ഭിക്ഷ യാചിച്ചും സെക്‌സ് വര്‍ക്കും ചെയ്ത് പണം ഉണ്ടാക്കി സര്‍ജറി ചെയ്തു ; അവര്‍ എന്നെ പടിയടച്ചു പിണ്ഡം വെച്ചു മനസ് തുറന്ന് ദീപ്തി കല്യാണി

സ്ഫടികത്തിലെ സില്‍ക്ക് സ്മിതയുടെ ലുക്ക് പുനരാവിഷ്‌കരിച്ച ഫോട്ടോഷൂട്ടിലൂടെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിയ മോഡലും ട്രാന്‍സ്‌ജെന്‍ഡറുമാണ് ദീപ്തി കല്യാണി. ‘ഇന്ത്യന്‍ സിനിമയില്‍ ഇത്രയധികം ആരാധകരെ സമ്പാദിച്ച ഒരു അഭിനേത്രി ഉണ്ടാകില്ല, അതെ സില്‍ക്ക് സ്മിത എന്ന മാദകസൗന്ദര്യം, ഇന്നും നമ്മള്‍ മലയാളികള്‍ മനസ്സില്‍ സൂക്ഷിക്കുന്നു, ഒരു അര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എനിക്ക് അവരുടെ വേഷം എത്രത്തോളം ചേരും എന്നറിയില്ല, എങ്കിലും ഒരു പരീക്ഷണമായിരുന്നു, ഇന്നും ഈ നടിയോടു അസൂയയാണ്’, എന്ന കുറിപ്പോടെയായിരുന്നു ദീപ്തി മേക്കോവര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചത്.

ഇപ്പോഴിതാ ദീപ്തിയുടെ ജീവിതത്തെക്കുറിച്ച് പറയുന്ന അഭിമുഖമാണഅ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച ചെയ്യുന്നത്. സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാര്‍പെറ്റ് എന്ന ഷോയില്‍ ആയിരുന്നു ദീപ്തി മനസ് തുറന്നത്. ബാല്യകാലം വളരെ അധികം വേദനകള്‍ നിറഞ്ഞതായിരുന്നുവെന്നും തന്റെ സ്‌ത്രൈനത കണ്ട് ആളുകളെല്ലാം കളിയാക്കാറുണ്ടെന്നും ദീപ്തി പറയുന്നു. ഒരു ദിവസം സ്‌കൂളില്‍ പോകുന്ന വഴി കുറച്ച് ആളുകള്‍ വന്ന് പരസ്യമായി തന്റെ യൂണിഫോം പൊക്കി നോക്കിയെന്നും ദീപ്തി പറഞ്ഞു.

”എന്റെ ചേട്ടന്‍ എന്നും എന്നെ ഉപദ്രവിക്കുമായിരുന്നു. കാരണമെന്തെന്നാല്‍ നിന്റെ അനിയന്‍ ഇങ്ങനെ ആണോ എന്ന് കൂട്ടുകാരെല്ലാം ചേട്ടനെ കളിയാക്കുമായിരുന്നു. അത് കേട്ടാണ് വീട്ടില്‍ വന്ന് എന്നെ ഉപദ്രവിച്ചിരുന്നത്. പിന്നെ എന്നെ പടിയടച്ച് പിണ്ഡം വെച്ചു. പോകാന്‍ എനിക്ക് വേറെ സ്ഥലമൊന്നും ഉണ്ടായിരുന്നില്ല. ആക്കാലത്ത് ഗുരുവായൂര്‍ ബസ് സ്റ്റാന്റില്‍ വെറും നിലത്ത് ന്യൂസ് പേപ്പര്‍ വിരിച്ചു കിടന്നുറങ്ങിയിട്ടുണ്ട്. അങ്ങനെ ഒരു ദിവസം ശീതള്‍ എന്നെ കണ്ടുപിടിക്കുകയും അവള്‍ക്കൊപ്പം ഞാന്‍ ബാംഗ്ലൂരിലേക്ക് പോകുകയും ചെയ്തു. അവിടെ എത്തിയപ്പോള്‍ തന്നെ പൂര്‍ണമായി സ്ത്രീ ആവാന്‍ ഞാന്‍ ഉറച്ച് തീരുമാനം എടുത്തു.

പിന്നീട് അങ്ങോട്ട് അതിനു വേണ്ടി പണം സമ്പാദിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. അതിനായി പണം സമ്പാദിക്കാൻ എല്ലാ വഴികളും നോക്കി, പക്ഷെ ആരും ജോലി തന്നില്ല. തെരുവുകളിലൂടെ നടന്ന് ഭിക്ഷ യാചിച്ചും സെക്‌സ് വര്‍ക്ക് ചെയ്തും പണം ഉണ്ടാക്കി. ഞാന്‍ ഉണ്ടാക്കിയ പണംകൊണ്ട് സര്‍ജറി ചെയ്തു. ഞാനിപ്പോള്‍ ഒരു പൂര്‍ണ സ്ത്രീ ആയി. മാഗസിനില്‍ കവര്‍ ഗേള്‍ ആയതിനു ശേഷം എന്റെ വീട്ടുകാര്‍ എന്നെ സ്വീകരിച്ചു. ഒന്നുകില്‍ ആണായി ഈ വീട്ടില്‍ താമസിക്കുക ഇല്ലെങ്കില്‍ പെണ്ണായി ജീവിക്കുക എന്ന് പറഞ്ഞു എന്നെ വീട്ടില്‍ നിന്ന് ഇറക്കി വിട്ട ഏട്ടനോട് ഞാന്‍ ചോദിച്ചു, ‘ഞാന്‍ ഇപ്പോള്‍ പെണ്ണാണ്, എന്നെ ഒരു അനിയത്തിയായി സ്വീകരിക്കാമോ?’. എന്റെ കാലില്‍ വീണു ചേട്ടന്‍ കരഞ്ഞു ” ദീപ്തി പറഞ്ഞു.

ആദ്യമൊക്കെ ഒരുപാട് കഷ്ടപെട്ടെങ്കിലും ഇപ്പോള്‍ ജീവിതത്തില്‍ സന്തോഷങ്ങള്‍ മാത്രമാണ്. അറ് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നു. ഇപ്പോള്‍ ആദ്യമായി ഞാന്‍ നായിക വേഷത്തില്‍ എത്തുന്ന സിനിമയുടെ തിരക്കുകളില്‍ ആണെന്നും ദീപ്തി പറയുന്നു.

x