അച്ഛൻ്റെ മുഖം എന്നും കൂടെയുണ്ടാവണം എന്ന ആഗ്രഹം…സുധിയുടെ മുഖം കയ്യിൽ ടാറ്റൂ ചെയ്ത് മൂത്ത മകൻ രാഹുൽ; അച്ഛൻ എവിടെയും പോയിട്ടില്ല കുഞ്ഞേ നിൻ്റെ കൂടെത്തന്നെയുണ്ടെന്ന് പ്രേക്ഷകർ

മിമിക്രി വേദികളിൽ നിന്നും സിനിമയിലേക്കെത്തി മലയാളികളെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച കലാകാരൻ സുധിയുടെ അപ്രതീക്ഷിത വിയോഗത്തിൽ നിന്നും മോചിതരാവാൻ ആരാധകർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. സ്റ്റാർ മാജിക് വേദികളിൽ ഇനി സുധി ഇല്ല എന്നത് ഉൾക്കൊള്ളാൻ സഹതാരങ്ങൾക്കും കഴിഞ്ഞിട്ടില്ല. വ്യക്തി ജീവിതത്തിലെ വേദനകൾക്കിടയിലും ആളുകളെ ചിരിപ്പിക്കാൻ സുധി കാണിച്ചിരുന്ന കഴിവ് മരണം അദ്ദേഹത്തെ കവർന്നെടുക്കുന്നതിന്റെ തൊട്ട് മുൻപുള്ള ദിവസം വരെയും അദ്ദേഹം തുടർന്നിരുന്നു. ഒരു കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്ന സുധിയുടെ വേർപാടിൽ നിന്നും അദ്ദേഹത്തിന്റെ ഭാര്യയും രണ്ടു മക്കളും കരകയറിയിട്ടില്ല. സുധി ഇല്ലാത്ത ഓരോ ദിവസവും മരണത്തിന് തുല്യമാണെന്ന് ഭാര്യ രേണു പറഞ്ഞിരുന്നു.

ഇപ്പോഴിതാ അച്ഛന്റെ മുഖം എന്നും കൂടെയുണ്ടാവണം എന്ന ആഗ്രഹം സുധിയുടെ മൂത്ത മകൻ രാഹുൽ നിറവേറ്റിയിരിക്കുകയാണ്. അച്ഛന്റെ മുഖം രാഹുൽ ദാസ് എന്ന സുധിയുടെ മകൻ കിച്ചു കയ്യിൽ ടാറ്റൂ ചെയ്തിരിക്കയാണ്. ദി ഡീപ് ഇങ്ക് ടാറ്റൂസ് ആണ് കിച്ചുവിന്റെ കയ്യിൽ സുധിയുടെ മുഖം ടാറ്റൂ ചെയ്ത് നൽകിയിരിക്കുന്നത്. സ്റ്റാർ മാജിക് വേദിയിൽ ഒരിക്കൽ സുധി താൻ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും അമ്മയില്ലാത്ത മൂത്തമകനെ വളർത്താൻ താൻ അനുഭവിച്ച യാതനകളെക്കുറിച്ചും തുറന്നു പറയുന്ന ഒരു വീഡിയോ വൈറൽ ആയിരുന്നു. അതിൽ സുധി പറയുന്ന വാക്കുകളും ശിക്കാരി ശംഭു എന്ന സിനിമയിലെ താരം പതിപ്പിച്ച കൂടാരം എന്ന പാട്ടിലെ “വാനം പോലെ ഒരു നൂറു കൈ നീട്ടി മാറിൽ ചേർക്കാം നിറതിങ്കളായി, ഏതോ ഒരു വിധിയാൽ മുന്നിൽ ഇരുൾ മൂടിയാൽ അകലെ നീ പോയാലും നിഴലാവാം ഞാൻ” എന്ന വരികൾ കൂടി കോർത്തിണക്കിയാണ് കിച്ചു കയ്യിൽ ടാറ്റൂ ചെയ്യുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. അർത്ഥവത്തായ ആ വരികളും സുധിയുടെ ഫോട്ടോയും കാണുമ്പോൾ ആരാധകരിലും കണ്ണു നിറയുകയാണ്.

