ദൂരദർശനിലെ പ്രിയ അവതാരിക ഹേമലതയെ ഓർമയില്ലേ? 30 വർഷങ്ങൾക്കിപ്പുറവും പഴയ സൗന്ദര്യത്തോടെയും ചുറുചുറുക്കോടെയും അവർ ഇവിടുണ്ട്

ഒരുകാലത്തു മലയാളികളുടെ പ്രിയപ്പെട്ട ചാനലായിരുന്നു ദൂരദർശൻ. ദൂരദർശനിൽ വാർത്ത വായിച്ചിരുന്ന തങ്ങളുടെ പ്രിയ അവതാരിക ഹേമലതയെ മലയാളി പ്രേക്ഷകർ മറക്കാനിടയില്ല. വാർത്താ ചാനലുകളുടെ മത്സരങ്ങൾ ഇല്ലാതിരുന്ന അക്കാലത്തു പൊടിപ്പും തൊങ്ങലും ചേർക്കാതെ സത്യസന്ധമായി അക്ഷര സ്പുടതയോടെ വാർത്ത വായിച്ചിരുന്ന ഹേമലത . തന്റെ മുന്നിലിരിക്കുന്ന പേപ്പറുകൾ മാറ്റിവെച്ച് നേരെ നോക്കി വാർത്ത വായിക്കുന്ന ഹേമലത ഒരു അത്ഭുതം തന്നെയായിരുന്നു . മുപ്പത് വർഷങ്ങൾക്കിപ്പുറം ഇന്നും പ്രേഷകരുടെ മനസ്സിൽ മായാത്ത മുഖമായി ഹേമലത ഉണ്ട്.

കേരളത്തിലെ ആദ്യത്തെ ദൃശ്യ മാധ്യമ പ്രവർത്തകരിൽ പ്രധാനിയായിരുന്നു ഹേമലത. ദൂരദർശനിൽ നിന്നും വിരമിച്ച ശേഷം പിന്നെ ആരും ഹേമലതയെ കണ്ടിട്ടില്ല. ഒരിക്കലും പ്രായമാകാത്ത അവതാരിക എന്ന് പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്ന അവതാരിക ആയിരുന്നു ഹേമലത. ആദ്യം കണ്ട സൗന്ദര്യത്തോടെയും ചുറുചുറുക്കോടെയും തന്നെയാണ് ഹേമലതയെ അവസാനം വരെയും പ്രേക്ഷകർ കണ്ടിട്ടുള്ളത്. ഇടക്കൊക്കെ ചില ട്രോളുകളിൽ അവതാരകാരിലെ മമ്മൂട്ടി എന്ന തരത്തിൽ ഹേമലതയുടെ ചിത്രങ്ങൾ വരാറുണ്ട്. അതൊക്കെ കാണുമ്പോൾ ഹേമലത ഇപ്പോൾ എവിടെയായിരിക്കും എന്ന് ചിന്തിക്കാത്ത ഒരു മലയാളിയും ഉണ്ടാകില്ല.

 

 

എന്നാൽ കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ മാധ്യമം ഹേമലതയെ കണ്ടെത്തി. 30 വർഷങ്ങൾക്കിപ്പുറവും പഴയ ചുറുചുറുക്കോടെ സുന്ദരിയായി തന്നെയാണ് ഹേമലത ഇപ്പോഴും. 30 വർഷത്തോളം ദൂരദർശനിൽ ജോലി ചെയ്ത ഹേമലത പിന്നീട് ഒരുപാടു അവസരങ്ങൾ വന്നെങ്കിലും അതിൽ നിന്നൊക്കെ മാറി നിൽക്കുകയായിരുന്നു. താൻ തുടക്കം കുറിച്ചത് ദൂരദർശനിൽ ആയിരുന്നു എന്നും എന്നെ ആളുകൾ തിരിച്ചറിയാൻ കാരണം ദൂരദർശൻ ആയതുകൊണ്ട് തന്നെ ദൂരദർശൻ വിട്ട് പോകാൻ തോന്നിയില്ല എന്നും ഹേമലത പറയുന്നു.

