ഞാൻ നാല് തവണ കല്യാണം കഴിച്ചു, അതൊക്കെ മനസ്സിൽ അപ്പോൾ തോന്നുന്ന ഒരിഷ്ടമാണ്, വലിയ പ്രയാസമൊന്നും ഉള്ള കാര്യമല്ലല്ലോ, ഇത് ചിലപ്പോൾ പി.എസ്.സി പരീക്ഷയ്‌ക്കൊക്കെ ചോദ്യമായി വന്നേക്കാം; വിനോദ് കോവൂർ

ഹാസ്യ പാരമ്പരകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികൾക്ക് സുപരിചിതനായ നടനാണ് വിനോദ് കോവൂർ. എം 80 മൂസ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് വിനോദ് ഏറെ ശ്രദ്ധയാകർഷിച്ചത്. നാടക രംഗത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്. ഇപ്പോഴിതാ നാല് തവണ വിവാഹം കഴിച്ചതിന് പിന്നിലെ കഥ പങ്കുവെച്ചിരിക്കുകയാണ് വിനോദ് കോവൂർ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ നാല് തവണ കെട്ടി. അതൊക്കെ മനസ്സിൽ അപ്പോൾ തോന്നുന്ന ഒരിഷ്ടമാണ്. വലിയ പ്രയാസമൊന്നും ഉള്ള കാര്യമല്ലല്ലോ. ഇത് ചിലപ്പോൾ പി.എസ്.സി പരീക്ഷയ്‌ക്കൊക്കെ ചോദ്യമായി വന്നേക്കുമെന്ന് ഒരിക്കൽ ജഗദീഷ് പറഞ്ഞിട്ടുണ്ട്. സ്വന്തം ഭാര്യയെ നാല് തവണ കെട്ടിയ കലാകാരൻ ആരാണെന്ന് ഒക്കെ ചോദ്യം വരും. ഒരു ആഗ്രഹത്തിന്റെ പുറത്തു നടന്നതാണ്’.

‘ആദ്യത്തെ കല്യാണം ഞാൻ ആഗ്രഹിച്ചത് പോലെ ആയിരുന്നില്ല. കാർന്നോന്മാർ എല്ലാവരും കൂടി നടത്തിയ കല്യാണമായിരുന്നു. നമുക്ക് ഒന്നും പറയാൻ കഴിയില്ലായിരുന്നു. എനിക്ക് ഗുരുവായൂർ അമ്പലത്തിൽ വെച്ച് കല്യാണം കഴിക്കണം എന്നായിരുന്നു ആഗ്രഹം. അത് നടന്നില്ല. ഈ ഒരു കല്യാണമേ കഴിക്കാൻ സാധിക്കൂ എന്നാണ് ഞാൻ കരുതിയത്. പിന്നീട് ഒരു സ്വാമിജിയാണ് എന്നോട് പറഞ്ഞത്, അങ്ങനെയൊരു ആഗ്രഹം ഉണ്ടെങ്കിൽ ഗുരുവായൂർ പോയി വിവാഹം കഴിച്ചോളൂ എന്ന്’,

അതിന് സാധിക്കുമോ എന്ന് ഞാൻ ചോദിച്ചപ്പോൾ ആയിരം രൂപ കെട്ടിയാൽ ആർക്കും വിവാഹം കഴിക്കാം രണ്ടു സാക്ഷികൾ വേണമെന്നേ ഉള്ളൂ എന്ന് പറഞ്ഞു. അടുത്ത വെഡിങ് ആനിവേഴ്‌സറിക്ക് തന്നെ ഗുരുവായൂർ പോയി ഞാൻ വിവാഹം കഴിച്ചു. പിന്നീട് രാമേശ്വരത്ത് പോയപ്പോൾ ഇതുപോലെ വിവാഹം കഴിച്ചു. പിന്നീട് മൂകാംബികയിൽ വെച്ചാണ് വീണ്ടും വിവാഹം കഴിക്കുന്നത്’, വിനോദ് കോവൂർ പറഞ്ഞു. അഞ്ചാമത് കൂടി വിവാഹം കഴിക്കാൻ പ്ലാനുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ എന്തെങ്കിലും സാഹചര്യം ഒത്തുവന്നാൽ ആകാമെന്നായിരുന്നു നടന്റെ മറുപടി.

x