കൈക്കുഞ്ഞായിരുന്ന കിച്ചുവിനെ ഉപേക്ഷിച്ചു അമ്മ പോയപ്പോഴും സുധി തളർന്നിരുന്നില്ല. കിച്ചുവിന്റെ അച്ഛനും അമ്മയുമായി പിന്നീടങ്ങോട്ട് സുധി മാറുകയായിരുന്നു. പരിപാടിയ്ക്ക് പോകുന്ന സ്ഥലങ്ങളിൽ സ്റ്റേജിന് പുറത്ത് കുഞ്ഞിനെ ഉറക്കി കിടത്തിയിട്ടാണ് സുധി പരിപാടി അവതരിപ്പിച്ചിരുന്നത്. അഞ്ചു വയസൊക്കെ ആയപ്പോൾ മുതൽ അച്ഛനൊപ്പം സ്റ്റേജിൽ കയറുന്ന കിച്ചു കർട്ടൻ പിടിക്കാനൊക്കെ തുടങ്ങി എന്ന് സുധി പറഞ്ഞിട്ടുണ്ട്.

ജീവിതത്തിൽ സുധിയും കിച്ചുവും അനുഭവിച്ച ദുഖങ്ങൾക്കിടയിലേക്ക് സന്തോഷവുമായി കടന്നുവന്നയാളാണ് രേണു. കിച്ചു തന്റെ മകനല്ല എന്ന് പറയുന്നത് കേൾക്കാൻ പോലും രേണുവിന് ഇഷ്ടമല്ല എന്ന് സുധി പല വേദികളിലും പറഞ്ഞിട്ടുണ്ട്. റിതുൽ എന്ന ഒരു കുഞ്ഞനിയൻ കൂടി ജനിച്ചതോടെ സന്തോഷത്തോടെ ജീവിച്ചിരുന്ന കിച്ചുവിന്റെ ജീവിതത്തിലെ സന്തോഷങ്ങൾ വിധി തട്ടിയെടുക്കുംപോലെ ആയിരുന്നു അച്ഛന്റെ അപ്രതീക്ഷിത വിയോഗം.സ്വന്തമായി ഒരു വീട് എന്ന സ്വപ്നവും മക്കളുടെ ഭാവി സുരക്ഷിതമാക്കണം എന്ന ആഗ്രഹവും ബാക്കി നിർത്തി ആയിരുന്നു സുധി വിടപറഞ്ഞത്. സുധി ഇനി ഇല്ല എന്ന സത്യം മനസിലാക്കി രണ്ടു മക്കളെയും ചേർത്തു പിടിച്ചു ജീവിതം മുന്നോട്ട് ജീവിച്ചു തീർക്കാൻ സുധിയുടെ വാവൂട്ടന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കാത്ത ആരും ഉണ്ടാവില്ല.

കിച്ചുവിന്റെ വീഡിയോയ്ക്കു താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ” നീ പിടിച്ചെടുക്കും ടാ, അച്ഛന് കിട്ടാതെ പോയ അംഗീകാരങ്ങൾ ഒക്കെയും. നിന്റെ മുഖത്ത് അത് കാണാൻ കഴിയുന്നുണ്ട് മോനെ”, “ഇങ്ങിനെ തളർന്നു പോകല്ലേ മോനെ, കാണുമ്പോൾ ചങ്കു പൊട്ടുകയാണ്, നിന്റെ ചിരിക്കുന്ന മുഖം കാണാൻ കാത്തിരിക്കുന്നു”, “അച്ഛൻ എവിടെയും പോയിട്ടില്ല കുഞ്ഞേ നിന്റെ കൂടെത്തന്നെയുണ്ട്” എന്നിങ്ങനെ നിരവധി കമന്റുകളിലൂടെയാണ് ആരാധകർ ദുഃഖം പങ്കുവയ്ക്കുന്നത്.

Articles You May Like

x