നീയൊക്കെ ജീവിച്ചിരിക്കുമ്പോൾ ആരും ശ്രദ്ധിക്കൂല ; പിന്നെ ചീഞ്ഞു നാറുമ്പോൾ ചിലപ്പോൾ ശ്രദ്ധിച്ചെന്ന് വരും

വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്‌. സിനിമ സീരിയൽ താരങ്ങൾ ഒന്നിക്കുന്ന സ്റ്റാർ മാജിക്‌ പ്രേക്ഷക ഹൃദയം കീഴടക്കി ജനപ്രിയ പരിപാടിയായും തിളങ്ങി നിന്നിരുന്നു. പരിപാടിയിൽ താരങ്ങൾ അവതരിപ്പിക്കുന്ന ഗെയിമുകൾക്കാണ് ആരാധകർ കൂടുതലും. എന്നാൽ അടുത്തിടെ പരിപാടിയിൽ ഉണ്ടായ ചില സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. കഴിഞ്ഞ ദിവസം സന്തോഷ്‌ പണ്ഡിറ്റും നവ്യ നായരും നിത്യദാസും വന്ന എപ്പിസോഡിലാണ് വിവാദങ്ങൾക്ക് തുടക്കമായത്. പരിപാടിയുടെ അവതാരകയായ ലക്ഷ്മി നക്ഷത്രയും ഗസ്റ്റ്‌ ആയി വന്ന നവ്യ നായരും നിത്യ ദാസും നടനും സംവിധായകനുമായ സന്തോഷ്‌ പണ്ഡിറ്റിനെ പരിപാടിയിൽ അപമാനിച്ചുവെന്നായിരുന്നു ആരോപണം. ഇതിനെതിരെ നിരവധിപേർ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരുന്നു.

അതിനു ശേഷം സന്തോഷ്‌ പണ്ഡിറ്റ് സോഷ്യൽ മീഡിയയിൽ അതിനെക്കുറിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമയിലെ പാട്ടുകൾക്കെതിരെയായിരുന്നു അപമാനം. സംഭവവുമായി ബന്ധപ്പെട്ട് സന്തോഷ്‌ പണ്ഡിറ്റും രംഗത്തെത്തിയിരുന്നു. അതിഥിയായെത്തിയ പരിപാടിയിൽ മറ്റ് അതിഥികൾ തന്നെ അപമാനിക്കുകയായിരുന്നുവെന്നാണ് പണ്ഡിറ്റ് പ്രതികരിച്ചത്. റേറ്റിംഗിന് വേണ്ടി ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്നും സന്തോഷ്‌ പണ്ഡിറ്റ് പറഞ്ഞിരുന്നു. എന്നാലിപ്പോൾ സ്റ്റാർ മാജിക്‌ വേദിയിൽ വെച്ച് നടനും മിമിക്രി കലാകാരനുമായ ബിനു അടിമാലിക്കെതിരെ പണ്ഡിറ്റ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വിവാദമാകുന്നത്. പണ്ഡിറ്റ്‌ പറഞ്ഞ കാര്യങ്ങൾ വീഡിയോയായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പരിപാടിയിൽ അതിഥിയായെത്തിയ നടൻ ഹരിശ്രീ അശോകനും പണ്ഡിറ്റ്‌ പറയുന്നത് കേട്ട് ഞെട്ടുന്നതായി വിഡിയോയിൽ കാണാം.