താൻ പഠിച്ചത് കണക്കാണ് , എന്നും കൃത്യമായി പത്രം വായിക്കുമെന്നതൊഴിച്ചാൽ ജേര്ണലിസവുമായി തനിക്കു യാതൊരു ബന്ധവും ഇല്ലായിരുന്നു എന്ന് ഹേമലത പറയുന്നു. ഒരിക്കൽ ആകാശവാണിയിലെ ദൂരദർശൻ ഇലേക്ക് വാർത്താ അവതാരകരെ ആവശ്യമുണ്ട് എന്ന പരസ്യം കേട്ട അമ്മയാണ് തന്നോട് ജോലിക്ക് അപേക്ഷിക്കാൻ പറയുന്നത്. അങ്ങനെയാണ് താൻ ഈ മേഖലയിലോട്ടു എത്തുന്നതെന്ന് ഹേമലത പറയുന്നു. വാർത്ത അവതാരക എന്ന നിലക്ക് തനിക്ക് ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് ആണ് അന്ന് ലഭിച്ചിരുന്നത്. ഒരിക്കൽ ദൂരദർശൻ കാണാനെത്തിയ കുറേ കുട്ടികൾ എന്നോട് ഞങ്ങൾ ഒന്ന് തൊട്ടോട്ടെ എന്ന് ചോദിച്ചത് അത്ഭുതത്തോടെയാണ് കണ്ടത്. അത്തരം അനുഭവങ്ങൾ ഒന്നും ഇന്നും മറന്നിട്ടില്ല. പുറത്തിറങ്ങുമ്പോഴും ജനങ്ങൾക്കിടയിൽ തനിക്ക് പ്രത്യേക സ്ഥാനം ലഭിച്ചിരുന്നു എന്നും ഹേമലത പറയുന്നു.

ദൂരദർശനിൽ തന്നെ വാർത്താ അവതാരകൻ ആയിരുന്നു ജി ആർ കണ്ണനെ ആണ് ഹേമലത വിവാഹം കഴിച്ചത്. ഒരു മകൾ ഉണ്ട് പൂർണിമ. മകൾ ഇപ്പോൾ ചെന്നൈയിൽ പഠിക്കുകയാണ്. തിരുവനന്തപുരത്തു തന്നെയാണ് കുടുംബസമേതം ഹേമലത താമസിക്കുന്നത്. ഭർത്താവ് ജി ആർ കണ്ണൻ ഇപ്പോഴും ദൂരദർശിലാണ് ജോലി ചെയ്യുന്നത്. ആകാശവാണിയിൽ തന്റെ ശബ്ദമാധുര്യം കൊണ്ടും അവതരണ ശൈലി കൊണ്ടും മലയാളി മനസ്സ് കീഴടക്കിയ ടി പി രാധാമണി ആണ് ജി ആർ കണ്ണന്റെ മാതാവ്. റേഡിയോ അമ്മാവൻ എന്ന പേരിൽ അറിയപ്പെട്ട ഗംഗാധരൻ നായർ ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ്.

ദൃശ്യ മാധ്യമ രംഗത്ത് ഇപ്പോൾ ഉണ്ടായിരിക്കുന്ന മാറ്റങ്ങളെ വളരെ പോസിറ്റീവ് ആയാണ് താൻ കാണുന്നത് എന്ന് ഹേമലത പറയുന്നു. എന്നാൽ ചാനലുകളുടെ മത്സരത്തിനിടയിൽ പലപ്പോഴും വാർത്തകളുടെ വസ്തുത ഇല്ലാതായി പോകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഹേമലത അഭിപ്രായപ്പെട്ടു. ബ്രേക്കിംഗ് ന്യൂസുകൾ ക്കും സെൻസേഷണൽ വാർത്തകൾക്കും മാത്രം പ്രാധാന്യം കൊടുത്തുള്ള റിപ്പോർട്ടിങ് ആയി മാറിപ്പോയോ എന്ന് സംശയമുണ്ട് എന്നും അവർ പറയുന്നു. കൂടാതെ വാർത്ത അവതാരകരുടെ ഭാഷയിലും ശൈലിയിലും വന്ന മാറ്റവും തന്നെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് ഹേമലത പറയുന്നു. മലയാള ഭാഷയെ യാതൊരു മയവുമില്ലാതെ കൊന്നു കളയുന്നതാണ് പലരുടെയും അവതരണ ശൈലി കാണുമ്പോൾ തോന്നുന്നത്. ഇക്കാര്യങ്ങളിൽ എന്തുകൊണ്ടാണ് ചാനൽ അധികാരികൾ കൂടുതൽ ശ്രദ്ധ ചെലുത്താത്ത എന്ന് തോന്നിയിട്ടുണ്ടെന്നും ഹേമലത അഭിമുഖത്തിൽ പറയുന്നുണ്ട്.

x