടാകുമെന്നും പറയുകയായിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളായ ഇരുവരും ഒന്നിക്കാൻ തീരുമാനിച്ച വാർത്ത ആരാധകർ ഏറെ ആഘോഷത്തോടെയായിരുന്നു കൊണ്ടാടിയത്. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും പുറത്തു വന്നിരുന്നു. എന്നാൽ പിന്നീടും ചില പ്രശ്നങ്ങൾ ഉണ്ടായി. നയൻതാരയും വിഘ്‌നേഷും ഉടക്കി പിരിഞ്ഞെന്ന തരത്തിൽ വാർത്തകൾ പരന്നു. വിവാഹ തീയതി തീരുമാനിക്കാത്തതും ആരാധകർക്കിടയിൽ സംശയത്തിനിടയാക്കി.

എന്നാൽ എല്ലാ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു കൊണ്ട് തങ്ങളുടെ വിവാഹ തീയതി പുറത്തുവിട്ടു ഇരുവരും രംഗത്ത് വന്നതോടെയാണ് ആരാധകർക്ക് സമാധാനമായത്. ഇരുവരുടെയും എൻഗേജ്മെന്റ് ചിത്രങ്ങൾ വലിയ ആഘോഷമായാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ ആരാധകരും സിനിമാ പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന ഇരുവരുടെയും സേവ് ദ ഡേറ്റ് വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. ജൂൺ 9ന് മഹാബലി പുരത്തെ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വെച്ചായിരിക്കും ഇരുവരും മിന്നു കെട്ടുക. നേരത്തെ തിരുപ്പതിയിൽ വെച്ചാണ് വിവാഹം എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും തങ്ങളുടെ വിവാഹം മഹാബലിപുരത്ത് വെച്ചായിരിക്കും എന്ന് ഇരുവരും ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് ഇപ്പോൾ.

x