ഈ അടി ഞാൻ മലയാള സിനിമക്ക് വേണ്ടി സമർപ്പിക്കുന്നുവെന്നു പറഞ്ഞാണ് ബിനു അടിമാലി പരിപാടിയുടെ ഭാഗമായി സന്തോഷ്‌ പണ്ഡിറ്റിനെ അടിക്കാൻ ശ്രമിക്കുന്നത്. ഒരു മലയാള സിനിമയിൽ പോലും നായകനാകാത്ത, ഒരു നൂറുകോടി ചിത്രത്തിൽ പോലും അഭിനയിക്കാത്ത നീഎങ്ങനെയാണ് മലയാള സിനിമയെക്കുറിച്ച് പറയുന്നത് എന്നും നീ മിമിക്രിക്കാർക്ക് വേണ്ടി ജീവിതം സമർപ്പിക്കുവെന്നും സന്തോഷ്‌ പണ്ഡിറ്റ് പറയുന്നു. എന്നാൽ ഞാനിത് മലയാള സിനിമക്ക് വേണ്ടിയാണു സമർപ്പിക്കുന്നതെന്നു ബിനു അടിമാലി വീണ്ടും ആവർത്തിച്ചു. മിമിക്രിക്കാർക്ക് കൊടുക്കണോ അതോ സിനിമക്ക് കൊടുക്കണോ എന്നത് തന്റെ ഇഷ്ടമാണെന്നും താൻ എത്രയോ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നും ബിനു അടിമാലി പറയുന്നു. നീയൊന്നും ജീവിച്ചിരിക്കുമ്പോൾ ഒരുത്തനും ശ്രദ്ധിക്കില്ല, ചത്താൽ ചിലപ്പോൾ ശ്രദ്ധിച്ചെന്നു വരും, ചില ജീവികളൊക്കെ അങ്ങനെയാണ് ചത്ത് ചീഞ്ഞു നാറ്റമടിക്കുമ്പോഴേ മറ്റുള്ളവർ ശ്രദ്ധിക്കൂ. ആ നാറ്റം മറ്റുള്ളവർക്ക് സുഗന്ധമായി മാറാമെന്നും പണ്ഡിറ്റ് പറയുന്നു. ഇതുകേട്ട അതിഥിയായെത്തിയ ഹരിശ്രീ അശോകനും സഹതാരങ്ങളും ആശ്ചര്യത്തോടെ നോക്കുന്നതും വിഡിയോയിൽ കാണാൻ സാധിക്കും.

ബിനു അടിമാലിയും ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഞാൻ 100 കോടി രൂപയുടെ പടത്തിലോ, നായകൻ ആയോ, അഭിനയിച്ചിട്ടില്ലാത്ത ഒരു പാവപ്പെട്ട മിമിക്രി കലാകാരനാണ്. സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്യുന്നുണ്ട് . നിങ്ങൾക്കും അറിയാം. എന്ന് ഞാൻ വിശ്വസിക്കുന്നു. 100 കോടി കളക്ട് ചെയ്ത പടത്തിലെ നായകൻ എന്നെപ്പറ്റി അത് പറയുമ്പോൾ അതു കേട്ട് നിശബ്ദനായി നോക്കി നിൽക്കാനേ എനിക്ക് കഴിയൂ. ഇത് ഒരു ഷോയുടെ ഭാഗമാണെന്ന് സ്റ്റാർ മാജിക് കാണുന്ന ആർക്കും മനസ്സിലാകും. ദയവായി ഇതിനെ ആ സെൻസിൽ മാത്രം എടുക്കുക എന്നാണ് ബിനു അടിമാലി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇതോടെ സോഷ്യൽ മീഡിയയിലെല്ലാം ഈ വീഡിയോ വയറലായി കഴിഞ്ഞു. വീഡിയോ പ്രചരിച്ചതോടെ നിരവധി പേർ സന്തോഷ്‌ പണ്ഡിറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ വീഡിയോ യാഥാർത്ഥമാണോ പരിപാടിയുടെ ഭാഗമായുള്ളതാണോ എന്ന് വ്യക്തമല്ല. ഏതായാലും നിരവധി ആരാധകരുള്ള സ്റ്റാർ മാജിക്‌ എന്ന പരിപാടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വിവാദമായി കത്തിനിൽക്കുകയാണ്. നിരവധി തവണ സ്റ്റാർ മാജിക്കിൽ സന്തോഷ്‌ പണ്ഡിറ്റ് അതിഥിയായി വന്നിട്ടുമുണ്ട്. ജനപ്രിയ പരിപാടിയിൽ ബോഡി ഷൈമിങ് നടത്തുന്നുണ്ട് എന്ന് നേരത്തെ തന്നെ ആരോപണമുണ്ട്.

x